കുറച്ചു പോയപ്പോ തന്നെ ടെക്ക് ടീം വീണ്ടും വിളിച്ചു.
“സർ MLA കമ്മിഷണറുടെ വീട്ടിലേക്ക് പോന്നിട്ടുണ്ട്.”
സിറ്റി പോലീസ് കമ്മിഷണർ ലെനയുടെ വീട്ടിൽ ജോസും ലെനയും പൊരിഞ്ഞ ചർച്ചയിലാണ്. ഇരു ചെവിയറിയാതെ അന്നയെ അർജ്ജുവിൻ്റെ അടുത്ത് നിന്ന് എങ്ങനെ വീണ്ടെടുക്കും. നാട്ടുകാർ അറിഞ്ഞാൽ പിന്നെ മാർക്കോസിൻ്റെ മകൻ ജോണിയുമായിട്ടുള്ള കല്യാണം മുടങ്ങും. പിന്നെ അടുത്ത കൊല്ലം നടക്കുന്ന ഇലെക്ഷനിൽ അത് വിഷയമാകും. കാര്യങ്ങൾ അറിഞ്ഞപ്പോൾ കുരിയൻ തന്നെ ഒന്നും എടുത്ത് ചാടി ചെയ്യരുത് എന്ന് ആവശ്യപ്പെട്ടു. കാരണം MLA സ്ഥാനം അയാൾക്ക് അത്ര വലുതായിരുന്നു. അയാൾ അവിടെ എത്തിയിട്ട് കാര്യങ്ങൾ തീരുമാനിക്കാം എന്ന് പറഞ്ഞു.
ഏകദേശം ഏഴു മണിയോടെ കുര്യൻ അങ്ങേരുടെ അനിയത്തിയുടെ വീട്ടിൽ എത്തി. ജോസും ഉണ്ട്. നടന്ന കാര്യങ്ങൾ അവർ പറഞ്ഞു.
“ജോസേ നീ അയച്ച ഗുണ്ടകൾക്ക് ശരിക്കും പണി കിട്ടിയോ? ഏതു ടീം ആണെന്ന് അറിഞ്ഞോ?”
“അച്ചായാ കൊച്ചി ടീംസ് ആണെന്നാണ് ജെറി പറഞ്ഞത്. ബാക്കി ഒന്നുമറിയില്ല. അവന്മാർ എൻ്റെ പരിചയത്തിലുള്ള ഹോസ്പിറ്റലിൽ കയറ്റിയിട്ടുണ്ട്.”
അങ്ങനെ ഒരു സംഭവം നടന്നതായി ലെന അറിയുന്നത് തന്നെ അപ്പോഴാണ്.
“ഈ അർജ്ജുവിൻ്റെ പെരൻറ്റ്സ് ആരാണ്? ആ മേനോൻ്റെ മരുമകളെ വിളിച്ചു അവരുടെ മുഴുവൻ ഡീറ്റെയിൽസ് എടുക്കു “
“ഇപ്പൊ ചോദിച്ചിട്ട് പറയാം അച്ചായാ”
ലെന അത് അറിയാൻ ഡയറക്ടർ മീരയെ വിളിച്ചു. അവർ ഫോൺ എടുത്തില്ല.
“അച്ചായാ അവരുറങ്ങുകയായിരിക്കും ഫോൺ എടുക്കുന്നില്ല.”
“ഇരു ചെവിയറിയാതെ നമ്മൾ അവളെ എങ്ങനെ കണ്ടു പിടിക്കും? നീ സൈബർ സെല്ലിൽ വിളിച്ചവളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കിട്ടുമോ എന്ന് നോക്കിക്കേ.”
ലെന സൈബർ സെല്ലിൽ വിളിച്ചു ഫോൺ നമ്പർ കൊടുത്തതും അവളുടെ ഫോണിലേക്ക് ADGP യുടെ കാൾ എത്തി. വേണ്ടാത്ത കാര്യങ്ങളിൽ ഇടപപെടേണ്ട എന്ന താക്കീതു. ന്യായീകരിക്കാൻ തുടങ്ങിയതോടെ ചീത്ത വിളിയും. ചീത്ത വിളി ആയിരിക്കുമെന്നത് കൊണ്ട് അവർ പുറത്തു പോയാണ് സംസാരിച്ചത്. അതോടെ കാര്യങ്ങൾ കൈ വിട്ടു പോയി എന്നവർക്ക് മനസ്സിലായി.
“അച്ചായൻ്റെ അടുത്ത് പറഞ്ഞു മുഖ്യമന്ത്രിയെ കൊണ്ട് വിളിപ്പിക്കണം ADGP യെ നിലക്ക് നിർത്തിക്കണം.”