“അന്നേ, നിനക്ക് അർജ്ജുവിനെ ഇഷ്‌ടമാണോ?”
ഒരു നിമിഷത്തേക്ക് അന്ന ഒന്ന് പകച്ചു.
ക്ലാസ്സ് കഴിഞ്ഞിട്ട് പറയാം എന്ന് തത്കാലം ഒഴിവ് പറഞ്ഞു.
അന്നയാണെങ്കിൽ കീർത്തനയുടെ അടുത്ത് എന്തു പറയണം എന്നാലോചനയിലാണ്. കീർത്തനയാണെങ്കിൽ അന്ന എന്തു പറയും എന്ന ആലോചനയിലാണ്.
ക്ളാസ്സ് കഴിഞ്ഞതും ഗ്രൂപ്പ് പ്രസൻ്റെഷന് സ്ലൈഡ് ഉണ്ടാക്കാനുണ്ട് അത് കൊണ്ട് വൈകും എന്ന് അവളുടെ ചെറിയമ്മക്ക് മെസ്സേജ് ഇട്ടു. എല്ലാവരും പോയപ്പോൾ അവൾ വീണ്ടും അന്നയോട് ചോദിച്ചു
“അന്നേ നിനക്ക് അർജ്ജുവിനെ ഇഷ്‌ടമാണോ? അങ്ങനെ ഒരു സംസാരം ഞാൻ കേട്ടല്ലോ ?”
അന്ന അല്പനേരത്തേക്കു ഒന്നും മിണ്ടിയില്ല.
എന്നിട്ട് അവളുടെ ലാപ്ടോപ്പിലേക്ക് ഗൂഗിൾ ഡ്രൈവിൽ നിന്ന് അർജ്ജു അവൾക്കിട്ട് കൊടുത്ത പണിയുടെ C.C.T.V വീഡിയോ ഡൗൺലോഡ് ചെയ്‌ത് ശേഷം കീർത്തനയെ കാണിച്ചു കൊടുത്തു. വീഡിയോ കണ്ട കീർത്തന നിശബ്ദയായി.
“അവനെ സ്‌നേഹിക്കാൻ കഴിയും എന്ന് നിനക്ക് തോന്നുണ്ടോ കീർത്തനേ? എനിക്ക് അവനോട് തീർത്താൽ തീരാത്ത പക മാത്രമാണ് ഉള്ളത്. ഇപ്പോൾ ഇങ്ങനെ ഒരു കിംവദി ഉണ്ടായത് ഞാൻ ഉപയോഗിക്കാൻ പോകുകയാണ്. നീ അന്ന് തന്ന വാക്ക് ഓർമ്മയുണ്ടല്ലോ എൻ്റെയും അർജ്ജുവിൻ്റെയും ഇടയിൽ ഒരു കാര്യത്തിനും നീ വരില്ല എന്ന്.”
പിന്നെ ഈ വീഡിയോ നീ കണ്ടിട്ടില്ല ഞാൻ ഈ പറഞ്ഞത് നീ കേട്ടിട്ടുമില്ല.
കീർത്തന തല കുലുക്കി സമ്മതിക്കുക മാത്രം ചെയ്‌തു. കാരണം അർജ്ജുവിൻ്റെ ആ പ്രവർത്തി കീർത്തനയെ സംബന്ധിച്ചു ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല.
അങ്ങനെ അന്ന രണ്ടും കൽപ്പിച്ചു അർജ്ജുവുമായിട്ടുള്ള രണ്ടാം ഘട്ടം തുടങ്ങി വാർ ആൻഡ് ലവ്.
പിറ്റേ ദിവസം ക്ലാസ്സ് തുടങ്ങനുള്ള അവസാന ബെൽ അടിച്ചപ്പോളാണ് അന്ന ക്ലാസ്സിലേക്ക് കയറിയത്. ഒരു പുഞ്ചിരിയുമായി നേരെ കയറി ചെന്ന് അർജ്ജുവിൻ്റെ അടുത്തു ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു. പഠിപ്പിക്കാൻ വന്ന സൂസൻ മിസ്സ് അടക്കം എല്ലാവരും തിരിഞ്ഞു നോക്കുന്നുണ്ട്. തൻ്റെ വരവിൽ അർജ്ജുവും ഒന്നമ്പരന്നിട്ടുണ്ട്. ചിലരൊക്ക കുശുകുശുക്കുന്നുണ്ട്. വേറെ ചിലരാകട്ടെ പൊട്ടിത്തെറിയുണ്ടാകും എന്ന മട്ടിലാണ് നോക്കുന്നത്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി കേട്ടിരുന്ന കിംവദന്തിക്ക് ചുവന്ന പേന കൊണ്ട് അടി വര ഇടുന്നതായിരുന്നു അന്നയുടെ പ്രവർത്തി.