എബിയ്ക്കു വല്ലാത്ത കുറ്റബോധം തോന്നി. പാവം പെണ്ണ്. അവളുടെ അമ്മയുടെ തനിസ്വഭാവം അവൾക്കറിഞ്ഞൂടാ. ഡീ! മമ്മീടെ കാര്യമറിഞ്ഞു. എന്തുപറ്റി? പെട്ടെന്നിങ്ങനെ? ഞാൻ ആശുപത്രീലാണ്. ഫോണെടയ്ക്കു കേടായി. ഇത്തിരി ദിവസം കൂടി എടുക്കും. നീ പറ്റുമ്പോൾ മെസേജ് ചെയ്യണം….
പിന്നെ അമ്മച്ചിയെ വിളിച്ചു.
എന്നാടാ ഇത്! മൂന്നു ദിവസമായി. നിന്നെ വിളിയോടു വിളിയാണ്. ഫോൺ ഓഫാണ്. ഇപ്പഴെങ്കിലും ഒന്നു വിളിച്ചല്ലോ.. ത്രേസ്യാമ്മ പാതി ശകാരവും പാതി പരിഭവവും കലർന്ന സ്വരത്തിൽ പ്രതികരിച്ചു.
എബിയ്ക്കു ചിരി വന്നു… ഇവിടെ മനുഷ്യൻ്റെ തലയ്ക്കു തീപിടിക്കുമ്പോഴാണ് അമ്മച്ചീടെ നിഷ്കളങ്കമായ ദേഷ്യപ്പെടൽ.
എൻ്റമ്മച്ചീ. ഫോൺ വെള്ളത്തീ വീണു. ഇതു ഗോവയല്ല്യോ. എല്ലാമങ്ങ് സാമട്ടിലാന്നേ! എബി ത്രേസ്യയെ തണുപ്പിക്കാൻ ശ്രമിച്ചു.
എടാ കൊച്ചനേ! ലാൻഡ് ലൈനില്ലിയോ? ഇനി ഗോവേല് അതുമില്ലെന്നു പറ! അവർക്കിത്തിരി അരിശം വന്നു.
ശരി ശരിയമ്മച്ചീ. വിളിച്ചോളാമേ! എബി മനസ്സുകൊണ്ടൊന്നു തൊഴുതു.
ആ വെയ്ക്കാൻ വരട്ടെ. ഞാൻ ഗണകൻ സാറു പറഞ്ഞ കാര്യങ്ങള് നിന്നോടു പറഞ്ഞില്ലാരുന്നോ? എല്ലാം ചെയ്തോടാ?
ആ പള്ളീപ്പോയാരുന്നു. എബി അമ്മച്ചിയന്നു പറഞ്ഞതൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ചു.
ഗണപതീടമ്പലത്തില് വഴിപാട് കഴിപ്പിച്ചോ? ഓ! വിട്ടുപോയമ്മച്ചീ. എബി നാവു കടിച്ചു. ഞാൻ ചെയ്യിച്ചോളാം.
മോനേ! ത്രേസ്യാമ്മയുടെ സ്വരത്തിൽ അവനോടുള്ള സ്നേഹം പുരണ്ട മാർദ്ദവം കലർന്നു. നീയതങ്ങോട്ടു കഴിപ്പിച്ചാട്ടെ. ഗണകൻ സാറ് ഒന്നും കാണാതങ്ങനെ പറയുന്നാളല്ല…
ഇന്നു തന്നെ ചെയ്യാമമ്മച്ചീ. ഫോൺ വെക്കുവാണേ! കുമുദ്! അവനുറക്കെ വിളിച്ചു.
നീയിതു കഴിക്ക്. ഗണേഷ്ജീടെ പ്രസാദമാണ്. കുമുദ് മധുരമുള്ള മോദകങ്ങൾ അവൻ്റെ നേർക്കു നീട്ടി.
എബി മുറ്റത്ത് ചാർപ്പായിൽ തലയണകൾ കുന്നുകൂട്ടി ചാരിക്കിടപ്പായിരുന്നു. മൂന്നു ദിവസങ്ങൾ കഴിഞ്ഞിരുന്നു. ക്ഷീണം മെല്ലെയകന്നു. മീൻ എരിവില്ലാതെ കറിവെച്ചതും കിച്ച്ടിയും, സൂപ്പുമെല്ലാം അവളവനെയൂട്ടിയിരുന്നു.
രുചിയുള്ള മോദകങ്ങൾ അവർ രണ്ടുപേരും കഴിച്ചു.. ശ്യാം, നീ മാ പറയണണത് കേക്കണം. തിരിച്ചു നാട്ടിൽപ്പോയി ഒരു കല്ല്യാണവും കഴിച്ച് കുടുംബം പുലർത്തണം.
ഞാനും സ്റ്റെല്ലയും… ഞങ്ങടെ ജീവിതങ്ങളോ ഇങ്ങനെയായി. ഞങ്ങളിങ്ങനെയൊക്കെ കഴിഞ്ഞോളാമെടാ കുട്ടാ.. അവൻ്റെ കുറ്റിത്താടി വളർന്ന ഇത്തിരി ഒട്ടിത്തുടങ്ങിയ കവിളുകളിൽ അവൾ തലോടി.