സാർ ഫോൺ തിരിച്ചു വാങ്ങി.
“അർജ്ജു പോയി ഡ്രസ്സ് മാറിയിട്ട് വാ. നമ്മക്ക് പോകാൻ സമയമായി. ഫ്ലൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.”
അവരെ വേഗം തന്നെ തിരിച്ചെത്തിക്കാനുള്ള ഐഡിയയിൽ ആയിരുന്നു അരുൺ.
“ഞാൻ ഫ്ലൈറ്റിൽ വരുന്നില്ല ബസ്സിൽ തന്നയാണ് വരാൻ ഉദ്ദേശിക്കുന്നത് ഞാൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെല്ലോ . പിന്നെ എന്തിനു ഭയക്കണം”
അന്ന ഉറച്ച സ്വരത്തിൽ പറഞ്ഞപ്പോൾ ഞങ്ങൾ മൂന്നു പേരും ഞെട്ടി. അത് വരെ നിർത്താതെ കരഞ്ഞു കൊണ്ടിരുന്ന അന്ന തന്നയാണോ ഇത് പറഞ്ഞത്.
ആദ്യത്തെ സങ്കടവും വിഷമവും ഒക്കെ മാറിയപ്പോളാണ് അന്ന ചിന്തിച്ച ത്. ഇത് വെച്ച് കളിച്ചാൽ കല്യാണം മുടക്കാം . നേരെ ഫ്ലൈറ്റിൽ ചെന്നിറങ്ങിയാൽ പപ്പാ ഇരു ചെവിയറിയാതെ പിടിച്ചു കെട്ടിക്കും. നല്ല പോലെ കളിച്ചാൽ അർജ്ജുവിനെ ഉപയോഗിച്ചു രക്ഷപെടാം. അവന് പിന്നിൽ ആരൊക്കെയോ ഉണ്ട്. ഇപ്പോളാണെങ്കിൽ ആൾ സെൻഡി മൂഡിലാണ് അതിൽ കയറി പിടിക്കണം. അന്നയുടെ ബുദ്ധി പ്രവർത്തിച്ചു.
സാർ കുറെ നിർബന്ധിച്ചെങ്കിലും അന്ന പൊടിക്ക് വഴങ്ങാൻ കൂട്ടാക്കിയില്ല. അതു കൊണ്ട് അവസാനം ബസ്സിൽ തന്നെ പോകാൻ തീരുമാനിച്ചു.
ഞങ്ങൾ റൂമിൻ്റെ പുറത്തേക്കിറങ്ങിയതും രാഹുൽ അവളെ അടിക്കാനായി ഓടി വന്നു. ഞാൻ ഒരുതരത്തിൽ അവനെ പിടിച്ചു മാറ്റി.. “അവളല്ല നീ ഒന്ന് അടങ്ങു.”
റൂമുകളിൽ നിന്ന് ചിലരൊക്കെ എത്തി നോക്കുന്നുണ്ട്. രാഹുലിൻ്റെ പ്രവർത്തിയിൽ അന്ന ഒന്ന് പേടിച്ചിട്ടുണ്ട്. എങ്കിലും കരയുന്നില്ല.
ഹോട്ടലിൽ നിന്നിറങ്ങി നേരെ ബസ്സിൽ ചെന്ന് കയറി. വണ്ടി സ്റ്റാർട്ട് ചെയ്‌തു AC ഒക്കെ ഓണാക്കിയിട്ടുണ്ട്. വേറെ ആരും തന്നെ എത്തിയിട്ടില്ല. അന്ന ഏറ്റവും പുറകിലെ സീറ്റിലേക്കാണ് പോയത്. അന്ന ഇരുന്നതിൻ്റെ എതിർ വശത്തായി ഞാനും ഇരുന്നു. എന്തോ ആലോചിച്ചു അവൾ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്.
ഞങ്ങൾ ഇരിക്കുന്നതിൻ്റെ മുൻപിലായി രണ്ടു വരി ഒഴിച്ചിടാൻ ബീന മിസ്സിനോട് പറഞ്ഞിട്ട് അരുൺ സർ ബാക്കി ഉള്ളവരെ വിളിക്കാൻ പോയി. ബസ്സിൽ കയറുന്ന ഓരോരുത്തരും എന്നെയും അന്നയെയും മാറി മാറി നോക്കുന്നുണ്ട് ദീപു ബസ്സിൽ കയറിയില്ല നേരെ ട്രാവലറിൽ കയറി കാണും. കീർത്തനയാകട്ടെ ഇങ്ങോട്ട് നോക്കിയത് പോലുമില്ല. നേരെ ഏറ്റവും മുൻപിലുള്ള സീറ്റിൽ ഇരുന്നു.