അപ്പോഴേക്കും സ്റ്റേജിൽ അന്ന ഞങ്ങളുടെ ബാച്ച്കാർ അവതരിപ്പിക്കുന്ന സ്കിറ്റ അന്നൗൻസ് ചെയ്‌തു. എന്തായാലും അരമണിക്കൂർ കാണും. സ്റ്റേജിൽ നിന്നിറങ്ങിയതും അവൾ വീണ്ടും അവൻ്റെ അടുത്തേക്ക് ചെന്നു. ഈ തവണ ഞാൻ നിൽക്കുന്ന സൈഡിലൂടെ ആണ് നടന്നു വന്നത്. അവിടെ നിൽക്കുന്ന എന്നെ കണ്ടതും അവളുടെ മുഖത്തു ആദ്യം ഒരു ഞെട്ടലും പിന്നെ ഒരു ചമ്മലും വന്നു. എങ്കിലും വേഗത്തിൽ അവൾ അത് മറച്ചു പിടിച്ചു അവൻ്റെ അടുത്തേക്ക് നീങ്ങി. അവർ എന്തോക്കെയോ സംസാരിച്ചു നിൽക്കുന്നുണ്ട്.
സ്റ്റേജിൽ സ്കിറ്റ് തകർക്കുകയാണെങ്കിലും എൻ്റെ ശ്രദ്ധ മുഴുവൻ അവരിലാണ്. തലേ ദിവസം അന്നയെ കുറിച്ച് രാഹുൽ പറഞ്ഞതു കൊണ്ടാണോ അതോ അവൾ ആ ചെറുപ്പക്കാരൻ്റെ അടുത്തു പോയി സംസാരിക്കുന്നത് കണ്ടത് കൊണ്ടാണോ എന്നറിയില്ല എനിക്ക് എന്തോ മനസ്സിൽ വല്ലാത്ത ദേഷ്യം തോന്നുന്നു. ആ തെണ്ടി രാഹുലിനെ ആണെങ്കിൽ കാണാനുമില്ല. അവൻ വന്നിരുന്നെങ്കിൽ പോകാമായിരുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൻ്റെയും അന്നയുടെയും സംസാരം എന്നെ കുറിച്ചാണ് എന്ന് വ്യക്തമായി. അവൻ്റെ മുഖ ഭാവം പെട്ടന്ന് മാറി. എന്നെ കലിപ്പിൽ നോക്കുന്നുണ്ട്. സ്റ്റേജിൽ നിന്നുള്ള അരണ്ട വെളിച്ചത്തിലും അത് വ്യക്തമാണ്. അന്ന അവനോട് വീണ്ടും എന്തോക്കയോ പറയുന്നുണ്ട്. പക്ഷേ അവൻ ചിറഞ്ഞു തന്നെയാണ് എന്നെ നോക്കുന്നത്. ഞാൻ തിരിച്ചും.
സംഭവം പന്തിയല്ല എന്ന് അന്നക്ക് മനസ്സിലായി എന്ന് തോന്നുന്നു അവൾ അവൻ്റെ കൈയിൽ കയറി പിടിച്ചു. അത് കണ്ടതും എൻ്റെ ദേഷ്യം ഒന്ന് കൂടി വർദ്ധിച്ചു. അവൻ പെട്ടന്ന് വാകൊണ്ട് പോടാ പോടാ എന്ന് ആംഗ്യം കാണിച്ചു.
പെട്ടന്ന് ഞാൻ അവൻ്റെ അടുത്തേക്ക് നീങ്ങി എൻ്റെ വരവ് കണ്ട് അവൻ ഭയന്ന് ഒരടി പിന്നോട്ട് മാറി. അന്നയും തരിച്ചു നിൽക്കുകയാണ്. എനിക്കെന്തോ സ്വയം നിയന്ത്രിക്കാനായില്ല ഞാൻ കൈ വീശി അവൻ്റെ മുഖത്തിനിട്ടു ഒന്ന് പൊട്ടിച്ചു. അവൻ പിന്നോട്ടൊന്ന് വെച്ചു പോയി. അടുത്ത നിമിഷം എൻ്റെ മുഖത്തിന് നേരേ അന്ന കൈ വീശിയതും ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു. ഞാൻ അവളുടെ മുഖത്തക്ക് നോക്കി ആള് നല്ല ദേഷ്യത്തിൽ ആണ് കണ്ണൊക്കെ നിറഞ്ഞു ഒഴുക്കാറായിട്ടുണ്ട് .