വേറെ വഴി ഇല്ലാതെ ഞാനും അവളെ അനുഗമിച്ചു.
ഏതോ ഗസ്റ്റ് വന്ന ലക്ഷണം ഉണ്ട്. ഞാൻ കുട്ടിനിക്കറും ഇട്ടു വിയർത്തൊലിച്ചു മുറ്റത്തേക്കു കയറിയപ്പഴേ അമ്മേടെ മുഖം മാറി.
“എന്ത് കോലമാടാ ഇത് മനുഷ്യനെ നാണംകെടുത്താൻ ആയിട്ട് തുണീം കോണാനും ഇല്ലാണ്ട് വന്നോളും പോയി മുണ്ട് എടുത്തു ഉടുത്തു വാ” അമ്മയുടെ വർത്തമാനം കേട്ട് ആമി നിന്നു ചിരിക്കാൻ തുടങ്ങി.
അപ്പോഴാണ് അകത്തു ഇരിക്കുന്ന ആളെ ഞാൻ കണ്ടത്. അർജുൻ.
“ഓ അപ്പൊ ഇവൻ ആണോ പുതിയ കാറും കൊണ്ട് വന്നത്, ഇതിനാണോ എന്റമ്മേ ഇത്ര ബിൽഡ് അപ്പ് കൊടുത്തത്. ഇവൻ ആദ്യായിട്ടാണോ ഇവിടെ വരണത് അവൻ എപ്പഴും ഇവിടെ തന്നെ അല്ലേ.”
“ആഹ് പണ്ടത്തെ പോലെ അല്ല ഇപ്പൊ അവനിപ്പോ കുടുംബോം പ്രാരാബ്ദം ഒക്കെ ആയി ഇനി അവനെ അവന്റെ വഴിക്ക് വിടാൻ നോക്ക്.” അമ്മ കലിപ്പിൽ തന്നെ ആണ്.
അർജുൻ പുറത്തേക്കു ഇറങ്ങി അവന്റെ പിന്നിലായി സഹധർമിണി നിഷയും.
പെട്ടെന്നാണ് എനിക്ക് എന്റെ കോലത്തെ കുറിച്ച് ഒരു ബോധം വന്നത്. വിയർത്തു കുളിച്ചു ഒരു കുട്ടി നിക്കറും ബനിയനും ഇട്ടാണ് നിൽപ്പ്.
നിഷയെ കണ്ടതും ഞാൻ ആമിയെ എന്റെ മുന്നിലേക്ക് വലിച്ചിട്ടു അവളുടെ മറയിൽ നിന്നു.
എല്ലാർക്കും ചിരി പൊട്ടി, എന്നാൽ അമ്മയ്ക്ക് ദേഷ്യം ആണ് വന്നത്, ഇന്നെന്റെ കാര്യം പോക്കാ.
ഞാൻ അവനോടു ഒന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് നേരെ ഓടി ബാത്‌റൂമിൽ കേറി ഒരു കാക്ക കുളി കുളിച്ചിട്ടു ഇറങ്ങി.
പിന്നെ കുറെ നേരം ഇരുന്നു കത്തി വെച്ചു. നിഷ പെട്ടന്ന് തന്നെ ഞാനും അമ്മയും ആമിയും ആയി കമ്പനി ആയി. ഇടയ്ക്ക് എപ്പോഴോ ഞാൻ അമ്മയെ ശ്രദ്ധിച്ചപ്പോൾ അമ്മ നിഷയും ആമിയും സംസാരിക്കുന്നത് നോക്കി ഇരിക്കുന്നു. ഇതെന്താപ്പാ ഇപ്പൊ ഇങ്ങനെ നോക്കാൻ മാത്രം. ഞാൻ അമ്മയെ നോക്കി കണ്ണ് കൊണ്ട് എന്താ എന്ന് ചോദിച്ചു.
അമ്മ ഒന്നും മിണ്ടാതെ ഒരു നെടുവീർപ്പ് ഇട്ട് ഭക്ഷണം എടുക്കാം എന്ന് പറഞ്ഞ് അകത്തേക്ക് പോയി. അത് കേട്ട് നിഷയും കൂടെ പോയി. അവൾക്ക് പുറകെ വാല് പോലെ ആമിയും.
ഭക്ഷണം കഴിഞ്ഞു പോകാൻ നേരം അമ്മ നിഷയെ ചേർത്ത് നിർത്തി നെറുകയിൽ തലോടി. “നന്നായി വരും, ഇടയ്ക്കൊക്കെ ഇങ്ങോട്ട് വരണം മോള് കേട്ടോ. ഇനിയിപ്പോ ഇവൻ കൂടെ ഇല്ലെങ്കിലും വരണം. സ്വന്തം വീടായി കണ്ടാൽ മതി.”