അതു സാരമില്ല ലീനെടെ അമ്മേ… വന്നതുകൊണ്ട് നിങ്ങളെയൊക്കെ കാണാൻ പറ്റിയില്ലേ… ഇനി ഇതുപോലെ മീറ്റിങ്ങ് വരുമ്പോൾ അമ്മ തന്നെ വരണമെന്നില്ല… അച്ഛന്മാരും വരുന്നുണ്ട്…
എന്റെ ടീച്ചറെ അത് പറയാതിരിക്കുകയാ ഭേദം…. അങ്ങേര് ഇങ്ങനെയുള്ളടത്ത് ഒരിടത്തും പോകില്ല… കടൽ പണിയാ പുള്ളിക്ക്… ബോട്ട് കരക്കടുത്താൽ പിന്നെ ആളെ മാഷിയിട്ടു നോക്കണം… ബോട്ട് വരുന്നതിനു മുൻപ് കടലിൽ ഒണ്ടന്നെങ്കിലും ഉറപ്പായിട്ട് പറയാം… കര പറ്റിയാൽ ഏതു ബാറിൽ ആണെന്നോ എപ്പോ വരുമെന്നോ ആർക്കും പറയാൻ പറ്റില്ല…!!
മദ്യപിക്കും അല്ലേ….?
കടലിൽ പോകുന്ന പണിയല്ലേ ടീച്ചറെ…! ആ പണിക്കു പോകുന്ന ഈ തൊറേലെ ആണുങ്ങളൊക്കെ കുടിക്കും…
അയ്യോ ടീച്ചറിന് ഒരു ചായപോലും തന്നില്ലല്ലോ… എടീ മോളെ നീ പോയി ഒരു പാക്കറ്റ് പാലു വാങ്ങി കൊണ്ടുവാ… മ്മക്ക് ടീച്ചറിന് ചായ കൊടുക്കണ്ടേ…
അയ്യോ… അതൊന്നും വേണ്ടാ… ഞാൻ ഇറങ്ങുകയാ…
അങ്ങനെ പോകല്ലേ ടീച്ചറെ…! ഇവിടെയോളം വന്നിട്ട്… ഇരിക്ക് , ഞാൻ കട്ടൻ ചായ ഇടാം…
ലീനയുടെ അമ്മ അടുക്കളയിലേയ്ക്ക് പോയി കഴിഞ്ഞാണ് ആ മുറിയുടെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഒരു കല്യാണ ഫോട്ടോ നളിനി ശ്രദ്ധിക്കുന്നത്..
അതിലെ വധു ലീനയുടെ അമ്മ മരിയ തന്നെ… അന്ന് കുറച്ചുകൂടി സുന്ദരി യായിരുന്നു…
അതാ ടീച്ചറെ എന്റെ അപ്പാ…
ങ്ങും… അപ്പയുടെ പേര് എന്താ…?
ജോർജെന്നാ ടീച്ചറെ….
അപ്പാ ലീനെ തല്ലുമോ…
എന്നെ തല്ലത്തൊന്നും ഇല്ല…
അമ്മക്കിട്ടു ചിലപ്പോൾ നല്ലത് കൊടുക്കും…
നളിനി ആ ഫോട്ടോയിൽ സൂക്ഷിച്ചു നൊക്കി… നീണ്ട കൃതാവ്… കട്ടി മീശ.. വട്ട മുഖം… ഒരു വല്ലാത്ത കണ്ണുകൾ…
ഇതുപോലുള്ള കണ്ണുകൾ അധികം ആണുങ്ങൾക്കില്ല… എവിടെയോ കണ്ടതുപോലെ… അതേ ഇത് സോമനെ പോലുണ്ട്…70 പതുകളിലെ സൂപ്പർ സ്റ്റാർ..! വില്ലാനായും നായകനായും നൂറുകണക്കിന് സിനിമകളിൽ കണ്ട അതേ മുഖം… അതേ കണ്ണുകൾ…!
കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ നളിനി ഞെട്ടിപ്പോയി… തന്നെ തുറിച്ചു നൊക്കി കൊണ്ട് അയാൾ നിൽക്കുന്നു… ഫോട്ടോയിൽ കണ്ട ആൾ..! ലീനയുടെ അപ്പാ…! സോമന്റെ മുഖഛായ ഇപ്പോഴും ഉണ്ട്… ആ നോട്ടവും…