അന്നയുടെ കാൾ ലിസ്റ്റിൽ നിന്ന് ടെക് ടീം സ്റ്റീഫൻ്റെ ഫോൺ നമ്പർ തപ്പിയെടുത്തു . പിറ്റേ ദിവസത്തേക്ക് സ്റ്റീഫനെ നേരിൽ കാണണം എന്ന് പറഞ്ഞുറപ്പിച്ച.
പിന്നെ ബീന മിസ്സിനെ കൊണ്ട് അവരുടെ പരിചയത്തിലുള്ള കാക്കനാടു തന്നെയുള്ള ഒരു വിമൻസ് ഹോസ്റ്റലിൽ ഒരു റൂം തരമാക്കി. ഇനി അന്നയെ സമ്മതിപ്പിക്കുക എന്നൊരു കടമ്പ മാത്രമേ ഉള്ളു.
ജീവയുടെ നിർദേശ പ്രകാരം പിറ്റേ ദിവസം രാവിലെ തന്നെ ജേക്കബ് അച്ചായൻ അന്നയെ കൂട്ടികൊണ്ട് വന്നു. അന്ന മടി കാണിക്കുമെന്നാണ് അച്ചായൻ വിചാരിച്ചത്. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല. ഒന്നും ചോദിക്കാതെ വണ്ടിയിൽ കയറി ഇരുന്നു. ജേക്കബ് അച്ചായന് അവളുടെ കാര്യത്തിൽ വിഷമം തോന്നി.
നേരെ ആലുവ പുഴയുടെ തീരത്തുള്ള ഒരു പുതിയ റിസോർട്ടിലേക്കാണ് പോയത്. അവിടെ സ്റ്റീഫനും അരുൺ സാറും ബീന മിസ്സും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. ബീന മിസ്സ് രാവിലെ തന്നെ മീര മാഡത്തിൻ്റെ പെർമിഷൻ വാങ്ങി അന്നയുടെ ബുക്കും ഡ്രെസ്സുമെല്ലാം കോളേജ് ഹോസ്റ്റലിൽ നിന്ന് എടുത്ത് കാറിൽ സൂക്ഷിച്ചിട്ടുണ്ട്.
അന്നയെ കണ്ടതും സ്റ്റീഫന് സ്വയം നിയന്ത്രിക്കാനായില്ല. അവൻ ചേച്ചിയെ ചെന്ന് കെട്ടി പിടിച്ചു കരഞ്ഞു.
“ചേച്ചി എന്താണ് എന്നെ വിളിക്കാത്തത്? ഞാൻ എന്തു മാത്രം വിഷമിച്ചെന്ന് അറിയാമോ. ചേച്ചി എൻ്റെ ഒപ്പം വാ നമുക്കു അപ്പച്ചിയുടെ അടുത്ത് പോകാം. പപ്പയുടെ അടുത്തു ഞാൻ പറയാം.”
അന്ന ഒന്നും തന്നെ മിണ്ടിയില്ല. കാര്യങ്ങൾക്ക് നീക്കു പോക്കില്ല എന്ന് കണ്ടപ്പോൾ അരുൺ സാർ ഇടപെട്ടു
“അന്നയുടെ തീരുമാനം എന്താണ്. സ്റ്റീഫൻ പറഞ്ഞ പോലെ അപ്പച്ചിയുടെ അടുത്തു പോകുന്നോ?”
അന്ന ഒന്നും മിണ്ടിയില്ല. കണ്ണൊക്കെ നിറഞ്ഞിരുന്നു.
“അല്ലെങ്കിൽ ബീന മിസ്സ് കോളേജിന് അടുത്തുള്ള ഹോസ്റ്റലിൽ റൂം അറേഞ്ച് ചെയ്‌തിട്ടുണ്ട്. തത്കാലം അങ്ങോട്ട് താമസമാക്കാം അത് കഴിഞ്ഞു പതുക്കെ കാര്യങ്ങൾ തീരുമാനിക്കാം. തുടർന്ന് പഠിക്കാൻ ആണെങ്കിൽ ഒരു കുഴപ്പവും ഇല്ല.”
“നിങ്ങൾക്ക് ആർക്കെങ്കിലും എൻ്റെ പപ്പയുടെ അടുത്ത് നിന്ന് എന്നെ സംരക്ഷിക്കാം എന്നുറപ്പ് പറയാൻ പറ്റുമോ?”
കരച്ചിലൊക്കെ മാറി രൗദ്ര ഭാവത്തോടെയാണ് അന്ന അത് ചോദിച്ചത്