“വല്ലതും ഒക്കെ കേറ്റുന്നത് നിർത്തിക്കൂടെ ഒന്ന് …ഇന്നലെ നീ ആരയോ??? അനു…ഹാ അവളെ വിളിക്കണ കേട്ടു അതാ ചോദിച്ചത്..ഓർമയുണ്ടാവില്ലെന്ന് അറിയാം .” ഐറ സാധനിലയിൽ പറഞ്ഞു പുറത്തേക്ക് നോക്കി നിന്നു.
ഞാൻ ഫോൺ തപ്പി. അവസാന കാൾ ചെറിയമ്മയുടെ. തല പെരുത്തു.. ഞാനെന്താ പറഞ്ഞത്.?? അവളെന്താ എന്നോട് പറഞ്ഞത്?? അര മണിക്കൂറോളം സംസാരിച്ചിട്ടുണ്ട്. ഓർത്തു നോക്കി.. ചെറിയ തളർച്ച പോലെ. സൈഡിൽ ചെയറിൽ ഇരുന്നു. തലകുടഞ്ഞാലോചിച്ചു കിട്ടീല്ല. പ്രാന്ത് കേറി. അറിയാതെ കരഞ്ഞു പോയി. മുടിയിലൂടെ മെല്ലെ തഴുകി കൈയ്യെത്തി, കവിളിൽ ഒലിച്ച കണ്ണീർ ഒപ്പി. ഐറ മുന്നിൽ ഇരുന്നു.
“ന്തിനാ ഇങ്ങനെ വിഷമിക്കണത്?…. ഓരോന്ന് വലിച്ചു കേറ്റണത് മറക്കാനാണെന്ന് അറിയാം ന്നാലും ഇത്തിരി കൂടി പോവണില്ലേ??” ഐറ എന്റെ ഉള്ളം കൈയ്യിലെ മുറിയിൽ തഴുകി സ്നേഹത്തോടെ പറഞ്ഞു.വീണു പോവുന്നു ആ സ്നേഹത്തിൽ.വേണ്ടാന്ന് പറഞ്ഞു നോക്കി..ഇന്നലത്തെ കാൾ ആയിരുന്നു മനസ്സിൽ.
“ഞാൻ എന്താ ഇന്നലെ പറഞ്ഞത്?? ഫോണിൽ ” ചോദിച്ചു. ഐറ മുഖമുയർത്തി എന്നെ നോക്കി.. ചുണ്ട് രണ്ടും അമർത്തി.. നിസ്സഹായ ആയി അറിയില്ലെന്ന് കാട്ടി. ഞാൻ വീണ്ടും തല താഴ്ത്തി.. എന്തിനാ കരയുന്നത്. അവളെ ഓർത്തിനി കരയില്ലെന്ന് ഉറപ്പിച്ചതല്ലേ??..കണ്ണ് തുടച്ചു.. മുന്നിൽ ഐറ ചിരിച്ചു.
“നീ വല്ല്യ സ്ത്രീ വിരോധി ആയിട്ട്.. ഇന്നലെ എന്തായിരുന്നു പണി… ഹീറിന് നിന്നെ പറ്റി പറയാനേ നേരമുണ്ടായുള്ളു. അയ്യേ അവളുടെ കയ്യീന്ന് വരെ അടി വങ്ങിയില്ലേ നീ….അയ്യയ്യേ………”ഐറയുടെ മറ്റൊരു രൂപം..
പൊട്ടിക്കാളി പെണ്ണ്.കളിയാക്കാണ്.ചിരിച്ചു പോയി.. കൂടെ അവളും ചിരിച്ചു.
കണ്ണെല്ലാം ഒപ്പിച്ചു നേരെയായപ്പോ.. നെറ്റിയിൽ ഒരുമ്മ തന്നു. എന്തിനാണെന്ന് ചോദിക്കാൻ ആഞ്ഞപ്പോ.. ചുണ്ടിൽ കൈ വെച്ചു മിണ്ടരുതെന്ന് കാട്ടി.കണ്ണുരുട്ടി.
അജിൻ വന്നു.. മസാലദോശ താഴെ നിന്ന് എറിഞ്ഞു തന്ന് .ഇപ്പൊ വരാമെന്ന് പറഞ്ഞു അവന് വീണ്ടും മുങ്ങി.
ഐറക്ക് എന്തോ മാറ്റം തോന്നി. വല്ലാത്ത സന്തോഷം പോലെ അവൾക്ക്. എന്തിനെന്ന് മനസ്സിലായില്ല.അവളോടുള്ള സമീപനവും എനിക്ക് മാറി എന്ന് തോന്നി.. കിട്ടിയ ദോശ വിഴുങ്ങി എന്റെതിൽ കയ്യിടാൻ വന്നപ്പോ തന്നെ ഞാൻ ഉറപ്പിച്ചു. ഇവൾ എന്തിനോ ഉള്ള പുറപ്പാടാണെന്ന്.. പക്ഷെ നേരത്തെപോലെ ചീത്ത പറയാനോ, മുഖം ചുളിക്കാനോ തോന്നിയില്ല.