പെണ്ണുമ്പിള്ളേക്ക് വേറെ പണിയൊന്നുമില്ലേ ക്രിസ്‌മസ് ആഘോഷത്തിൻ്റെ ഇടയിലാണ് പരീക്ഷയെ കുറിച്ച് പറയുന്നത്. ബീന മിസ്സും, സൂസൻ മിസ്സും അരുൺ സാറും ഉണ്ട്. എങ്കിലും കാണികളുടെ റോൾ മാത്രം.
മാത്യു ആണ് സാന്ത അപ്പൂപ്പൻ. ആദ്യം കരോൾ ഗാനം. കുറച്ചു കലാപരിപാടികൾ ഗെയിംസ് എല്ലാം അടിപൊളിയായി മുന്നേറി.
“ഇനി നിങ്ങൾ എല്ലാവരും വെയിറ്റ് ചെയ്യുന്ന ക്രിസ്മസ് ഗിഫ്റ്റ കൈമാറ്റം. റോൾ നമ്പർ അനുസരിച്ചാണ് കൈമാറ്റം. നമ്പർ അനുസരിച്ചു താഴെ വന്ന് ക്രിസ്മസ് ട്രീയുടെ താഴെ നിന്ന് ഗിഫ്റ്റ എടുത്ത് അവരുടെ ക്രിസ്മസ് ഫ്രണ്ട് ആരാണോ അവർക്ക് കൈമാറണം.”
ബീന മിസ്സ് കാര്യങ്ങൾ വിശുദ്ധീകരിച്ചതോടെ സംഭവം കൈ വിട്ടു പോയി എന്ന് എനിക്ക് മനസ്സിലായി.
ഞാൻ കരുതിയത് ഗിഫ്റ്റ വെറുതെ എപ്പോഴെങ്കിലും കൈമാറിയാൽ മതി എന്നായിരുന്നു. ഇതിപ്പോ എല്ലാവരുടെയും മുൻപിൽ വെച്ചാണ് കൈമാറ്റം. പോരാത്തതിന് ടീച്ചിങ് സ്റ്റാഫും വന്നിരിക്കുന്നു. സംഭവം പാളി എന്ന് രാഹുലിനും മനസ്സിലായി അവൻ എന്നെ തിരിഞ്ഞു നോക്കി എന്താ ചെയ്യുക എന്നൊക്കെ ആംഗ്യം കാണിച്ചു ചോദിക്കിക്കുന്നുണ്ട്. അവൻ്റെ കോപ്പിലെ ഐഡിയ ആണെല്ലോ കൈയ്യും വീശി ചെല്ലുക എന്നത്.
ആദ്യ റോൾ നം. വിളിച്ചതും അബി എഴുന്നേറ്റ് ചെന്ന് ക്രിസ്മസ് ട്രീയുടെ താഴെ നിന്ന് അവൻ കൊണ്ടുവന്ന ഗിഫ്റ്റ എടുത്തു സീനാ എന്ന് കുട്ടിയെ വിളിച്ചു ഒരു ഹാപ്പി ക്രിസ്‌മസ് പറഞ്ഞു ഗിഫ്റ്റ് കൊടുത്തു. കുറെ പേർ ആർപ്പുവിളിച്ചു.
മൂന്നാമതായി അന്നയുടെ ഊഴമാണ് ഞാൻ അങ്ങോട്ട് ചെല്ലേണ്ടി വരും അഞ്ചാമതായി ഞാനും. കൈയും വീശി വന്ന ഞാൻ എന്തു എടുത്തു കൊടുക്കാൻ. ക്രിസ്‌മസ് ട്രീയുടെ അടിയിൽ നിന്ന് ചുമ്മാ ഏതെങ്കിലും എടുത്ത് കൊടുത്താൽ മാത്രം രക്ഷപെടാം. പക്ഷേ ഒർജിനലായി ഗിഫ്റ്റി വാങ്ങിയ ആൾ അപ്പൊ തന്നെ കണ്ടുപിടിക്കും.
‘അന്ന’ ‘അന്ന’ ‘അന്ന’ ‘അന്ന’ ‘അന്ന’ ‘അന്ന’
എന്ന് ആരവം കേട്ടപ്പോളാണ് ഞാൻ മുന്നോട്ട് നോക്കിയത്. അവൾ സ്മാർട്ടായി നടന്നു ചെന്ന് നല്ല ഭംഗിയായി റാപ് ചെയ്‌ത ഒരു ഗിഫ്‌റ്റ എടുത്ത് തിരിഞ്ഞു നിന്ന് എന്നെ നോക്കി. ഞാൻ സീറ്റിൽ തന്നെ ഇരുന്നു. അവൾക്ക് ഗിഫ്റ്റൊന്നും കൊടുക്കാത്ത സ്ഥിതിക്ക് അവളുടെ കൈയിൽ നിന്ന് വാങ്ങുന്നത് ശരിയല്ലല്ലോ