അസ്തമയ സൂര്യൻ്റെ വെളിച്ചത്തിൽ അന്ന കൂടുതൽ സുന്ദരിയായിട്ടുണ്ട്. ഞാൻ അവളെ നോക്കി നിൽക്കുന്നത് ഒരു വട്ടം അവൾ കണ്ടു. എന്നെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു. ഞാൻ പെട്ടന്ന് തന്നെ നോട്ടം മാറ്റി.
വലിയ കുഴപ്പമില്ലാതെ ആദ്യ രണ്ടു ദിവസം കടന്നു പോയി. എന്നാൽ മൂന്നാമത്തെ ദിവസം കാര്യങ്ങൾ ഒക്കെ മാറി മറഞ്ഞു. മൂന്നാമത്തെ ദിവസമാണ് ബാഗ ബീച്ചിൽ തന്നെയുള്ള റ്റിറ്റൊസ് പബ്ബിൽ എൻട്രി കിട്ടിയത്. ചില പെൺകുട്ടികൾ പബ്ബിലേക്കില്ല എന്ന് പറഞ്ഞത് കൊണ്ട് ബീന മിസ്സ് അവർക്കൊപ്പം ഹോട്ടലിലാണ്. അരുൺ സാർ മാത്രമാണ് വന്നിട്ടുള്ളത്.
പബ്ബിൽ വൈബ് വേറെ ലെവൽ. മ്യൂസിക് പ്ലേയ് ചെയ്യാൻ ഡിജെ, പിന്നെ പല നിറങ്ങളിലുള്ള നിയോൺ ലൈറ്റുകൾ. അടിപൊളി എനർജി ലെവലിൽ എല്ലാം മറന്നു ഡാൻസ് കളിക്കുന്ന ക്രൗഡ്. എല്ലാവരും പാട്ടിനൊത്തു ഭയങ്കര ഡാൻസിലാണ്. ഞാൻ മാത്രം ഒരു മോക്ക് ടൈൽ വാങ്ങി അവിടെ ഒരു മേശയിലിരുന്നു. കൂടെ അരുൺ സാറും ഉണ്ട്. രാഹുലും ജെന്നിയുമൊക്കെ കപ്പിൾ ആയി നിന്ന് ഡാൻസ് ചെയുന്നുണ്ട്. അന്നയും ഒരു ഭാഗത്തു നിന്ന് ഡാൻസ് കളിക്കുന്നുണ്ട്. പെട്ടന്ന് എന്തോ ഫോൺ വന്നപ്പോൾ അന്ന പുറത്തേക്ക് പോകുന്നത് കണ്ടു. പിന്നെ തിരിച്ചു വന്നപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി അരുൺ സാറിൻ്റെ അടുത്ത് എന്തോ വന്ന് പറഞ്ഞു.
എന്തോ കാര്യമായ പ്രശ്നമുണ്ട് അവൾക്ക് റൂമിൽ പോകണമെന്ന് തോന്നുന്നു. പക്ഷേ പെൺകുട്ടികൾ കൂടെയുള്ളത് കൊണ്ട് അരുൺ സാറിന് കൂടെ പോകാൻ പറ്റില്ല. പുള്ളി എന്നെ ഒന്ന് നോക്കി. ഞാൻ ഒന്നും പറയാനും ചോദിക്കാനും പോയില്ല സമ്മതം എന്ന രീതിയിൽ എഴുന്നേറ്റു നിന്നു. അർജ്ജു അന്നയെ ഒന്ന് ഹോട്ടൽ വരെ ആക്കാമോ? ഞാൻ സമ്മതം അറിയിച്ചു എന്നിട്ട് പുറത്തേക്കിറങ്ങി നിന്നു അന്ന പിന്നാലെയിറങ്ങി. ഞാൻ പതുക്കെ നടന്ന് തുടങ്ങി.
അന്നയുടെ ഫോണിൽ പിന്നെയും ആരൊ വിളിക്കുന്നുണ്ട്. സംസാരം കേട്ടിട്ട് വീട്ടിൽ നിന്നാണെന്ന് തോന്നുന്നു. കല്യാണകാര്യമാണ് സംസാരം എന്ന് എനിക്ക് മനസ്സിലായി. അവൾ കല്യാണം ഇപ്പോൾ വേണ്ട എന്നൊക്കെ അപ്പുറത്തുള്ള ആളോട് വാശിയിൽ പറയുന്നുണ്ട്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ണൊക്കെ വീണ്ടും നിറഞ്ഞിട്ടുണ്ട്.