ചോട്ടു ഒന്ന് പരുങ്ങി… ആരെങ്കിലും ബെൽ അടിച്ചാൽ ആരാണെന്നു നോക്കി ഉറപ്പ് വരുത്തിയിട്ടേ വാതിൽ തുറക്കാവു എന്നത് ഹരിയുടെയും മഹീന്തറിന്റെയും ഓർഡർ ആണ്. അത്കൊണ്ട് തന്നെ ആണ് താൻ ഡോർ തുറക്കാൻ താമസിച്ചതും. വിജയ്യുടെ കൂടെ പരിചയമില്ലാത്ത ഒരാളെ കണ്ടതുകൊണ്ട് എല്ലാരോടും ശബ്ദം ഒന്നും ഉണ്ടാക്കരുത് എന്ന് പറഞ്ഞിട്ടാണ് അവൻ വന്ന് വാതിൽ തുറന്നത്.
നടുമുറ്റത്ത് തന്നെ ഒരു സൈഡിൽ ആയി അവരെല്ലാം ഇരിക്കുന്നുണ്ട് ഒരു ശബ്ദം പോലും ഉണ്ടാക്കാതെ. ബാക്കി ഉള്ളവർ രണ്ടാമത്തെ നിലയിലും ഉണ്ട്. വെള്ളം കൊടുത്ത് അയാളെ ഒഴിവാക്കി വിടുന്നത് ആണ് ബുദ്ധി എന്ന് തോന്നിയ ചോട്ടു അവരോട് അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് വാതിൽ പതിയെ തുറന്ന് ഉള്ളിലേക്ക് കയറി.
2 സെക്കന്റ്… രണ്ടേ രണ്ട് സെക്കന്റ് മാത്രം ആ ഡോറിന്റെ ഒരു പാളി അയാൾക്ക് മുന്നിൽ തുറന്നടഞ്ഞു. എന്നാൽ അസ്ലന്റെ ഉള്ളിലെ നിരീക്ഷകന് അത് തന്നെ ധാരാളം ആയിരുന്നു. അയാളുടെ കണ്ണുകൾ തിളങ്ങി… ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു.
“ഏത് കടലിനടിയിൽ ഒളിപ്പിച്ചാലും എനിക്ക് വേണ്ടത് ഞാൻ ഇവിടെ നിന്ന് കൊണ്ടുപോയിരിക്കും.” അസ്ലന്റെ മനസ്സ് മന്ത്രിച്ചു.
ചോട്ടു വാതിൽ തുറന്ന് ഉള്ളിൽ കേറിയ രണ്ട് സെക്കന്റ് കൊണ്ട് അസ്ലൻ കണ്ടു വീടിന്റെ ടെറസിൽ അലക്കി വിരിച്ചു ഇട്ടിരിക്കുന്ന സ്ത്രീകളുടെ ഡ്രെസ്സുകൾ. അത് കണ്ടപ്പോഴേ മനസ്സിലായി ആ പെൺകുട്ടികൾ ഇതിനുള്ളിൽ തന്നെ ഉണ്ടെന്നു കാരണം തങ്ങളുടെ കസ്റ്റഡിയിൽ അവർ ഉണ്ടായിരുന്നപ്പോൾ അവർ ധരിച്ച ഡ്രെസ്സുകളിൽ ചിലത് ആണ് അയാൾ ഇപ്പൊ അവിടെ കണ്ടത്. അയാളുടെ മനസ്സിലെ പ്ലാനുകൾക്ക് അനക്കം വെച്ച് തുടങ്ങി. ഇന്ന് രാത്രി… ഇന്ന് രാത്രി തന്നെ തൂക്കണം എല്ലാത്തിനേം. അയാൾ മനസ്സിൽ അത് ഉറപ്പിച്ചിരുന്നു. അപ്പോഴേക്കും ചോട്ടു വെള്ളവുമായി എത്തി. ഇനി അയാൾക്ക് ആ വെള്ളം വേണമെന്നില്ല. പക്ഷേ അയാൾ അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു.
“ആഹ് ദാ വരുന്നത് ആണ് മഹി ഭായ്.” വിജയ് പറഞ്ഞത് കേട്ട് അസ്ലൻ തിരിഞ്ഞു നോക്കി.
മഹീന്തർ ഒരു കാർഡ്ബോർഡ് പെട്ടി ചുമന്ന് വരുന്നു. 6 അടിക്ക് മേൽ പൊക്കവും അതിനൊത്ത വണ്ണവും ഉള്ളൊരു മനുഷ്യൻ. അസ്ലൻ അയാളെ സ്കാൻ ചെയ്യാൻ തുടങ്ങി.