എന്നും അവളുടെ കൂടെ ഇരിക്കാറുള്ള കീർത്തന അന്നയുടെ ചെവിയിൽ എന്തോ പറഞ്ഞിട്ട് ഞാനിരിക്കുന്ന ഡെസ്കിൽ എൻ്റെ അരികിൽ ഒഴിഞ്ഞു കിടന്ന സീറ്റിൽ വന്നിരുന്ന. ഇരിക്കുന്നതിന് മുന്നേ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുവെങ്കിലും അത് അത്രക്കങ്ങു വിജയിച്ചില്ല. അവളുടെ മുഖത്തു ചെറിയ ഭയം നിഴലിക്കുന്നുണ്ട്.
കുറെ പേർ അവൾ എൻ്റെ അടുത്ത് വന്നിരിക്കുന്നത് കണ്ട് തിരിഞ്ഞു തിരിഞ്ഞു നോൽക്കുന്നുണ്ട്. കാരണം ഒരു പെണ്ണും ഇത് വരെ ക്ലാസ്സിൽ എൻ്റെ അടുത്ത് വന്നിരുന്നിട്ടില്ല. സാദാരണ ഏറ്റവും പിൻ നിരയിൽ എൻ്റെ അരികിലായി ആരും തന്നെ ഇരിക്കാറില്ല. വേറെ ഒന്നും കൊണ്ടല്ല ക്ലാസ്സ് ബോറാണെങ്കിൽ ഞാൻ കിടന്നുറങ്ങും. ഇനി ഇരിക്കാറുണ്ടെങ്കിൽ തന്നെ എൻ്റെ പഴയ റൂം മേറ്റ് മാത്യു അല്ലെങ്കിൽ രാഹുലാണ് എൻ്റെ അടുത്ത സീറ്റിൽ ഇരിക്കാറു. രാഹുലാണെങ്കിൽ കുറച്ചു നാളായി സ്ഥിരം ജെന്നിയുടെ അടുത്താണ് ഇരിക്കുന്നത്.
അന്നയും ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് നോൽക്കുന്നുണ്ട്. അവളുടെ മുഖം കോപത്താൽ ചുവന്നിട്ടുണ്ട്. കടന്നൽ കുത്തിയ പോലെയുണ്ട് അന്നയുടെ മുഖം. കീർത്തനെയെയും എന്നെയും തുറിച്ചു നോൽക്കുന്നുണ്ട്. ഞാൻ അവളെ പഴയതു പോലെ കലിപ്പിച്ചു നോക്കി. അവൾ കീർത്തനെയെയും എന്നെയും ഒന്നു കൂടി തുറിച്ചു നോക്കിയിട്ടു തിരിഞ്ഞിരുന്നു. ആദ്യ പീരീഡ് ബീന മിസ്സ് വന്നതും എൻ്റെ അടുത്തിരിക്കുന്ന കീർത്തനയെ കണ്ടൊന്ന് അന്ധാളിച്ചു നോക്കി. എങ്കിലും അവർ ഒന്നും പറഞ്ഞില്ല.
ഇൻ്റെർവെലായപ്പോൾ കീർത്തന അന്നയുടെ അടുത്തേക്ക് സംസാരിക്കാനായി പോയി. അന്ന എന്നെ നോക്കികൊണ്ട് അവളുടെ അടുത്ത് എന്തോ പതുക്കെ പറഞ്ഞിട്ട് ക്ലാസ്സിൻ്റെ വെളിയിലേക്ക് പോയി. കീർത്തനയുടെ മുഖം ഒന്ന് വാടി. പിന്നെ ഒന്നും മിണ്ടാതെ എൻ്റെ അടുത്ത് വന്നിരുന്നു. ഞാൻ എന്താണ് സംഭവം എന്ന് അന്വേഷിക്കാനൊന്നും പോയില്ല.
അന്ന നേരെ ഹോസ്റ്റലിലേക്കാണ് പോയത്. അവൾ അകെ സങ്കടത്തിലാണ്. ശനിയാഴ്ച്ചത്തെ സംഭവം എല്ലാം കുഴിച്ചു മൂടി ഒന്നും സംഭവിക്കാത്ത പോലെയാണ് അന്ന രാവിലെ ക്ലാസ്സിലേക്ക് എത്തിയത്. എന്നാൽ കീർത്തന വന്ന് ഇന്ന് അർജ്ജുവിൻ്റെ അടുത്തിരിക്കാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഹൃദയം പൊട്ടുന്ന വേദന തോന്നി. പിന്നെ അത് കീർത്തനയോടുള്ള വെറുപ്പായി മാറി. ഞാൻ അവരെ തിരിഞ്ഞു നോക്കിയപ്പോൾ അർജ്ജുവിനു അത് ഇഷ്ടപ്പെട്ടില്ല. ഇൻ്റെർവെൽ ആയപ്പോൾ കീർത്തന എൻ്റെ അടുത്ത് വന്ന് അർജ്ജുവിൻ്റെ അടുത്തിരിക്കാൻ തീരുമാനിച്ചതിനെ എന്തൊക്കെയോ പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ചു. ഞാൻ അവളെ ചീത്ത പറഞ്ഞിട്ട് ഹോസ്റ്റലിലേക്ക് പോന്നു. വാർഡൻ്റെ അടുത്ത് സുഖമില്ല എന്ന് പറഞ്ഞിട്ട് റൂമിൽ തന്നെ ഇരുന്നു.