“അതെന്താ ഏട്ടനെ മാത്രം. ഞാനും ഉണ്ടാവും. മരണം എങ്കിൽ മരണം പക്ഷേ നമ്മൾ ചാവുന്നതിന് മുന്നേ അവരുടെ കൂട്ടത്തിലെ ഒന്നിനെ എങ്കിലും എനിക്ക് തീർക്കണം. ഇല്ലെങ്കിൽ ചത്താലും എനിക്ക് സമാദാനം കിട്ടില്ല.” ജാനകിയുടെ ധൈര്യം കണ്ട് ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.
“ഡാ.. ഇത് എന്റെ വീടാണ്. ഈ പിള്ളേരെ എല്ലാരേം വേണേൽ നമുക്ക് ഇവരുടെ വീട്ടിൽ എത്തിക്കാം. അതിനുള്ള വകുപ്പ് ഒക്കെ നമുക്ക് ശെരിയാക്കാം. ഇന്ത്യയുടെ എല്ലാ മൂലയിലേക്കും ഓടുന്ന നാഷണൽ പെർമിറ്റ് ലോറികൾ വരുന്ന വണ്ടിത്താവളത്തിൽ ആണ് നമ്മൾ ഇപ്പൊ. അതായത് ഇവിടെ നിന്ന് നമുക്ക് എങ്ങോട്ട് വേണേൽ ആളെ കൊണ്ടുപോകാം. അത് ഏത് സംസ്ഥാനം ആണെങ്കിലും. അതൊന്നും നീ ഓർത്ത് ടെൻഷൻ ആവണ്ട.
പിന്നെ വേറൊരു കാര്യം, എന്റെ വീട്ടിലേക്ക് നിങ്ങളെ അപകടപ്പെടുത്താൻ തേടി വരുന്നത് ആരാണെങ്കിലും അവർക്ക് ആദ്യം എന്നെ മറികടക്കണം, എന്നിട്ടേ അവർ നിങ്ങടെ ദേഹത്ത് കൈ വെക്കു. ഇത് എന്റെ വാക്കാണ്.” മഹീന്തർ പറഞ്ഞത് കേട്ട് ഹരി അയാളെ കെട്ടിപിടിച്ചു. സ്വന്തം എന്ന് പറയാൻ ആരും ഇല്ലാതിരുന്ന ജീവിതത്തിൽ പതിയെ പ്രതീക്ഷകൾ തെളിയുന്നത് അവൻ കണ്ടു.
******************************************
വീണ്ടും ഒരാഴ്ച കൂടെ കടന്ന് പോയി. അസ്ലൻ അവന്റെ ക്ഷമ നഷ്ടപ്പെട്ട് അലഞ്ഞു തിരിയാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയി.
അവന്റെ കൂട്ടാളികൾ ട്രക്കിന്റെ ഡീറ്റെയിൽസ് അന്വേഷിച്ച് പല സ്ഥലങ്ങളും കയറിയിറങ്ങി. തങ്ങളോട് ഉടക്കുന്നവരെ ഒരു ദയയും കൂടാതെ തല്ലി ചതച്ചു അവർ അവർക്ക് വേണ്ടിയത് അന്വേഷിച്ചു കൊണ്ടേ ഇരുന്നു.
അങ്ങനെ ഒടുവിൽ ആ ദിനം വന്നെത്തി.
“അസ്ലൻ ഭായ്… കിട്ടി..” അസ്ലന്റെ കൂട്ടാളികൾ ചില പേപ്പഴ്സും ഒരു പെൻഡ്രൈവും ആയി അവനരികിലേക്ക് വന്നു പറഞ്ഞു.
ഒരു കയ്യിൽ എരിയുന്ന സിഗരറ്റും മറുകയ്യിൽ ഒരു ബിയർ ബോട്ടിലും പിടിച്ചു ഇരിക്കുകയായിരുന്നു അസ്ലൻ. അവരെ കണ്ടതും അവൻ ക്രൂരമായ ഒരു ചിരിയോടെ അവിടെ നിന്നും എഴുനേറ്റു.
അപ്പോഴേക്കും ഒരുവൻ ഒരു ലാപ്ടോപ് കൊണ്ടുവന്ന് ആ പെൻഡ്രൈവ് കണക്ട് ചെയ്തു.