എങ്ങനെയെങ്കിലും ഇവന്മാരുടെ രഹസ്യങ്ങൾ ചോർത്തണം. അർജ്ജു വെള്ളമടിക്കാറില്ല അവൻ്റെ അടുത്തുന്നു ഒന്നും കിട്ടാൻ പോകുന്നില്ല. അത് കൊണ്ട് രാഹുലിനെ ടാർഗറ്റ് ചെയ്യാം. പാർട്ടി ഒന്ന് കൊഴുത്തപ്പോൾ അവന് സംശയം തോന്നാത്ത രീതിയിൽ ഞാൻ അവൻ്റെ അടുത്ത് ഓരോരോ കാര്യങ്ങൾ ചോദിച്ചു. പക്ഷേ അവൻ ഒന്നും വിട്ടു പറഞ്ഞില്ല നേരത്തെ പറഞ്ഞതിൽ നിന്ന് അണുവിട മാറിയിട്ടില്ല. അർജ്ജുവാണെങ്കിൽ ഞങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട്.
അതോടെ ഞാൻ തത്കാലം ടാസ്ക് മാറ്റി വെച്ച് പാർട്ടി എന്ജോയ് ചെയ്യാം എന്ന് തീരുമാനിച്ചു. ഞാനും രമേഷും ഞങ്ങളുടെ സ്കൂൾ കോളേജ് ലൈഫിനെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് രാഹുൽ ചാടി കയറി ഏതോ ശിവയുടെ പേര് പറഞ്ഞത്. എനിക്ക് പ്രത്യകിച്ചൊന്നും തോന്നിയില്ല. പക്ഷേ ആ പേര് പറഞ്ഞപ്പോൾ അർജ്ജു ഒരു നിമിഷത്തേക്ക് ഞെട്ടി എന്ന് തോന്നുന്നു. അതിനിടയിൽ സുമേഷ് ചാടി കയറി ഈ ശിവ ആരാണ് എന്ന് ചോദിച്ചതും രാഹുലും വല്ലാതെയായി. ഏതാനും നിമിഷത്തേക്ക് അവന് അതിനുത്തരം പറയാൻ സാധിച്ചില്ല. അർജ്ജുവാണ് ആ ചോദ്യത്തിനുത്തരം പറഞ്ഞത്. അവരുടെ ഒരു സ്ക്കൂൾ ഫ്രണ്ട് ആണെന്നു. പിന്നാലെ രാഹുൽ അത് ശരി വെച്ചു. മൊത്തത്തിൽ ഒരു ഉരുണ്ടു കളി. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ രാഹുൽ പോയി കിടന്നു അതും പാർട്ടി മുഴുവൻ കഴിയുന്നതിന് മുൻപ്.
സിമ്പിൾ ആയിട്ട് രാഹുലിന് തന്നെ പറയാമായിരുന്ന ഉത്തരം എന്തു കൊണ്ടാണ് അർജ്ജുൻ പറഞ്ഞത് ? ശരിക്കും ആരാണ് ഈ ശിവ? ഫ്രണ്ട് ആണെങ്കിൽ പിന്നെ രാഹുലിൻ്റെ മുഖം വിളറിയത് എന്തു കൊണ്ടാണ്?
എൻ്റെ മനസ്സിലൂടെ ഈ സംശയങ്ങൾ കടന്നു പോയി. പിറ്റേ ദിവസം 11 മണിയോടെ ഞങ്ങൾ തിരിച്ചു ഹോസ്റ്റലിലേക്ക് പോയി.
-:ദീപു വേർഷൻ അവസാനിച്ചു:-
എല്ലാവരും പോയി കഴിഞ്ഞപ്പോൾ അർജ്ജുവും രാഹുലും ഇതേ കുറിച്ചായി സംസാരം
“ഡാ അർജ്ജു ഇന്നലെ അറിയാതെ പറഞ്ഞു പോയതാണ് അവന്മാർക്ക് സംശയം വല്ലതും തോന്നി കാണുമോ?”
“നീ പറഞ്ഞോണ്ട് മാത്രമല്ല അല്ലാതെ തന്നെ മാത്യുവിനും ദീപവിനും ചില സംശയങ്ങൾ ഉണ്ട്. കയറി വന്നപ്പോൾ തന്നെ ദീപു ഫ്ലാറ്റിൻ്റെ കാര്യങ്ങൾ ചോദിച്ചായിരുന്നു. പോരാത്തതിന് വെള്ളമടി തുടങ്ങിയപ്പോൾ പോലീസ് കേസിൽ നിന്ന് എങ്ങനെ നമ്മൾ ഊരി എന്നറിയാൻ അവൻ തിരിച്ചും മറിച്ചുമൊക്കെ നിൻ്റെ അടുത്ത് ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു “