“റിപ്പറിനെ ശാലിനി ചേച്ചി കൊന്നേ!” കൂട്ടത്തിലെ ഒരു ചെറുക്കൻ വിളിച്ചു കൂകി. ചുറ്റുമുള്ള പുരുഷ കേസരികൾ വിശ്വസിക്കാനാവാതെ ചെറിയമ്മയെ നോക്കുമ്പോ “ആ അതെ” എന്ന് പറയുകയും ചെയ്തുകാണും.
ഞാനിവിടെ മുറിയിൽ ഫോണും കയ്യിലെടുത്തു പോലീസിനെ വിളിക്കാൻ വേണ്ടി ഡയൽ ചെയ്യുമ്പോഴാണ് ഞാനിതു കേൾക്കുന്നത്. ആളുകളുടെ കൂട്ട ആരവം കേട്ടതും ഫോണുമായി അടുക്കളയിലേക്ക് ചെന്നു. പത്തു മുപ്പതു പേര് ആണും പെണ്ണുമായി ശവത്തിനു ചുറ്റും കൂടിക്കഴിഞ്ഞിരുന്നു. അവരെല്ലാം ചെറിയമ്മയുടെ ധൈര്യത്തെ പറ്റി വാചാലരാവുന്നത് ഞാൻ നോക്കി നിന്നു. പന്തവും കത്തിച്ചാണ് നിൽപ്പ്. അവർക്കും റിപ്പർ ആളാരാണെന്ന് മനസിലായി കഴിഞ്ഞിരുന്നു.
റോസ് നൈറ്റിയും ഇട്ടു മുൻപിലേക്ക് മുടി വകഞ്ഞെടുക്കുന്ന ചെറിയമ്മയുടെ വലം കയ്യിൽ ഞാൻ ചാരിവെച്ച ഉലക്കയുണ്ടായിരുന്നു. അതിലെ ചോര ഒരല്പം കൈകളിലും കണ്ടു. ഇനിയിപ്പോ ഞാനാണ് എന്ന് പറഞ്ഞിട്ടും കാര്യമില്ലെന്നു എനിക്ക് വ്യക്തമായി. അന്തം വിട്ടു രംഗം നോക്കുന്ന നേരം പന്തം കയ്യിൽ പിടിച്ച നാട്ടുകാരിൽ ഒരുവൻ എന്നോട് ഫോണും വാങ്ങി 100 ഡയൽ ചെയ്തു.
“സാറെ ഞങ്ങൾ എല്ലാരും കൂടെ റിപ്പറിനെ പിടിച്ചു വേണേൽ വാ”
അത് കേട്ട് അയാളുടെ ഭാര്യയെന്ന് തോന്നുന്ന സ്ത്രീ ഫോൺ പിടിച്ചു വാങ്ങിക്കൊണ്ട് പറഞ്ഞു,
“അല്ല ഏമാനെ, ശാലിനിയുടെ വീട്ടിലാണ് ഞങ്ങളിപ്പോ. ശാലിനിയെ ഉപദ്രവിക്കാൻ വന്നപ്പോ അവൾ പ്രാണരക്ഷാർധം കൊന്നു!”
“നിങ്ങളെ അയാൾ ഉപദ്രവിച്ചോ” എന്ന് കൂട്ടത്തിലെ ഒരു വയസൻ ചെറിയമ്മയോടു ചോദിക്കുമ്പോ ചെറിയമ്മ ഇല്ലെന്നു പറഞ്ഞിട്ട് എന്നെ നോക്കി ചിരിച്ചു, പണ്ടെന്നെ നോക്കി എങ്ങനെ ചിരിക്കുമോ അതുപോലെ, പക്ഷെ അതൊരു കളിയാക്കി ചിരിയാണെന്നു ഞാനും മനസിലാക്കി. അയാളെ തല്ലി പതം വരുത്തിയത് ഞാൻ!! പക്ഷെ, ഇപ്പോ തുട്ട് മാരാർക്ക്! കൊള്ളാം പക്ഷെ ചെറിയമ്മ പിണക്കം മറന്നു ചിരിച്ചെങ്കിൽ വെറുതെ ഞാനാണ് അയാളെ തട്ടിയത് എന്നൊന്നും നാട്ടാരോട് വീമ്പിളിക്കണ്ട എന്ന് ആ നിമിഷം എനിക്ക് ഉറപ്പായി.
പോലീസ് താമസിയാതെ ആംബുലൻസിനേം കൂട്ടി വന്നു. അവർ ബോഡി എടുത്തോണ്ട് പോയി. എന്താണ് നടന്നെന്നു ചെറിയമ്മയോടു അവർ ചോദിച്ചപ്പോൾ ചെറിയമ്മ പറഞ്ഞു. “കുളിച്ചു കഴിഞ്ഞു അടുക്കളയിൽ നില്കുമ്പോ ഒരു കാൽപെരുമാറ്റം കേട്ടു. ചുറ്റികയും കൊണ്ട് വരുന്നത് ജനലിലൂടെ കണ്ടു. കയ്യില് കിട്ടിയ ഉലക്കയും കൊണ്ട് അയാളുടെ തലക്ക് അടിച്ചു എന്നും” പറഞ്ഞു.