ഞാനും അല്ലിയും അമ്മയും അച്ഛനും എയർപോർട്ടിലേക്ക് യാത്രയായി. കൂടെ താടകയും ഉണ്ട്. ഞാനാണ് ഡ്രൈവ് ചെയ്തത്. കാർ കൊണ്ടുപോവാത്തത് ഉപകാരമായിരുന്നു. എന്നും ബസ്സിലെ ഉന്തും തള്ളും സഹിക്കേണ്ടല്ലോ…!!
“” ഞങ്ങളെന്നാ പോട്ടേടാ…!! “”
അച്ഛനെന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു.
അതിന് മറുപടി പറയാതെ അച്ഛനെ നോക്കിനിന്നപ്പോൾ അച്ഛൻ തുടർന്നു.
“” നിനക്കെന്നോട് ദേഷ്യുണ്ടോടാ…! ഉണ്ടാവുംന്ന് അറിയാം… നിന്റെകൂടെ അഭിപ്രായം ഞാൻ നോക്കേണ്ടതായിരുന്നു.””
“” ഹേയ്… അതൊക്കെ കഴിഞ്ഞില്ലേ… ഇനീപ്പോ പറഞ്ഞിട്ടെന്തിനാ…! കുഴപ്പല്ല… “”
സത്യത്തില് എനിക്കച്ചനോടല്പം നീരസം തോന്നിയെന്നത് സത്യം തന്നെയാണ്. പക്ഷേ അത് മറച്ചുവച്ചു.
ഞാൻ പറഞ്ഞത് കേട്ട് അച്ഛൻ എന്നെ കെട്ടിപ്പിടിച്ചു.
കുറേ നാളുകൾക്ക് ശേഷമാണ് അച്ഛനെന്നെ ഇങ്ങനെയൊന്ന് ചേർത്തുപിടിക്കുന്നത്. ആ നെഞ്ചിൽ മുഴുവൻ ഞങ്ങളോടുള്ള സ്നേഹമാണെങ്കിലും അപൂർവമായി മാത്രമേ അച്ഛനത് പ്രകടിപ്പിക്കൂ.
കുറച്ചപ്പുറം അമ്മ തടകയേം ചുറ്റിപ്പിടിച്ച് നിൽപ്പുണ്ട്. ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു.
രണ്ടാൾടേം കണ്ണ് നിറഞ്ഞിരുന്നു.
“” കണ്ണാ ഞങ്ങളെന്നാ പോട്ടേട… നീയിവളേം കൂട്ടിയൊന്ന് വീട്ടിലേക്ക് വരണം… അത് അധികം വൈകിപ്പിക്കണ്ട കേട്ടോടാ…! “”
“” ഹ്മ്മ്… വരാം…. കുറച്ചുദിവസം അടുപ്പിച്ച് ലീവ് കിട്ടുവാണേൽ അപ്പൊ അങ്ങെത്തിക്കോളാം.. “”
അമ്മയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് അത് പറഞ്ഞപ്പോൾ അല്ലി കിടന്ന് ചിണുങ്ങി.
“” അമ്മക്ക് മാത്രേയുള്ളോ…. എനിക്കില്ലേ..””
ഞാനൊരു ചിരിയോടെ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുണ്ടമർത്തി.
“” സന്തോഷായിട്ട് പോയിട്ട് വാ… ഞാൻ പെട്ടന്നങ്ങുവരാട്ടോ.. “”
അല്ലിയെ ചേർത്ത് പിടിച്ചത് പറഞ്ഞപ്പോൾ അവളും എന്റെ കവിളിൽ ചുംബിച്ചു.
അവരെ യാത്രയാക്കി അവിടന്ന് ഇറങ്ങുമ്പോൾ എന്റെ കണ്ണിൽ ഒരു നീർത്തിളക്കമുണ്ടായിരുന്നു.
കാറിൽ താടക എന്നോടൊപ്പം മുന്നിൽ തന്നെയാണ് ഇരുന്നത്. കുറേ നേരത്തേ നിശബ്ദതയ്ക്ക് ശേഷം താടക ചിലച്ചുതുടങ്ങി.
“” മോനൂന് സുഖാണോ..?! “”
അമ്മ വിളിക്കണ ടോൺ ഇമിറ്റേറ്റ് ചെയ്ത് അവളെന്നെ ചൊറിഞ്ഞു.