“ജാനകീ… ഞാൻ നിന്റെ കൂടെ ഉണ്ട് എന്തിനും. പക്ഷേ അതിനു മുൻപ് എനിക്ക് നിന്നോട് ചില സത്യങ്ങൾ പറയാൻ ഉണ്ട്, ചില ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ട്.” ഹരി പറഞ്ഞത് കേട്ട് ജാനകി ഒന്നും മനസിലാവാതെ നിന്നു.
ഹരി പറഞ്ഞു തുടങ്ങി…
മരണത്തിൽ നിന്നും കരകയറി വന്നതും, കഴിഞ്ഞ കുറച്ച് മാസങ്ങൾ അവന് സംഭവിച്ചതും, മിഴിയും പൂജയും മഹീന്ദറും എല്ലാം ഉൾപ്പെട്ട അവന്റെ പുതിയ ലോകവും, അന്ന് ആ സ്റ്റേഷനിൽ എത്തിപ്പെടാൻ ഉള്ള സാഹചര്യവും എല്ലാം…
എല്ലാം കേട്ട് തരിച്ചിരിക്കുവായിരുന്നു ജാനകി. എന്നാൽ അവളെ ഇപ്പോ അവന് ഓർമയില്ല എന്ന സത്യം അവളെ വല്ലാതെ വേദനിപ്പിച്ചു. അവൾ ഒന്നും മിണ്ടാതെ അവനെ ഒരു കുഞ്ഞിനെപോലെ മാറോടു ചേർത്ത് പിടിച്ച് മുടിയിൽ തഴുകികൊണ്ടിരുന്നു.
അവനും അത് ഒരു ആശ്വാസം ആയിരുന്നു.
അവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്ന് അവിടെ കൂടി നിന്നിരുന്ന ആർക്കും അറിയില്ലായിരുന്നു.
“ജാനകീ… നീ എനിക്ക് പറഞ്ഞു തരണം ഇനി ഞാൻ ആരാണ് എന്നും, എനിക്ക് എന്താണ് സംഭവിച്ചത് എന്നും ഒക്കെ. എന്റെ ജീവിതത്തിൽ ഇപ്പൊ എന്റെ ഭൂതകാലം അറിയുന്ന ഒരേ ഒരാൾ നീ മാത്രം ആണ്. നീയാണ് ഭൂതകാലത്തിലേക്ക് എനിക്കുള്ള ടിക്കറ്റ്.” ഹരി നിസ്സഹായതയോടെ ജാനകിയെ നോക്കി.
“ഞാൻ പറയാം ഏട്ടാ…ജാനകി അല്ല… ജാനി. ഞാൻ ഏട്ടന് മാത്രം ജാനിയായിരുന്നു. ഏട്ടന്റെ പതിനാറാമത്തെ വയസ്സിൽ ഒരു ആക്‌സിഡന്റിൽ അമ്മേം അച്ഛനും മരിക്കുമ്പോൾ മുതൽ ഞാൻ ആയിരുന്നു ഏട്ടന് കൂട്ട്.
എന്റെ വയർ നിറയ്ക്കാൻ വേണ്ടി അന്ന് മുതൽ ഏട്ടൻ ചെയ്യാത്ത ജോലികൾ ഇല്ല.
അമ്മ ഇല്ലാതെ ഒരു പെൺകുട്ടിയെ വളർത്തി ഇത്രത്തോളം ആക്കുക എന്നത് പലപ്പോഴും ഏട്ടന് ഒരു നിസ്സാര കാര്യം ആയിരുന്നില്ല.
ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് എനിക്ക് ആദ്യമായി പീരിയഡ് ആയ ദിവസം ചോര കണ്ട് പേടിച്ച എന്നെയും ചേർത്ത് പിടിച്ച് എന്താ ചെയ്യണ്ടത് എന്നറിയാതെ, ആരോടാ ചോദിക്കേണ്ടത് എന്നറിയാതെ നിന്ന എന്റെ ഏട്ടനെ.