“സോറി ഡി. നീ ഇന്നലെ പെട്ടന്ന് അവൻ്റെ അടുത്ത് പോയി ഇരുന്നപ്പോൾ എനിക്ക് ദേഷ്യം വന്നു.”
കീർത്തന അൽപ്പ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
“നമ്മുക്ക് ഇതിനെകുറിച്ച ബ്രേക്കിന് ക്യാന്റീനിൽ പോയി സംസാരിക്കാം.”
അന്ന പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. രണ്ട് പേരും കൂടി ബ്രേക്കിന് ക്യാന്റീനിൽ പോയി ആളൊഴിഞ്ഞ ഒരു ഭാഗത്തായി ഇരുന്ന്.
അന്ന വീണ്ടും അവളോട് സോറി പറയാൻ തുടങ്ങി.
“ അന്നേ ഞാൻ നിൻ്റെ അടുത്ത് നേരത്തെ പറയേണ്ടിയിരുന്നു. “
“അത് കുഴപ്പമില്ല കീർത്തു സീറ്റ് മാറി ഇരിക്കുന്നതിനെക്കുറിച്ചൊക്കെ എന്തിന് നേരത്തെ പറയണം. തെറ്റ് എൻ്റെ ഭാഗത്തല്ലേ. എനിക്കുണ്ടായ അനുഭവം വെച്ച് ഞാൻ അങ്ങനെയൊന്നും പെരുമാറാൻ പാടില്ലായിരുന്നു.”
കീർത്തന അൽപ്പ സമയം ഒന്നും മിണ്ടിയില്ല എന്നിട്ട് അന്നയോട് പതുക്കെ പറഞ്ഞു.”
“എനിക്ക് അർജ്ജുവിനെ ഇഷ്ടമാണ്.”
അത് കേട്ടതും അന്ന മരവിച്ചു പോയി. എന്തു പറയണം എന്ന് അവൾക്കറിയാതെയായി. അവളുടെ മനസ്സിലുള്ളത് മറയ്ക്കാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ ചെറുതായി നിറഞ്ഞു. ഒന്നും കാണാനും പറയാനും പറ്റാത്ത അവസ്ഥ,
“ഡി എനിക്കറിയാം അർജ്ജു നിൻ്റെ ശത്രു ആണെന്ന്. അവനെ കുറിച്ചു എനിക്കൊന്നും തന്നെ അറിയില്ല എങ്കിലും എപ്പോളോ ഞാൻ അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. തത്കാലം നീ ഇതാരോടും പറയരുത്. ഇപ്പോൾ തന്നെ ചെറിയമ്മക്ക് ചില സംശയങ്ങൾ ഒക്കെ ഉണ്ട്.”
കീർത്തന പറഞ്ഞതൊന്നും തന്നെ അന്ന കേൾക്കുന്നുണ്ടായിരുന്നില്ല. കുലുക്കി വിളിച്ചപ്പോളാണ് അന്ന സുബോധത്തിലേക്ക് വന്നത്. അവൾ എല്ലാം മനസ്സിലി ഒതുക്കി ഒന്ന് ചിരിച്ചു കാണിച്ചു. ഒരാളുടെ ഇഷ്ടത്തെ തടഞ്ഞു നിർത്താനാകില്ല എന്ന് അവൾക്ക് മനസ്സിലായി. പിന്നെ അർജ്ജു അവളെ ഇഷ്ടപെടുന്നൊന്നുമില്ലല്ലോ. മാത്രമല്ല കീർത്തന തൻ്റെ കൂട്ടുകാരി കൂടി ആണ്. അവൾക്ക് എതിരെ ഞാൻ ഒന്നും പ്രവർത്തിക്കില്ല. അത് കൊണ്ട് തൽക്കാലം വരുന്നിടത്തു വെച്ച് കാണാം.
“നിനക്ക് അവനെ ഇഷ്ടപെടാനുള്ള എല്ലാ സ്വാതന്ത്യ്രവും ഉണ്ട് ഞാൻ അതിൽ ഇടപെടില്ല. പക്ഷേ നീ എനിക്കൊരു വാക്ക് തരണം. ഞങ്ങളുടെ ഇടയിലേക്ക് നീ ഒരു കാര്യത്തിനും കടന്ന് വരരുത് എന്ന്.”
അന്നയും അർജ്ജുവും തമ്മിലുള്ള ശത്രുതയെ കുറിച്ചയിരിക്കും അന്ന പറയുന്നത് എന്നാണ് കീർത്തന കരുതിയത്. അവൾ സമ്മതമെന്നു തല കുലുക്കി സമ്മതിച്ചു. ഓരോ ചായ കുടിച്ചിട്ട് അവരിരുവരും ക്ലാസ്സിലേക്ക് പോയി.