“പ്രിയപ്പെട്ട ധ്വനിക്കുട്ടി നിനക്കായിരം ആയിരം ചുംബനം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നീയാണ്. നമ്മുടെ ജീവിതത്തിലെ ആദ്യത്തെ വിശേഷം നിന്റെ പിറന്നാൾ, എനിക്ക് അവിടെയുണ്ടാകണം എങ്കിൽ നിന്നെ ബെഡ്‌റൂമിൽ നിന്നും എങ്ങും വിടാതെ സ്നേഹിച്ചു കൊല്ലുമായിരുന്നു…. ”. തന്നെ ഇത്രയധികം സ്നേഹിക്കുന്ന അമിത്തിന്റെ ജോലിയുടെ സ്വഭാവം ധ്വനിക്ക് നല്ലപോലെയറിയാം, അവൾ താങ്ക് യു അമിത് ഉമ്മ, എന്ന് റിപ്ലെ ചെയ്തു. ഫോൺ ഉം താഴെ വെച്ച് വേഗം അടുക്കളയിൽ കയറി ഇഞ്ചി യും കുരുമുളകും ചതച്ച ഒരു ചായ ഇട്ടു നേരെ അനന്തേട്ടന്റെ മുറിയിലേക്ക്, നോക്കുമ്പോൾ ഏട്ടനും നല്ല ഉറക്കമാണ്.
“ഏട്ടാ ഉണരൂ ദേ ചായ”
“ആഹ് .. ഇഞ്ചി ഇട്ട ചായ ആണലോ”
“ആഹ് അമ്മ ഏട്ടനുവേണ്ടി പ്രത്യേകം ഉണ്ടാകുന്നത് കാണാറുണ്ട്”
“ആഹാ നന്നായിട്ടുണ്ട് മോളെ”
അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു
“ഞാൻ ദോശ എടുത്തു വെക്കാം ഏട്ടൻ ഫ്രഷ് ആയിട്ടു വേഗം വാ”
“ഹമ് പക്ഷെ ഒരു കാര്യം”
തന്റെ ഭാഗത്തു നിന്നും എന്തു എങ്കിലും പിഴവ് പറ്റിയോ എന്ന് ഭയന്ന് അവൾ എന്താണ് എന്ന് പരിഭ്രമത്തോടെ തിരക്കി.
“ഉച്ചക്കുള്ള ഭക്ഷണം ഞാൻ പാകം ചെയ്യും അത് സമ്മതമാണേൽ ദോശ കഴിക്കാൻ വരാം” അവളുടെ പരിഭ്രമം കണ്ടു ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ധ്വനി കുളിക്കാൻ കയറിയപ്പോൾ അമിത്തിന്റെ ഫോൺ വന്നു. അവൾ ടവ്വലും ചുറ്റി ഫോൺ എടുത്തു രണ്ടാളും ഒത്തിരി കൊഞ്ചി ചിരിച്ചു. തമ്മിൽ കാണാതെ ഉള്ളിലെ പരവേശം അവർ വാക്കുകളിൽ അടക്കി നിർത്തി. ഫോൺ വെച്ച ശേഷവും അവൾ കട്ടിലിൽ കിടന്നുരുണ്ടു. ഇന്നലെ സന്ധ്യ മുതൽ അത്ഭുതങ്ങളുടെ ഘോഷയാത്ര ആയിരുന്നത് കൊണ്ട് ഇത്തവണ അവൾ പെട്ടന്നു തന്നെ സ്വപ്നലോകത്തു നിന്നും തിരിച്ചെത്തി. സന്തോഷം കൊണ്ട് അവളുടെ കവിൾത്തടങ്ങൾ ചുവന്നു. പ്രാതൽ കഴിഞ്ഞു ഉച്ച ഭക്ഷണത്തിനു അദ്ദേഹം തലയിൽ ഒരു തോർത്തുമുണ്ടും കെട്ടി തയ്യാറായി എത്തി ജോലികൾ തുടങ്ങി. അവൾ അവളുടെ പ്രിയപ്പെട്ട മാമ്പഴ പുളിശ്ശേരിക്കു വെച്ചിരുന്ന മാമ്പഴം ഏട്ടൻ കാണാതെ എടുത്തു കഴിക്കുക, ചിരകി വെച്ച തേങ്ങാ ഒരു കുത്തു എടുത്തു കഴിക്കുക എന്നുള്ള കാലപരിപാടികളിൽ മുഴുകി.