അതൊരു പതിവായി. ദിവസങ്ങള്‍ പോയി .ഇടക്ക് ബോധമുള്ളപ്പോ എന്തെങ്കിലുമൊക്കെ മനസ്സിൽ വരും, അമ്മയെ കാണാൻ തോന്നും, എന്റെ മുറിയിലെ തണുപ്പും മണവും ആസ്വദിക്കാൻ തോന്നും.അചന്‍റെ ചിരി കാണും. ചെറിയമ്മയുടെ മുഖം മിന്നി മായും… എല്ലായ്പോഴും വൈകുന്നേരങ്ങളിൽ.. ചുവന്ന ആകാശവും ,കത്തി വരുന്ന തെരുവുവിളക്കുകളും, വീട്ടിലേക്ക് ആളുകൾ മടങ്ങുന്നതും, ട്രെയിനിന്റെ ചൂളം വിളിയു മനസ്സിനെ തൊടുമ്പോ ഒന്ന് ആടിയുലയും… അജിൻ തന്ന ചുരുട്ട് ഒന്നാഞ്ഞു വലിക്കും… ശരീരം നേർത്ത ഒരു തൂവൽ പോലെ പറന്നുയരും… എല്ലാം മറക്കാൻ നല്ല മാർഗം.,
ഹീർ ഭക്ഷണവും കൊണ്ട് വരും, ചെറിയ പെണ്ണ് ഡിഗ്രി രണ്ടാം വർഷം.. അവൾക്ക് കയ്യിൽ എന്തേലും ണ്ടേൽ കൊടുക്കും നൂറോ, ഇരുന്നൂറോ. അവളുടെ അനിയൻ പാഞ്ചിക്ക് ഞാൻ ഇടക്ക് കൊടുത്ത പൈസ എടുത്ത് വെച്ചൊരു ഷർട്ട് വാങ്ങിക്കൊടുത്തെന്ന് പറഞ്ഞപ്പോ.. കണ്ണ് നിറഞ്ഞു.
ഒരു ദിവസം ഉച്ചക്ക് പുതിയ ഷർട്ടിട്ടവന്‍ കാണാൻ വന്നു. അവന്റെ ചേച്ചിയുടെ ഒപ്പരം.അഞ്ചിൽ പഠിക്കുന്ന ചെക്കന് .അവരുടെ സ്നേഹം. അവളെ പോലെ തന്നെ നിഷ്കളങ്കമായ ചിരി. അജിൻ അവനെയും കൊണ്ട് ബൈക്കിൽ പറന്നു ചോക്ലേറ്റസ് വാങ്ങി കൊടുത്തു.ഹീർ എന്റെ ഫോണിൽ ഫോട്ടോ നോക്കി നിൽക്കും.. എല്ലാരേയും നോക്കി ആരാണെന്നൊക്കെ ചോദിക്കും.അവൾക്ക് ഫോണില്ല.ഒന്നുണ്ടായിരുന്നുന്നത് കേടായി പിന്നെ ഒന്ന് വാങ്ങി കൊടുത്തില്ല പോലും.കൂട്ടുകാരിയുടെ കയ്യിലുണ്ട് ഇതുപോലെ ഒന്ന് എന്നവൾ ഇടക്കിടക്ക് പറയും.
പൈസക്ക് എനിക്ക് ബുദ്ധിമുട്ട് ണ്ടായില്ല അജിൻ മടിയൻ സൈറ്റിൽ പോവില്ല… പകരം ഞാൻ ചെന്നു. കണ്ണിൽ പൊടി ഇടൽ.പകരം എന്‍റെ ചിലവ് അവന്‍ നോക്കി .ക്ലബ്ബിൽ ലഹരി പൊടിഞ്ഞു.കാർത്തിക്കിന്റെ പുതിയ കഥ എല്ലാരും കൂടെ തല്ലിപ്പൊളി ആണെന്ന് പറഞ്ഞു അവനെ സൈടാക്കി.ശരത്തേട്ടൻ മെല്ലെ പാടി.’ Golden Memories and Silver Tears’, പച്ചമലയാളം കൊണ്ടാടുമ്പോ ശരത്തേട്ടൻ ദാസേട്ടനായി… “സുറുമയെഴുതിയ മിഴികളേ…”ന്ന് ഉള്ള് തൊട്ട് പാടി .എനിക്ക് പലപ്പോഴും ബോധം ഇല്ലാതായി.
ബോധം തെളിഞ്ഞ ഒരുച്ചസമയത്ത്.ബാൽക്കാണിയിൽ തലപെരിപ്പോടെ നിന്നു.. അജിൻ മീറ്റിങ്ങിണ് പോയതാണു. വലിക്കാനൊന്നുമില്ല. ആകെയൊരശ്വസ്ഥത. ഒന്ന് രണ്ടു മിനുട്ട് കഴിഞ്ഞു ഉള്ളിലേക്ക് വലിയാൻ നോക്കിയപ്പോ ബൈക്കിന്റെ മുരളുന്ന ശബ്‌ദം.. ഒന്നല്ല മൂന്ന് ബൈക്ക്.. താഴെ നിന്ന്.. കുറച്ചു ചെക്കന്മാർ.സൈഡിൽ നിന്ന് സ്റ്റെപ്പ് ചവിട്ടി പൊളിച്ചു ആരോ വരുന്നു .. ഈ സമയത്ത് ആരാണ്?.. കരയുന്ന പോലെ തോന്നി, കിതക്കുന്നുണ്ട്.. ശബ്‌ദം അടുത്തേക്ക് വന്നു.. ഹീർ!!!