മീറ്റിങ്ങ് കഴിഞ്ഞ് ലീനയെ വിളിച്ച് ടീച്ചർ ചോദിച്ചു…
ലീനയുടെ പേരന്റസ് ആരും വന്നില്ലല്ലോ…! ലീന വീട്ടിൽ പറഞ്ഞില്ലേ…?
പറഞ്ഞു ടീച്ചർ…
എന്നിട്ടെന്താ ആരും വരാത്തത്…
അത്… അത്.. പിന്നെ…
പറഞ്ഞോ ലീനെ … വീട്ടിൽ ആരും ഇല്ലായിരുന്നോ…?
ടീച്ചർക്ക് കാണണമെങ്കിൽ വീട്ടിലേക്ക് വരാൻ പറഞ്ഞു…!
ഓഹോ… അതാരാ അങ്ങനെ പറഞ്ഞത് അമ്മയോ അതോ അച്ഛനോ…
… അമ്മ…!
ശരി… എന്നാൽ അങ്ങിനെ തന്നെ ആകട്ടെ… ഒരു ദിവസം ടീച്ചർ വീട്ടിലേക്ക് വരുമെന്ന് അമ്മയോട് പറഞ്ഞേക്കൂ….
അതിനുശേഷം മൂന്നോ നാലോ ദിവസം കഴിഞ്ഞ് ഒരുദിവസം ക്ളാസു കഴിഞ്ഞ് കുട്ടികൾ പോകാൻ നേരം നളിനി ടീച്ചർ ലീനയോട് പറഞ്ഞു…
ലീന പോകാൻ വരട്ടെ… ലീന സ്കൂൾ ബസി ലാണോ പോകുന്നത്…?
അല്ല ടീച്ചർ… ഇവിടെ അടുത്താണ്… നടന്നു പോകാവുന്ന ദൂരമേയൊള്ളു…
ലീനയുടെ വീട്ടിൽ ഇപ്പോൾ ആരെങ്കിലും ഉണ്ടാകുമോ..?
അമ്മയുണ്ട് ടീച്ചർ… ചിലപ്പോൾ അപ്പയും കാണും…
ങ്ങും… എന്നാൽ ഇന്ന് നമുക്കൊരുമിച്ചു പോകാം… എന്നോട് വീട്ടിൽ വന്നു കാണാനല്ലേ ലീനയുടെ അമ്മ പറഞ്ഞത് അത് ഇന്ന് തന്നെ ആകട്ടെ…
ടീച്ചറിന്റെ ആക്റ്റീവയുടെ പുറകിൽ വല്ല്യ ഗമയോടെ ലീന കയറി ഇരുന്നു…
അര കിലോമീറ്റർ മാത്രമേ സ്കൂളിൽ നിന്നും അവളുടെ വീട്ടിലേക്ക് ഉണ്ടായിരുന്നുള്ളു…
ലീന പറഞ്ഞ വഴിയിലൂടെ സ്കൂട്ടർ ഓടിച്ച് അഞ്ചു മിനിറ്റിനുള്ളിൽ ഒരു ചെറിയ വാർക്ക വീടിന്റെ മുറ്റത്തുപോയി വണ്ടി നിന്നു…. കടപ്പുറം ഏരിയ ആണ്… അടുത്തടുത്ത് ചെറിയ വീടുകൾ…
ആരോ വന്നതായി തോന്നിയ ലീനയുടെ അമ്മ വാതിൽ തുറന്നപ്പോൾ കാണുന്നത് മകളുടെ കൂടെ നിൽക്കുന്ന ടീച്ചറിനെയാണ്.
അമ്മേ… ഇതാണ് എന്റെ ക്ലാസ് ടീച്ചർ… നളിനി ടീച്ചർ..!
അയ്യോ മനസിലായില്ല കെട്ടോ… ഇരിക്ക് എന്നുപറഞ്ഞു ഒരു കസേര നീക്കിയിട്ടു ലീനയുടെ അമ്മ മരിയ….
ടീച്ചർ ഇങ്ങോട്ട് വന്നത് എന്താണാവോ…
ങ്ഹാ…ലീന പറഞ്ഞു അമ്മയെ കാണണമെങ്കിൽ വീട്ടിൽ വരണമെന്ന്.. അതാ വന്നത്.. ചിരിച്ചുകൊണ്ട് നളിനി പറഞ്ഞു…
അയ്യോ ടീച്ചറെ ഞാൻ വെറുതെ… ഇവൾ അന്ന് നിർബന്ധം പിടിച്ചപ്പോൾ… ശ്ശേ…
ടീച്ചറെ ഞാൻ ഇവിടെ കുറേ ഫ്ലാറ്റുകളിൽ സ്ഥിരമായി മീൻ കൊടുക്കുന്നുണ്ട്…ഒരു ദിവസം മൊടങ്ങിയാൽ ആ വിടവിൽ വേറെ ആളു കയറും… അന്ന് സ്കൂളിൽ വന്നാൽ എന്റെ കച്ചോടം മുടങ്ങും… അത് പറഞ്ഞപ്പോൾ ഇവളു കിടന്നു മോങ്ങാൻ തുടങ്ങി… അത് കേട്ട് അരിശം വന്നപ്പോൾ വെറുതെ പറഞ്ഞുപോയതാ… ക്ഷമിക്കണം കെട്ടോ…