അന്നൊരു ദിവസം ഞങ്ങൾ ക്രിക്കറ്റ് കളിക്കാൻ തയ്യാറായി ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു. റോബിനെ വിളിച്ചപ്പോൾ അവനിപ്പോൾ വരാമെന്ന് പറഞ്ഞു. ഞങ്ങൾ അവൻ വരാൻ വെയ്റ്റ് ചെയ്തിരുന്നപ്പോഴേക്കും സുനി ചേട്ടനും രണ്ടു കൂട്ടുകാരും കൂടി ഗ്രൗണ്ടിലേക്കെത്തി അടിച്ച് നല്ല കിണ്ടിയാണ് മൂന്ന് പേരും. ടാ എനിക്ക് രണ്ട് പന്തെറിഞ്ഞ് താടാന്ന് എന്നോട് പറഞ്ഞിട്ട് ബാറ്റും എടുത്ത് മുറുക്കാൻ ചവച്ച് തുപ്പി കൊണ്ട് നേരേ സ്റ്റമ്പിന്റെ ചുവട്ടിൽ പോയി നിന്നു. ഞാനൊന്ന് പേടിച്ചു. വേറൊന്നുമല്ല ചേട്ടൻ ഇവിടുത്തെ അറിയപ്പെടുന്ന പാർട്ടി ഗുണ്ടയാണ്. ആരേയും പേടിയില്ലാത്ത സ്വഭാവമാണ്. ഇരുപത്തിനാല് വയസിനടുത്തേ പ്രായമുള്ളെങ്കിലും കറുത്ത് തടിച്ച രൂപവും ബലിഷ്ടമായ കൈകളും ചോരക്കണ്ണുമായ സുനിച്ചേട്ടനെ കണ്ടാൽ തന്നെ പേടിയാണ് എല്ലാർക്കും. ഞാൻ നേരത്തെ പറഞ്ഞിരുന്നില്ലേ എന്റെ അച്ഛൻ ആത്മഹത്യ ചെയ്തതാണെന്ന് അതിന് കാരണക്കാരൻ ഈ സുനി ചേട്ടൻ ആണ്. ഒരു തവണ ഓണപരിപാടിക്കിടയിലേക്ക് എന്നെ രക്ഷിക്കണേന്നും പറഞ്ഞ് ഓടിവന്ന അച്ഛനെ പുറകേ ഓടി വന്ന സുനിച്ചേട്ടൻ ആണ് നാട്ടുകാരുടെയും എന്റെയും അമ്മയുടെയുമൊക്കെ മുന്നിലിട്ട് ചവിട്ടി താഴെയിട്ടതും അരയിൽ നിന്നും കത്തിയൂരി കുത്തിയതും എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് കൊല്ലാനായി വീണ്ടും ആഞ്ഞ് കുത്താൻ പോയപ്പോൾ നാട്ടുകാരാണ് ചേട്ടനെ പിടിച്ച് മാറ്റിയതും അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ട് പോയതും. എതിർ പാർട്ടിക്കാരുടെ വൈരാഗ്യമാണെന്നാണ് അറിഞ്ഞത്. അന്ന് പതിനെട്ട് വയസെങ്ങാണ്ടേ ഉള്ളായിരുന്നു സുനി ചേട്ടന്. അതിന്റെ പേരിൽ ചേട്ടൻ ജയിലിൽ കുറച്ച് നാള് കിടന്നു.. ഒരു കൊച്ച് പയ്യന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ പോലും ആകാതെ നാട്ടുകാരുടെ മുന്നിൽ കിടന്ന് അടി കൊണ്ട് നാണക്കേട് ഒക്കെ ആയതിൽ മനം നൊന്താണ് അച്ഛൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തത്. സുനി ചേട്ടൻ ആണെങ്കിൽ ജയിലിൽ നിന്നും ഇറങ്ങിയ ശേഷം പാർട്ടിക്ക് വേണ്ടി അടിയും ഇടിയും ഉണ്ടാക്കാൻ തുടങ്ങി.. പാർട്ടിക്കാർക്ക് വേണ്ടപ്പെട്ടവൻ ആയത് കൊണ്ട് എന്ത് പ്രശ്നം ഉണ്ടായാലും ചേട്ടനെ ഇറക്കി കൊണ്ട് പോരാൻ ആളുണ്ടായിരുന്നു. ഇവരൊക്കെ ഗ്രൗണ്ടിൽ വരുന്ന കൊണ്ട് എന്നെ കളിക്കാൻ ഒന്നും ആദ്യം വിടില്ലായിരുന്നു റാണിയമ്മ. ഇപ്പോൾ ഏതോ കേസിൽ അകത്തായതിന് ശേഷം റിലീസായി വന്നതേയുള്ളു സുനി ചേട്ടൻ.. പുള്ളി ബാറ്റ് ചെയ്യാൻ പോയി നിന്നിട്ടും ഞാൻ മൈൻഡ് ചെയ്യാതെ നിക്കുന്ന കണ്ടപ്പോൾ നിന്നോട് പന്തെറിയാൻ പറഞ്ഞത് കേട്ടില്ലേടാന്ന് ചേട്ടൻ അവിടെ നിന്ന് ദേഷ്യത്തിൽ ചോദിക്കുന്നത് കേട്ട് ഞാനും അവന്മാരും ഒന്ന് ഞെട്ടി. എന്റെ ഫ്രണ്ട് പന്തെറിയാൻ പോയപ്പോൾ നിന്നോടല്ലല്ലോ പന്തെറിയാൻ പറഞ്ഞതെന്നും പറഞ്ഞ് ചേട്ടൻ കലിപ്പിച്ച് അവനെ ഒന്ന് നോക്കി. അവനപ്പോൾ തന്നെ പന്ത് എന്റെ കയ്യിൽ കൊണ്ട് തന്നു. അളിയാ എറിഞ്ഞ് കൊടുത്ത് ഒഴിവാക്കാൻ നോക്ക് അല്ലെങ്കിൽ കളി ഇന്നത്തോടെ നിക്കും.. മനസ്സില്ലാമനസ്സോടെ എന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരനായ അയാൾക്ക് ഞാൻ പന്തെറിഞ്ഞു കൊടുക്കാൻ തുടങ്ങി. അവരോടൊന്നും മുട്ടി നിൽക്കാനുള്ള ശേഷിയൊന്നും എനിക്കില്ലാത്തതിന്റെ അമർഷം എന്റെ ഉള്ളിൽ ഒതുക്കി നിക്കാനെ എനിക്ക് കഴിഞ്ഞുള്ളു. ഞാൻ ചേട്ടനു പന്ത് എറിഞ്ഞ് കൊടുത്തോണ്ടിരുന്നപ്പോൾ ആണ് റോബിൻ വന്നത്. ചേട്ടാ ടീം സെറ്റായി നിക്കുവാണ് ഞങ്ങൾ കളിച്ചോട്ടേന്ന് അവന്മാര് ചോദിച്ചപ്പോൾ രണ്ടു പന്ത് കൂടെ എറിയെടാ ഇല്ലെങ്കിൽ ഒന്നിനേയും ഞാനിവിടെ കളിപ്പിക്കില്ലെന്നായി ചേട്ടൻ. ഞാൻ പിന്നെയും ഒന്ന് രണ്ട് പന്ത് കൂടെ എറിഞ്ഞ് കൊടുത്തു.. ഉം മതി മതി ഇനി നിങ്ങൾ കളിച്ചോയെന്നും പറഞ്ഞ് ബാറ്റ് കക്ഷത്തിൽ വെച്ച് കൊണ്ട് മുറുക്കി തുപ്പി കൊണ്ട് സുനി ചേട്ടൻ എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ബാറ്റ് എന്റെ കയ്യിൽ തന്നിട്ട്. നീയാ രാജന്റെ മകനല്ലേന്ന് ചോദിച്ചു. ഞാനൊന്ന് മൂളി കൊണ്ട് തല താഴ്ത്തി.. ചേട്ടൻ അപ്പോൾ എന്റെ തോളിൽ കൈയിട്ട് ചേട്ടന്റെ കൂടെ വന്നവരുടെ അടുത്തേക്ക് നടന്നു… നല്ലപോലെ മദ്യപിച്ച കൊണ്ട് ചേട്ടന്റെ കാലുകൾ നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ല.