ആ അങ്കിൾ ! അവളാ കൈത്തണ്ടയില് ഒരു നുള്ള് കൊടുത്തിട്ടോടി. ഹഹ.. തടിയന്റെ ചിരി പിന്നില് മുഴങ്ങി.. അയ്യോ! അവളയാരെയോ ചെന്നിടിച്ചു. വീഴാൻ പോയപ്പോൾ രണ്ടു കൈകൾ വന്നു താങ്ങി. തല ഉലർത്തിയപ്പോൾ പെട്ടെന്ന് ഹൃദയമിടിപ്പ് കൂടി. ഉയരമുള്ള, ഇരുനിറത്തിലും ഇത്തിരികൂടെ വെളുത്ത നിറമുള്ള ഒരു ചെക്കൻ. അവന്റെ തഴച്ചു വളരുന്ന താടി. നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിച്ചുരുളുകൾ.. ചിരിക്കുന്ന കണ്ണുകൾ .. ഇട്ടിരുന്ന ബനിയനിൽ അവന്റെ പേശികൾ തെളിഞ്ഞു കാണാമായിരുന്നു.
ഓ പെണ്ണേ.. കണ്ണു കാണില്ലേടീ? ആ സ്വരത്തിലും ചിരി….. പോടാ. അവൾ അവനെ കൊഞ്ഞനം കുത്തിക്കാണിച്ചു. അപ്പോഴും നാണമില്ലാത്ത ചെക്കൻ നിന്നു ചിരിക്കുന്നു!
അന്നു മുഴുവനും അവളും അവനും പിതാജിയുടെ മേൽ നോട്ടത്തിൽ പാകമായ കശുവണ്ടികൾ പറിച്ചു കുട്ടകളിൽ ശേഖരിച്ചു. രണ്ടാഴ്ചത്തെ നടുവൊടിയ്ക്കുന്ന പണിയായിരുന്നു. ഒന്നു രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പിതാജി അവരെ ഒറ്റയ്ക്കു വിട്ടു. ശ്യാം.. ബോംബെയിൽ വാർക്കപ്പണിക്ക് നിന്നിരുന്ന അവനെ ഡിസൂസ അവിടെവെച്ചാണ് കണ്ടത്. പുള്ളി ഒപ്പം കൂട്ടി.
പണിയെടുക്കുന്നതിന് അവനൊരു വശമുണ്ടായിരുന്നു. തോട്ടികൊണ്ട് പഴുത്ത കാശുമാങ്ങകൾ പറിക്കുമ്പോഴും മോളിലെ ചില്ലകളിലേക്ക് ഒരു കുരങ്ങനെപ്പോലെ വലിഞ്ഞു കയറുമ്പോഴും യാതൊരു ആയാസവുമില്ല. എപ്പോഴും ചിലച്ചുകൊണ്ടിരുന്ന അവളെ നോക്കി ചിലപ്പോഴെല്ലാം അവൻ കുസൃതി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു. മെല്ലെ മെല്ലെ… ആദ്യത്തെ ആഴ്ച്ച കഴിഞ്ഞപ്പോഴേക്കും അവനെ കാണാനിത്തിരി താമസിച്ചാൽ അവൾക്കെന്തോ മനസ്സിലൊരു വിങ്ങലായിരുന്നു..
സ്കൂളിൽ പഠിക്കുമ്പോഴൊക്കെ ആമ്പിള്ളേരടെ നോട്ടങ്ങളും, അവന്മാരടുക്കാൻ കഷ്ട്ടപ്പെടുന്നതുമൊക്കെ അവളിത്തിരി പുച്ഛം കലർന്ന തമാശയോടെയായിരുന്നു കണ്ടത്. പക്ഷേ അവളു പഠിച്ചതങ്ങ് സത്താറയിലായിരുന്നു. വീട്ടിലാണെങ്കിൽ പിതാജി മാത്രം. പിന്നെ ചുറ്റുവട്ടത്തുള്ള പെണ്ണുങ്ങൾ… ഒന്നുകിൽ വെള്ളമടിച്ചു വരുന്ന കണവന്മാരെ തെറിവിളിച്ചൊതുക്കുന്ന വഴക്കാളികൾ… അല്ലെങ്കിൽ അമ്മൂമ്മമാർ… സ്വന്തം പ്രായത്തിലുള്ള ഒരു കൂട്ടുകാരിക്കു വേണ്ടി അവളുടെ മനം കേണു. വളക്കൂറുള്ള മണ്ണിൽ കുസൃതിക്കാറ്റു വിതച്ച നൊമ്പരം കലർന്ന വിത്തുകൾ പൊട്ടിമുളയ്ക്കുമ്പോഴുള്ള വിവരിക്കാനാവാത്ത വികാരങ്ങൾ… അതിൽ പൂത്തുലയുന്ന കൗമാരത്തിൻ്റെ അവസാനത്തെ പടവിൽ നിന്നാടുമ്പോഴുള്ള ഉന്മാദം… ഇതൊക്കെയാരോടെങ്കിലും പങ്കിടാനവൾ ദാഹിച്ചു…
ഡീ നീയിങ്ങു വന്നേ. ഒരു ദിവസം കാലത്ത് കെഴവൻ ഡിസൂസ അവളെ അടുത്തേക്ക് വിളിച്ചു. ഇടയ്ക്കെല്ലാം അങ്ങേരടെ വിരലുകൾ ഇത്തിരി കുസൃതി കാട്ടാറുണ്ടായിരുന്നെങ്കിലും അതിലൊന്നും അവളെ നോവിക്കുന്ന ഒന്നുമില്ലായിരുന്നു. അവളൊരു പൂമ്പാറ്റയെപ്പോലെ പറന്നു ചെന്നു.