ടാർഗറ്റ് തികയാതെ വരുമ്പോൾ മാസാവസാനം വാലിനു തീ പിടിച്ച പോലെ ഓടി നടന്നു പണി എടുത്തു എങ്ങനേലും ഒക്കെ ടാർഗറ്റ് അചീവ് ചെയ്യുക. ഇതാണ് എല്ലാ മാസവും നടക്കുന്ന കലാപരിപാടി.
കൂടെ പഠിച്ചവരും കളിച്ചവരും ജോലി ചെയ്‌തവരും ഒക്കെ പെണ്ണുകെട്ടി പോയി തുടങ്ങി എന്നിട്ടും എനിക്ക് പ്രത്യേകിച്ച് ഒരു മാറ്റം ഒന്നും ഉണ്ടായില്ല. അതെങ്ങനാ എന്നെ കെട്ടിക്കണം എന്നൊരു ചിന്ത വീട്ടുകാർക്കും ഇല്ല. അത്കൊണ്ട് തന്നെ ഞാൻ ഈ പന്തും ഉരുട്ടി നടക്കുന്നു.
ഈ കഥ തുടങ്ങുന്നത് അവിടെ നിന്നാണ്, ഒരു കല്യാണപ്പിറ്റേന്ന്.
എന്റെ കട്ട ചങ്കുകളിൽ അവസാനത്തെ ആളായ അർജുന്റെ കല്യാണം ആയിരുന്നു അന്ന്. കല്യാണം ഞങ്ങൾ എല്ലാരും കൂടി കൊഴുപ്പിച്ചു. എല്ലാം കഴിഞ്ഞു വീട്ടിൽ വന്നു കേറിയപ്പോൾ മണി 12 കഴിഞ്ഞു. രാവിലെ മുതൽ ഓടി നടന്നതിന്റെ ക്ഷീണത്തിൽ ഞാൻ കിടന്ന വഴി തന്നെ ഉറങ്ങിപ്പോയി.
പിറ്റേ ദിവസം അവധി ആയതിനാൽ ലേറ്റ് ആയിട്ടാണ് എഴുന്നേറ്റത്. തണുത്ത ചായ പല്ലുപോലും തേക്കാതെ ഒറ്റവലിക്ക് കുടിച്ചിട്ട് പത്രം നിവർത്തി നോക്കികൊണ്ട് ഇരുന്ന സമയത്തു ആണ് എന്റെ ടീം മേറ്റ്സ് (പാടത്തെ ഫുട്ബോൾ ടീം) എന്നെ കാണാൻ വന്നത്.
സാധാരണ അമ്മയെ പേടിച്ചു ഇവർ ആരും ഈ വഴി വരാറില്ല. അമ്മ കണ്ടാൽ എല്ലാത്തിനേം കണ്ടം വഴി ഓടിച്ചു ഫുട്ബാൾ എടുത്തു അടുപ്പിൽ വെച്ച് ആ തീ കൊണ്ട് ചോറും കറിയും വെക്കും. ആദ്യം ഓടിക്കുന്നത് എന്നെ ആയിരിക്കും.
3 പേർ മാത്രം മുറ്റത്തേക്കു വന്നു ബാക്കി ഉള്ള പടകൾ ഗേറ്റിനു വെളിയിൽ നിന്നും എത്തിവലിഞ്ഞു നോക്കുന്നുണ്ട്.
“അരവിന്ദേട്ടാ ഇന്ന് വൈകിട്ട് മാച്ച് വെച്ചിട്ടുണ്ട്, വരണത് നല്ല കിടിലം ടീം ആണ്, ഫ്രണ്ട്സ് ക്ലബ് മായിത്തറ. ചേട്ടൻ വരണം എങ്ങനേലും.”
കളിയുടെ കാര്യത്തിൽ ഞാൻ പണ്ടുമുതലേ നോ പറയാറില്ല. പോരാത്തതിന് അവന്മാർ അവിടെ അധികം നേരം നിന്നു അത് അമ്മ കണ്ടാൽ ഇന്നത്തെ ദിവസം ഫുൾ ഞാൻ ചീത്ത കേക്കും. അത്കൊണ്ട് തന്നെ വരാം എന്ന് പറഞ്ഞു അവരെ മടക്കി അയച്ചു. എന്നിട്ട് ഞാൻ വീണ്ടും പത്രത്തിൽ തല പൂഴ്ത്തി.
“അർജുനെ വിളിച്ചു ഫസ്റ്റ് നൈറ്റ് എങ്ങനെ ഉണ്ടെന്നു ചോയ്ച്ചാലോ..?, അല്ലേ വേണ്ട പിന്നെ വിളിക്കാം ഇപ്പൊ തിരക്കാവും.” അങ്ങനെ ഓരോന്ന് ഓർത്ത് ഇരിക്കണ നേരം അമ്മ വന്നു തലയ്ക്കു ഒരു കൊട്ടും തന്നു 2 വഴക്കും പറഞ്ഞു പോയി.
സത്യം പറഞ്ഞാൽ ഞങ്ങൾ ആൺപിള്ളേർക്കു ഡെയിലി അമ്മേടെ കയ്യിൽ നിന്നു ഓരോന്ന് വാങ്ങിയില്ലേൽ ആകെ ഒരു സമാധാനകേട് ആണ് എന്താണോ എന്തോ…