പുള്ളി എന്നോട് കാര്യങ്ങളുടെ സത്യാവസ്ഥ ചോദിച്ചെങ്കിലും ഒന്നും പറയാനുള്ള മൂഡിൽ അല്ലായിരുന്നു ഞാൻ.
“” കേട്ടത് മുഴുവൻ സത്യമൊന്നുമല്ല ഭയ്യ…. പക്ഷേ ഇപ്പൊ അവളെന്റെ ഭാര്യയാണ് “”
വീണ്ടും വീണ്ടും അയാൾ ചോദിച്ചപ്പോൾ അത്രമാത്രം പറഞ്ഞ് അയാളെ ഒഴിവാക്കി.
” എന്റെ ഭാര്യ…!! ”
അതാലോചിച്ചപ്പോൾ എനിക്ക് ചിരി വന്നു. ആജന്മശത്രുക്കളായ ഞങ്ങൾ കല്യാണം കഴിച്ചു എന്ന് പറയണതിലും വലിയ തമാശയെന്താണ്. ജീവിതം നായനക്കിയെന്ന് കേട്ടിട്ടുണ്ടാവും… പക്ഷേ എന്റെ ജീവിതം താടകയാണ് നക്കിയത്.
ജോലിയൊക്കെ ഏതാണ്ടോതുക്കി ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴും താടക അവളുടെ കാബിൻ വിട്ട് പുറത്തിറങ്ങിയിട്ടില്ല.
അത് കാര്യമാക്കാതെ ഞാൻ കാന്റീനിലേക്ക് ചെന്നു.
സഹപ്രവർത്തകരുടെ കളിയാക്കലിന്റെയും കുത്തുവാക്കുകളുടെയും കാഠിന്യമേറിയെങ്കിലും ഭക്ഷണത്തിന്റെ വിലയറിയാവുന്നതുകൊണ്ട് അതിന് ചെവികൊടുത്തില്ല.
” സാർ… എങ്ങനുണ്ടായിരുന്നു… മാഡമെങ്ങനാ കൊള്ളാവോ… ഞങ്ങൾക്കെന്തേലും ഹോപ്പുണ്ടോ… ”
ഒരുത്തൻ വിളിച്ച് ചോദിച്ചതാണ്. അത് കേട്ട് അവിടിരുന്ന പെണ്പിള്ളേരുടെ ഒക്കെ മുഖം ചുളിയുന്നത് ഞാൻ കണ്ടു.
ഭൂമിയോളം താഴാം… പക്ഷേ വീണ്ടും ചവിട്ടിത്താഴ്ത്താൻ നോക്കിയാലെന്തുവേണം.
ക്ഷമയുടെ നെല്ലിപ്പലക്ക കടന്നിട്ട് ഒത്തിരി നേരമായിരിക്കുന്നു.
എന്നിൽ ഉറഞ്ഞുകൂടിയിരുന്ന ദേഷ്യം മുഴുവനും പൊട്ടിയൊലിച്ച് പുറത്തുവന്നു.
ഒരൊറ്റക്കുതിപ്പിന് പറഞ്ഞവന്റെ കഴുത്തിലെന്റെ പിടിവീണിരുന്നു.
“” ഇനിയുന്നിന്റെയീ പിഴച്ചനാവ് കുരച്ചെന്ന് ഞാനറിഞ്ഞാൽ അത് ഞാനരിയും… ചെയ്യൂന്ന് പറയുന്നതീ രാഹുലാണെ ചെയ്യാണ്ട് ഞാനിവിടന്നിറങ്ങില്ല..!””
എനിക്കുപോലും അന്യമായിരുന്ന എന്റെയുള്ളിൽ ഉറങ്ങിക്കിടന്ന മറ്റൊരു രാഹുലായിരുന്നു അത്.
വർഷങ്ങളോളം ഒരു ഇൻട്രോവെർട്ട് ആയിക്കഴിഞ്ഞ് പുറത്ത് പ്രകടിപ്പിക്കാതെ ഉള്ളിലൊതുക്കിയ ദേഷ്യവും ഫ്രസ്ട്രേഷനും എല്ലാങ്കൂടെ ഒറ്റയടിക്ക് പുറത്തുവന്നതാണ്.
എന്റെയാ ഭാവംകണ്ട് കാന്റീൻ നിശബ്ദമായി. ദേഷ്യത്താൽ ചുവന്ന കണ്ണുമായി ഓരോരുത്തരെയും വീക്ഷിക്കുമ്പോൾ അവരിൽ കണ്ട ഭയം… അതൊരു ലഹരിയായി എന്നിൽ പടരുന്നപോലെ.
അപ്പോഴും എന്റെ കയ്യിൽ കിടന്നു പിടഞ്ഞ അവനെ ഞാൻ നിലത്തുനിർത്തി. മുട്ടിൽ ഇരുന്ന് ആഞ്ഞുശ്വസിക്കാൻ ശ്രമിച്ചുകൊണ്ട് ഇരുന്ന അവനെ ഒന്ന് നോക്കി ഞാൻ എന്റെ കാബിനിലേക്ക് ചെന്നു.
കുറച്ച് നേരമെടുത്തു ദേഷ്യമൊന്നടങ്ങാൻ. എന്നാലത് അടങ്ങിയപ്പോ ഒരുതരം ഞെട്ടലായിരുന്നു എനിക്ക്. ഞാൻ തന്നെയാണോ അത് ചെയ്തത് എന്ന് വിശ്വസിക്കാൻ അല്പം പ്രയാസം തോന്നി.