ഒട്ടും താമസിക്കാതെ തന്നെ അവർ ഇരുളിന്റെ മറപറ്റി നടന്നു. അല്പം നടന്നപ്പോൾ ഹൈവേയിൽ നിന്നുള്ള വണ്ടികളുടെ ഇരമ്പൽ കേൾക്കാനിടയായി. എല്ലാവരും ശബ്ദം ഉണ്ടാകാതെ തന്നെ ഹൈവേയുടെ സൈഡിലായി കാടുപിടിച്ചു കിടന്ന ഒരു സ്ഥലത്ത് പതുങ്ങി ഇരുന്നു. എല്ലാവരുടെയും നെഞ്ചിടിപ്പ് അവരുടെ കാത് വരെ എത്തിയിരുന്നു.
“അധികം വൈകാതെ തന്നെ അവർക്ക് നമ്മൾ രക്ഷപെട്ട കാര്യം മനസ്സിലാകും നമ്മളെ തേടി വല വിരിക്കും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ പോലീസ്‌കാരും അവരെ സഹായിക്കും നമ്മളെ കണ്ടുപിടിക്കാൻ അതിനു മുൻപ് നമുക്ക് ഏതെങ്കിലും സുരക്ഷിത സ്ഥലം കണ്ടെത്തണം.” കിഷോർ എക്സിനെയും ജാനകിയേയും മാറ്റി നിർത്തി പറഞ്ഞു.
“ഈ അവർ അവർ എന്ന് ഞാൻ കേൾക്കാൻ തുടങ്ങിട്ട് കുറെ നേരായി… ആരാണീ അവർ അതൊന്നു പറഞ്ഞു താ.” എക്സ് ശബ്ദം കുറച്ച് എന്നാൽ ഉറച്ച ശബ്ദത്തിൽ ചോദിച്ചു.
“അസ്‌ലാൻ…” “അസ്‌ലാനോ? ആരാ അയാൾ? എന്തിനാ അയാൾ നിങ്ങളെ ഒക്കെ കടത്തിക്കൊണ്ട് പോയത്? ജാനകി പറഞ്ഞത് കേട്ട് എക്സ് ചോദിച്ചു. “അയാൾ ഒരു ഗുണ്ടാ തലവൻ ആണ്, ഇമ്മോറൽ ട്രാഫികിന് ആയിട്ടാണ് അയാൾ ഞങ്ങളെ എല്ലാം തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയവരെ ഒക്കെ അയാൾ വലിയ വലിയ ആളുകൾക്കു വിൽക്കും അല്ലെങ്കിൽ ഏതെങ്കിലും വേശ്യാലത്തിനു വിൽക്കും. ഇത്പോലെ ഉള്ള പെൺകുട്ടികളെ ലക്ഷങ്ങൾ കൊടുത്തു വാങ്ങാൻ ആളുകൾ ഉണ്ട് നമ്മുടെ രാജ്യത്ത്.” അത് പറഞ്ഞു കഴിഞ്ഞതും അവൾ കരഞ്ഞു പോയിരുന്നു.
ഒരുപക്ഷേ ഇന്ന് ഞാൻ ഇവളെ കണ്ടുമുട്ടിയില്ലായിരുന്നു എങ്കിൽ ഇവളെയും അവർ ഏതെങ്കിലും വേശ്യാലത്തിനു വിറ്റ് കാശാക്കുമായിരുന്നു. അത് ഓർത്തതും അവന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. അവൻ ജാനകിയെ ചേർത്ത് പിടിച്ചു.
“ഇനി ഒരുത്തനും ഇവളുടെ മേൽ കൈ വെക്കാൻ ഞാൻ അനുവദിക്കില്ല…” അവൻ ജാനകിയെ തന്റെ കൈകൊണ്ട് വലയം ചെയ്തു മനസ്സിൽ പറഞ്ഞു. അവൾക്കും അത് എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വ ബോധം നൽകി.
“ജാനകി… നിങ്ങൾ എല്ലാം വിചാരിക്കും പോലെ ഇത് വെറും ഇമ്മോറൽ ട്രാഫിക് അല്ല. നിങ്ങൾക്ക് ആർക്കും ഒരു പോറൽ പോലും വരാൻ അവൻ സമ്മതിക്കില്ല. കാരണം നിങ്ങൾ ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ അവനു അവനുദ്ദേശിക്കുന്ന കാര്യം നടക്കു.” കിഷോർ പറഞ്ഞത് ആർക്കും പക്ഷേ പൂർണമായി മനസിലായില്ല.