മറ്റു രണ്ടു വിഷയത്തിലും എൻ്റെ അവസ്ഥ വ്യത്യസ്തമല്ല ഒന്നിൽ ഇരുപതിൽ മൂന്ന് മാർക്ക്, മറ്റൊന്നിൽ ആറു മാർക്ക്. എല്ലാവർക്കും മാർക്ക് വളരെ കുറവാണ്. എന്നാൽ ക്ലാസ്സിൽ പോലും കയറാത്ത അർജ്ജുന് മാത്രം വളരെ ഉയർന്ന മാർക്ക്. തൊട്ട് പിന്നിൽ ഉള്ളവരെക്കാളും അഞ്ചാറ് മാർക്കിൻ്റെ വ്യത്യാസം. എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കി.
ഉത്തര കടലാസ്സ് വിതരണം ചെയ്‌ത് കഴിഞ്ഞതും മീര മാം ആദ്യം അർജ്ജുവിനെ ഉയർന്ന മാർക്ക് നേടിയതിന് അവർ അഭിനദിച്ചു. പിന്നെ ബാക്കി എല്ലാവരെയും ചീത്ത വിളി തുടങ്ങി. ആവറേജ് മാർക്ക് എടുക്കുമ്പോൾ പാസ്സാകാത്തവരെ ഇക്സ്റ്റർനൽ പരീക്ഷക്കിരുത്തക പോലുമില്ലെന്ന് ഒക്കെ ഭീക്ഷിണിപെടുത്തുന്നുണ്ടായിരുന്നു.
അർജ്ജുവിൻ്റെ കണ്ണിലൂടെ :-
“പുഞ്ചിരി തൂകി വരുന്ന അന്നയെ കണ്ടപ്പോൾ ഒരു മാലാഖ വരുന്നതായി എനിക്ക് തോന്നി പഴയ ചുറു ചുറുക്കും പ്രസരിപ്പും. നല്ല പോലെ ഡ്രെസ്സൊക്കെ ചെയ്‌ത് സ്മാർട്ടായിട്ടാണ് വന്നത്. ഞാൻ മാത്രമല്ല പലരും അവളുടെ മാറ്റം ശ്രദ്ധിച്ചിരുന്നു. അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. പക്ഷേ അവളുടെ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ഫസ്റ്റ് പീരീഡ് മീര മാം ക്ലാസ്സിൽ കയറി വന്നു കഴിഞ്ഞ ആഴ്ച്ച നടന്ന പരീക്ഷയുടെ ഉത്തര കടലാസുകൾ വിതരണം നടത്തി, ആദ്യ പേര് വിളിച്ചത് അവളുടെ, മാർക്ക് പൂജ്യം. ഞാൻ തിരിച്ചു വന്ന ദിവസത്തെ എക്സാം. ബാക്കി വിഷയങ്ങളിലും അവൾക്ക് മാർക്ക് വളരെ കുറവായിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ മാർക്ക് കുറഞ്ഞതിൽ എനിക്ക് ചെറിയ കുറ്റ ബോധം തോന്നി.”
വൈകിട്ടു ഹോസ്റ്റലിൽ എത്തിയതും അന്ന രണ്ടു പേരെ ഫോണിൽ വിളിച്ചു. ആദ്യം വിളിച്ചത് ബാലൻ ചേട്ടനെ ആയിരുന്നു. പുള്ളി വണ്ടി രജിസ്‌ട്രേർ ചെയ്തിരിക്കുന്നത് ഒരു ജേക്കബ് ജോർജിൻ്റെ പേരിൽ ആണെന്ന് പറഞ്ഞു അഡ്രസ്സും കൊടുത്തു. അർജ്ജുവിൻ്റെ ലോക്കൽ ഗാർഡിയൻ ആയിരിക്കും എന്ന് അവൾക്കു തോന്നി. രണ്ടാമത് വിളിച്ചത് അവളുടെ ചെന്നൈയിൽ ഉള്ള കൂട്ടുകാരി ലക്ഷ്മിയെ ആണ്. പക്ഷേ അവളുടെ ഉത്തരം അവളെ ശരിക്കും ഞെട്ടിച്ചു.
“എളി നീ പറഞ്ഞ മാതിരി രണ്ടു പേരെ കുറിച്ചും ഞാൻ അന്വേഷിച്ചു. അവർ ഇങ്കെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് എന്നല്ല ഒരു സ്ട്രീം പോലും ഇന്ത കോളേജിൽ പഠിച്ചിട്ടില്ല. എൻ്റെ കൂട്ടുകാരിയുടെ അക്ക അങ്കെ ഫാക്കൽറ്റി ആണ് പുള്ളിക്കാരി പറയുന്നത് ഒന്നെങ്കിൽ നിനക്ക് കോളേജ് മാറി പോയതാകും അല്ലെങ്കിൽ തിരുട്ട് പസങ്കൾ അകാൻ ചാൻസിറുക്ക് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു അഡ്മിഷൻ നേടിയതാകാം.”