അന്ന പുഞ്ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നിൽക്കുകയാണ്. സ്വയം വരത്തിന് മാലയുമായി നിൽക്കുന്ന കന്യകയുടെ പോലെയാണ് അവളുടെ നിൽപ്പ്. കണ്ണിൽ ഒരു തിളക്കമൊക്കെയുണ്ട്.
ക്ലാസ്സിൽ അതോടെ
‘അർജ്ജു’ ‘അന്ന’ ‘അർജ്ജു’ ‘അന്ന’ ‘അർജ്ജു ‘അന്ന’ അർജ്ജു’ ‘അന്ന’ എന്നായി ആരവം.
പെണ്ണുങ്ങളടക്കം പലരും വിളിച്ചു കൂകുന്നുണ്ട്. പെട്ടന്ന് അവൾ ബീന മിസ്സിൻ്റെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞിട്ട് എന്നെ ലക്ഷ്യമാക്കി നടന്നു വന്നു. അതോടെ ക്ലാസ്സ് നിശബ്‌ദമായി. എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിലാണ് എല്ലാവരും. അവൾ വന്ന് ഗിഫ്റ്റ എൻ്റെ നേരേ നീട്ടി. എനിക്കെന്തോ അന്നേരം അവളെ അപമാനിക്കാൻ തോന്നിയില്ല. ഞാൻ എഴുന്നേറ്റ് നിന്ന് അത് സ്വീകരിച്ചു.
“മെറി ക്രിസ്മസ് അർജ്ജു”
അതോടെ ക്ലാസ്സിൽ ഹർഷാരവം മുഴങ്ങി. അവളുടെ മുഖം സന്തോഷത്താൽ വിടർന്നു. അല്പനേരത്തിനകം അത് സങ്കടമായി മാറും. അവൾ സീറ്റിലേക്ക് പോയി. അടുത്തത് അനുപമ അത് കഴിഞ്ഞാൽ പിന്നെ ഞാൻ. കൈയും വീശി വന്നിട്ട് അവസാനം അവളുടെ കൈയിൽ നിന്ന് ഗിഫ്റ്റ് വാങ്ങിയിരിക്കുന്നു. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി.
എൻ്റെ പേര് വിളിച്ചതും എല്ലാവരും പഴയതു പോലെ വിളിച്ചു കൂവി.
‘അർജ്ജു ‘അർജ്ജു’ ‘അർജ്ജു അർജ്ജു
പക്ഷേ ഞാൻ അവിടെ സീറ്റിൽ തന്നെ ഇരുന്നു. പൊടുന്നെനെ ക്ലാസ്സ് നിശബ്ദമായി. എല്ലാവരും എന്നെ തിരിഞ്ഞു നോൽക്കുന്നുണ്ട്. രാഹുൽ മാത്രം തല കുമ്പിട്ടിരിക്കുകയാണ്.
ബീന മിസ്സ് അർജ്ജുൻ എന്ന് വിളിച്ചു. കലിപ്പ് മോഡ് ആകാതെ ഒരു രക്ഷയുമില്ല എന്ന് എനിക്ക് മനസ്സിലായി. ഞാൻ എൻ്റെ മുഖത്ത് രൗദ്രത വരുത്തി എന്നിട്ട് ബീന മിസ്സിനെ കലിപ്പിച്ചു നോക്കി. സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ ഗിഫ്റ്റ് ഒന്നും കൈയിലില്ല എന്ന് ആംഗ്യം കാണിച്ചു.
ക്ലാസ്സിലെ അത് വരെയുള്ള സന്തോഷ് നിമിഷത്തിന് കരി നിഴൽ വീണിരിക്കുന്നു ബീന മിസ്സ് എന്നെ തുറിച്ചു നോൽക്കുന്നുണ്ട്. അവരെന്നെ ഗെറ്റ് ഔട്ട് അടിച്ചിരുന്നേൽ എന്ന് വരെ ഞാൻ ആശിച്ചു. അരുൺ സർ മിസ്സിൻ്റെ ചെവിയിൽ എന്തോ പറഞ്ഞതും അവർ അടുത്ത ആളെ വിളിച്ചു. പിന്നെ കുറച്ചു നേരത്തേക്ക് ക്ലാസ്സിൽ ആരവമൊന്നുമുണ്ടായില്ല.