പെട്ടന്ന് അവളുടെ വായിൽ നിന്ന് ആ വാക്കുകൾ വന്നു
” ഹലോ ഗുഡ് മോർണിംഗ്”
എൻ്റെ മനസ്സിലേക്ക് ആദ്യ ക്ലാസ്സിൻ്റെ അന്ന് അവൾ അപമാനിച്ചു കൊണ്ട് പറഞ്ഞ ഗുഡ്മോർണിംഗ് ആണ് കടന്ന് വന്നത്. എൻ്റെയുള്ളിൽ കോപം ഇരച്ചു കയറി. ഞാൻ ദേഷ്യത്തിൽ അവളെ നോക്കി. കൺട്രോൾ അർജ്ജുൻ കണ്ട്രോൾ. ഒരു നിമിഷം അവൾ ഞെട്ടി എന്നുറപ്പാണ് എങ്കിലും അവൾ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു
” മോർണിംഗ് അർജ്ജുൻ ”
അന്നത്തെ പോലെ പുച്ഛമോന്നുമില്ല. യഥാർത്ഥമായി ആണ് അവൾ വിഷ് ചെയ്‌തിരിക്കുന്നത്. എങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. ഞാൻ വേഗം ലാപ്ടോപ്പിലേക്ക് തന്നെ നോട്ടം മാറ്റി. ക്ലാസ്സിൽ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഞാൻ എന്തു ചെയ്യണം എന്നറിയാതെ ലാപ്ടോപ്പിൽ തന്നെ നോക്കിയിരുന്നു.
ആ പീരീഡ് ബീന മിസ്സാണ് വന്നത് . ക്ലാസ്സ് എടുക്കുന്നതിനിടയിൽ പുള്ളിക്കാരിയുടെ ശ്രദ്ധ മുഴുവൻ എന്നെയും അന്നെയെയുമാണ്. എൻ്റെ ഭാവം കണ്ടിട്ടാണോ എന്നറിയില്ല മിസ്സിന് ചിരി വരുന്നതായി എനിക്ക് തോന്നി. അവൾ സൈഡിൽ എന്തെടുക്കുകയാണ് എന്ന് നോക്കണം എന്നുണ്ട്. പക്ഷേ കടിച്ചു പിടിച്ചിരുന്നു. അകെ പാടെ ഉള്ളൊരു ആശ്വാസം ആ പെർഫ്യൂമിൻ്റെ മണമാണ്.
ഇന്റർവെൽ ആയപ്പോൾ ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി നേരെ ക്യാന്റീനിലേക്ക്. ആകെ പാടെ ഒരു വീർപ്പുമുട്ടൽ. രാഹുൽ ചിരിച്ചു കൊണ്ടാണ് വരുന്നത്. കൂടെ ജെന്നിയുമുണ്ട്. ഞാൻ കൈകാര്യം ചെയ്യാം എന്ന് പറഞ്ഞതൊക്കെ പാളി എന്ന് അവൻ്റെ മുഖത്തെ ആ ചിരിയിൽ തന്നെയുണ്ട്.
ഡാ എന്തായി. എനിക്ക് ദേഷ്യം വരുന്നുണ്ട് എന്ന് അറിഞ്ഞോണ്ടാണ് അവൻ്റെ കൊണച്ച ചോദ്യം
“നീ ഒന്ന് മിണ്ടാതിരുന്നേ “ ജെന്നി അവനോട് പറഞ്ഞു
“അർജ്ജു നീ വിചാരിക്കുന്ന പോലെ ഇത് അടിച്ചും ഇടിച്ചും തീർക്കാൻ പറ്റില്ല. അന്ന ഒരു പെണ്ണാണ്. നല്ല ബുദ്ധിയുള്ള പെണ്ണ്.”
ജെന്നിയാണ് എന്നോട് പറഞ്ഞത്.
“പെണ്ണൊരുമ്പിട്ടാൽ എന്ന് കേട്ടിട്ടേയുള്ളു ഇപ്പൊ കണ്ടു” രാഹുൽ കൂട്ടി ചേർത്തു.
ജെന്നി പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നി കുറച്ചു നാൾ മൈൻഡ് ചെയ്യാതിരിക്കുക. അതോടെ തീരുന്നെങ്കിൽ തീരട്ടെ.