സാർ ആരെയോ ഫോൺ ചെയുന്നുണ്ട്. വന്ന വേഗതയിൽ കാത്തു നിന്ന കാറുകൾ പോയി.
TSM കോളേജിൽ നിന്നല്പം മാറി ഒരു ട്രാവലറിൽ 8 ഗുണ്ടകൾ ടൂർ കഴിഞ്ഞു വരുന്ന ബസ്സ് കാത്തു നിൽക്കുകയാണ്. അന്നയുടെ കൊച്ചാപ്പ ജോസ് പാലായിൽ നിന്നിറക്കിയ പല്ലൻ ജെറിയുടെ നേതൃത്വത്തിൽ ഉള്ള ഗുണ്ടാ സംഘം. അർജ്ജുവിനെ വലിച്ചിറക്കി കാല് തല്ലി ഓടിക്കാൻ ആണ് പരിപാടി.
പെട്ടന്ന് മൂന്ന് വാഹനങ്ങൾ പാഞ്ഞെത്തി ട്രാവലർ വളഞ്ഞു. അതിൽ നിന്ന് ചാടി ഇറങ്ങിയവർ ആ ട്രാവലറിൻ്റെ ചില്ലൊക്കെ തല്ലി തകർത്തു. ഒപ്പം അതിനുള്ളിൽ ഉള്ളവർക്കും കിട്ടി. നിനച്ചിരിക്കാത്ത ആക്രമണം ആയതു കൊണ്ട് തല്ലാൻ വന്നവന്മാർ വാങ്ങി കൂട്ടി. പല്ലൻ ജെറി പല്ല് പോയ ജെറിയായി. എല്ലാവർക്കും പണി കൊടുത്ത ശേഷം വന്നവർ തിരിച്ചു പോയി. ജെറിയും കൂട്ടരും തകർന്ന വണ്ടിയുമായി ഹോസ്പിറ്റലിലേക്ക് പോയി. കാരണം അവന്മാരുടെ സ്ഥിതി അത്ര ദയനീയമായിരുന്നു
HMT ജംഗ്ഷനിൽ നിന്ന് ബസ്സ് തിരിഞ്ഞതും ഗുണ്ടാ സംഘത്തിന് സിഗ്നൽ കൊടുക്കാൻ നിയോഗിപ്പെട്ടവൻ അവരെ വിളിച്ചു. ആദ്യം വിളിച്ചിട്ടു കിട്ടാത്തത് കൊണ്ട് ഓരോരുത്തരെയായി മാറി മാറി വിളിച്ചു. പക്ഷേ ഫോൺ എടുക്കാൻ പറ്റുന്ന സാഹചര്യത്തിൽ അല്ലായിരുന്നു അവർ.
വെളുപ്പിനെ നാല് മണിയോടയാണ് ബസ് കോളേജിൽ എത്തിയത്. അവരെ കാത്ത് ഡയറക്ടർ മീരയും അവരുടെ ഭർത്താവും പിന്നെ അന്നയുടെ കൊച്ചാപ്പ ജോസും അയാളുടെ ഡ്രൈവറും ഉണ്ടായിരുന്നു. അന്നയെ കയ്യോടെ കൂട്ടി കൊണ്ട് വരാനാണ് വന്നിരിക്കുന്നത്.
ബസ്സ് എത്തിയതും അർജ്ജുവിനെ പണിതോ എന്നറിയാൻ അയാൾ ഗുണ്ടാ നേതാവ് പല്ലൻ ജെറിയെ വിളിച്ചു.
“ഡാ അവനെ കിട്ടിയോ?”
“അയ്യാ സാറേ അവനിട്ടല്ല ഞങ്ങൾക്കിട്ടാണ് കിട്ടിയത്.”
എന്നിട്ട് ജെറി നടന്ന കാര്യങ്ങൾ വിവരിച്ചു. അതോടെ ജോസിന് സംഭവം പാളി എന്ന് മനസ്സിലായി. ആ ചെക്കന് ഏതോ ലോക്കൽ ഗുണ്ടകളെ ഒക്കെ അറിയാം. എങ്കിലും കൃത്യമായി എങ്ങനെ മറു പണി കിട്ടി എന്നായി സംശയം. അയാൾ വേഗം തന്നെ ചേട്ടനെ വിളിച്ചു സംഭവിച്ച കാര്യങ്ങൾ പറഞ്ഞു.
“ഡാ നീ എന്തു വന്നാലും അന്നയെ കൂട്ടികൊണ്ട് വരണം ഞാൻ ലെനയെ വിളിച്ചു പോലീസിനെ അയക്കാൻ പറയാം.”