“ശെരിയമ്മേ ഇടയ്ക്കു വരാം ഞാൻ.” അവരുടെ നിപ്പും ഭാവോം ഒക്കെ കണ്ട് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി അന്ധം വിട്ട് നിന്നു.
“എടി കാന്താരി ഏച്ചി ഇറങ്ങട്ടെ ഇനി വരുമ്പോ കാണാട്ടോ..” നിഷ ആമിയെ കെട്ടിപിടിച്ചോണ്ട് പറഞ്ഞു.
“ഇത്ര പെട്ടെന്ന് ഇവരെല്ലാം അത്രക്ക് അറ്റാച്ഡ് ആയോ…? കൊള്ളാല്ലോ…” ഞാൻ അത് മനസ്സിൽ ചിന്തിച്ചതേ ഉള്ളു പുറത്ത് പറഞ്ഞില്ല.
അവർ ഇറങ്ങിയപ്പോ തന്നെ ആമിയുടെ അമ്മ വിനയേച്ചി അവളെ തിരക്കി വന്നു. അമ്മയും വിനയേച്ചിയും ഓരോന്ന് പറഞ്ഞു മിറ്റത്തു തന്നെ നിന്നു. ഞാൻ ആമിക്ക് ഒരു ഗുഡ് നെറ്റും പറഞ്ഞു അകത്തേക്ക് പോന്നു.
ഉറക്കം വരാണ്ട് ഫോണിൽ തോണ്ടി കളിക്കണ സമയത്തു ആണ് അമ്മ റൂമിലേക്ക് വന്നത്.
“എന്ത് നല്ല കുട്ടി അല്ലേ..?”
“ങേ..? കുട്ട്യോ..ഏത് കുട്ടി?”
“ഹ നമ്മടെ നിഷേട കാര്യാ പറഞ്ഞേ അർജുന്റെ ഭാഗ്യം ആണ്.”
“ഓ എന്ത്… നല്ല കമ്പനി ആണ് എന്തായാലും എനിക്ക് വേറൊന്നും തോന്നില്ല.” ഞാൻ ഫോണിൽ നോക്കികൊണ്ട് തന്നെ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“ഓ നിന്നോട് പറഞ്ഞ എന്നെ പറഞ്ഞാൽ മതി. അല്ലേലും നല്ലത് നായക്ക് പിടിക്കില്ല എന്നൊരു ചൊല്ലൊണ്ട് എന്റെ പൊന്നുമോൻ കേട്ടിട്ടൊണ്ടോ..?” അമ്മ ടെറർ ആയി, ഇനി നമ്മൾ വല്ലതും പറയാൻ നിന്നാൽ കയ്യിൽ കിട്ടണത് വെച്ച് അടിക്കും. അതോണ്ട് ഞാൻ ഫോൺ മാറ്റി വെച്ചു.
“ആഹ് തരക്കേടില്ല നല്ല കുട്ടി ഒക്കെ തന്നെ. അല്ല അമ്മ അവളെ തന്നെ നോക്കി ഇരിക്കണ കണ്ടല്ലോ എന്താ കാര്യം.” നേരെ അമ്മയുടെ മടിയിലേക്ക് കിടന്നിട്ടു വിഷയം മാറ്റാൻ ആയി ചോദിച്ചു. അല്ലേലും മടിയിൽ കിടക്കുന്ന മകനെ അമ്മമാർ അങ്ങനെ തല്ലില്ല.
അമ്മ ഒരു നിമിഷത്തേക്ക് ഒന്ന് സൈലന്റ് ആയി. എന്നിട്ട് പതിയെ എന്റെ തലമുടിയിൽ വിരൽ ഓടിച്ചു.
“തല മുഴുവൻ അഴുക്ക് ആണ്, കുളിക്കുമ്പോൾ ആ താളി ഇട്ടു കുളിച്ചൂടെ. രാവിലെ മുതൽ ഒള്ള പാടത്തും പറമ്പിലും ഒക്കെ കളിച്ചു നടന്നിട്ട് അവിടെ ഒള്ള അഴുക്കു മുഴുവൻ തലേ ചൊമന്നോണ്ട് നടക്കുവാ അസത്ത്.”
ആഹാ ഇങ്ങനെ മടിയിൽ കിടന്നു ചീത്ത കേക്കാൻ എന്ത് സുഖം…
“ഡാ ഞാൻ ഒരു കാര്യം പറയട്ടെ നീ എടുത്തു ചാടി ഒന്നും പറയണ്ട ആലോചിച്ചു പറയണം.”
അമ്മക്ക് എന്തോ കാര്യായിട്ട് പറയാൻ ഉണ്ടല്ലോ സാദാരണ ഇങ്ങനെ ഒന്നും അല്ല ആൾടെ കാര്യം പറച്ചിൽ തുറന്നടിച്ചു അങ്ങ് പറയും. ഇതിപ്പോ എന്താ ഇങ്ങനെ എന്ന് ഞാൻ ഓർത്തു.
“ഡാ നീ കേട്ടോ ഞാൻ പറഞ്ഞത്.” അമ്മ എന്റെ മുടിയിൽ പിടിച്ചു വലിച്ചു.