ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Posted by

ഡാ നമ്മൾ ഇന്നുച്ചക്കൊരു പിടി പിടിക്കും. രാഹുൽ വെള്ളമിറക്കി കൊണ്ട് പറഞ്ഞു.

ഞങ്ങൾ രണ്ട് പേരും ലിവിങ് റൂമിലെ സോഫയിൽ തന്നെ ഇരുന്നു.  ഭക്ഷണം എടുത്തു വെക്കുന്നതിന് മുൻപ് തന്നെ അന്ന ഡൈനിങ്ങ് ടേബിളിൽ ഒരു സൈഡിൽ ആയി ഇരുപ്പുറപ്പിച്ചു. ജേക്കബ് അച്ചായൻ ഒരു പെഗും കുറച്ചു ബീഫുമായി അന്നയുടെ അടുത്ത് വന്നിരുന്നു.

“മോളെ ഒന്നും തോന്നരുത്. വല്ലപ്പോഴുമേ ഉള്ളു. “

“മോൾ കഴിക്കുമോ ?”

“ഇല്ല അങ്കിൾ. വൈൻ കഴിക്കും. “

“നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ടൗണിൽ പോയപ്പോൾ വാങ്ങാമായിരുന്നെല്ലോ”

അവർ ഓരോ കാര്യങ്ങളൊക്ക പറഞ്ഞോണ്ടിരുന്നു. രണ്ട് പേർക്കും  ഞങ്ങൾ അവിടെ ഉണ്ടെന്ന് ഭാവമില്ല. ജോയേട്ടൻ ഭക്ഷണമൊക്കെ മേശയിൽ എടുത്തു വെച്ച്. ചെറിയ ടേബിളാണ് അങ്ങോട്ട് പോയാൽ അവളുടെ മുൻപിൽ ഇരിക്കേണ്ടി വരും. എന്നാൽ രാഹുൽ നേരെ പോയി കഴിക്കാനിരുന്നു. വേറെ വഴിയില്ലാത്തത് കൊണ്ട് പിന്നാലെ ഞാനും. ആദ്യം കുറച്ചു നേരത്തേക്ക് ആരും മിണ്ടിയില്ല.

അച്ചായൻ ഞങ്ങളെ മൈൻഡ് ചെയ്യുന്നേയില്ല അന്നയോട് ഓരോന്നൊക്കെ ചോദിക്കുന്നുണ്ട്. അവൾ മറുപടിയൊക്കെ പറയുന്നുണ്ട്.

ഉച്ചക്ക് അവൾ റൂമിൽ കയറി വാതിലടച്ചിരുന്നു. ടി വി വെച്ച് നോക്കിയപ്പോൾ സിഗ്നൽ പോലുമില്ല. എന്ത് ദ്രാവിഡ് ആണ്. വൈകുന്നേരം ജേക്കബ് അച്ചായന് കാൾ വന്നു. ജീവയാണ് അപ്പുറത്തു എന്ന് മനസ്സിലായി. അച്ചായൻ  എന്തോ പറഞ്ഞു തർക്കിക്കുന്നുണ്ട്. ഞങ്ങളുടെ കാര്യമാണ് എന്ന് വ്യക്‌തം കാരണം ഞങ്ങളുടെ മൂന്നു പേരുടെയും പേര് പറയുന്നത് കേട്ട്.  എന്തായാലും കാൾ കഴിഞ്ഞതോടെ അച്ചായൻ അത്ര ഹാപ്പി അല്ല എന്ന് മനസ്സിലായി.

“നിങ്ങളോട് രണ്ട് പേരോടും രാവിലെ തന്നെ തിരിച്ചു ചെല്ലാൻ പറഞ്ഞിട്ടുണ്ട്. കൊണ്ട് പോകാനായി കാർ വരും. “

അപ്പോൾ അന്ന? എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു , എങ്കിലും ഞങ്ങൾ രണ്ട് പേരും ചോദിച്ചില്ല. പക്ഷേ ജേക്കബച്ചായൻ ഇങ്ങോട്ട് പറഞ്ഞു.

“അവളുടെ കാര്യം നിങ്ങൾ അവിടെ ചെന്നിട്ട് തീരുമാനിക്കും. അത് വരെ അവളെ ഇവിടെ നിർത്താനാണ് പറഞ്ഞിരിക്കുന്നത്.”

പിന്നെ കൂടുതൽ സംസാരം ഉണ്ടായില്ല. രാഹുൽ സന്തോഷത്തിലാണ് എന്ന് എനിക്ക് മനസ്സിലായി. എനിക്ക് ഒരേ സമയം ആശ്വാസവും വിഷമവും തോന്നി.  അവൾ ഒഴുവായി കിട്ടുന്നതിൽ ആശ്വാസവും ഇനി അവൾ എന്തു ചെയ്യും എന്നാലോചിച്ചപ്പോൾ വിഷമവും തോന്നി.

Leave a Reply

Your email address will not be published. Required fields are marked *