ഓർമ്മകൾക്കപ്പുറം 5 [32B]

Posted by

എക്സ് ചെയിൻ വലിക്കാൻ ആയി മുന്നോട്ട് നടന്നതും ട്രെയിൻ പെട്ടന്ന് ഒന്ന് സ്ലോ ആയി. അവൻ വേഗം ഡോറിൽ കൂടി പുറത്തേക്കു നോക്കി. അങ്ങിങ്ങായി ലൈറ്റിന്റെ എണ്ണം കൂടി കൂടി വരുന്നു. വണ്ടി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അല്പം അകലെയായി ഏതോ ഒരു സ്റ്റേഷന്റെ ലൈറ്റ് കാണാം. ലക്ഷണം കണ്ടിട്ട് വണ്ടി അവിടെ നിർത്താൻ ചാൻസ് ഉണ്ട്. എക്സ് പെട്ടന്ന് തന്നെ അകത്തേക്ക് ഓടി.

“എല്ലാവരും റെഡി ആയിക്കോ… നമ്മൾ ഇവിടെ ഇറങ്ങുന്നു. പൂനെക്ക് മുന്നേ ഉള്ള ഏതോ ചെറിയ സ്റ്റേഷൻ ആണ്. നിങ്ങൾ എല്ലാവരും ഈ ബോഗിയുടെ 4 ഡോറിൽ കൂടി ഇറങ്ങണം ഒരു ഡോറിൽ കൂടി ഇറങ്ങിയാൽ ഒരു പക്ഷേ ആർകെങ്കിലും സംശയം തോന്നാം. അഥവാ ട്രെയിൻ ഇവിടെ നിർത്തിയില്ല എങ്കിൽ ഞാൻ ചെയിൻ വലിക്കും അപ്പോഴേക്കും എല്ലാവരും ചാടി ഇറങ്ങണം. ചെയിൻ വലിച്ചാൽ അലാറം അടിക്കും എല്ലാവരുടെയും ശ്രദ്ധ ഇങ്ങോട്ടേക്ക് ആവും അത്കൊണ്ട് എത്രയും പെട്ടന്ന് നമുക്ക് ഇവിടെ നിന്ന് ഇറങ്ങി രക്ഷപ്പെടണം.” എക്സ് പറഞ്ഞത് കേട്ട് എല്ലാവരും തയ്യാറായി 4 ഡോറിനു അടുത്തും സ്ഥാനം പിടിച്ചു.

അപ്പോഴേക്കും ആ ജേർണലിസ്റ്റ് മയക്കം വിട്ട് എഴുനേറ്റ് തനിക്ക് ചുറ്റും നടക്കുന്നത് ഒന്നും മനസ്സിലാവാതെ കണ്ണ് മിഴിച്ചു ഇരുന്നു.

“പേടിക്കണ്ട… നമ്മൾ അവരുടെ പിടിയിൽ നിന്ന് രക്ഷപെടാൻ പോകുവാണ്. ഞാൻ ജാനകി, ഇത് എന്റെ ഏട്ടൻ ആണ് ശ്രീഹരി.” ജാനകിയുടെ വിവരണം അയാളെ തെല്ലൊന്നു ആശ്വസിപ്പിച്ചു. എന്നാൽ എക്സിന് അത്‌ കേട്ട് കളഞ്ഞുപോയ കളിപ്പാട്ടം കിട്ടിയ ഒരു കുട്ടിയുടെ ഫീൽ ആണ് തോന്നിയത്. “ഒടുവിൽ എനിക്ക് എന്റെ പേര് കിട്ടിയിരിക്കുന്നു…. ശ്രീഹരി…” അത്രയും ടെൻഷനു ഇടയിലും അവനു മനസ്സിൽ എന്തോ ഒരു ആശ്വാസം തോന്നി.

“എന്റെ പേര് കിഷോർ…” അയാൾ പറഞ്ഞു. “ശെരി എല്ലാം വിശദമായി പറയാം ആദ്യം നമുക്ക് ഇവിടുന്ന് രക്ഷപ്പെടണം” അതും പറഞ്ഞു ജാനകി അവിടെ നിന്ന് എഴുനേറ്റു എക്സിന് അരികിലേക്ക് പോയി.

അധികം വൈകാതെ തന്നെ ട്രെയിൻ പതിയെ പ്ലാറ്റ്ഫോമിലേക്ക് കയറി തുടങ്ങി, അതിന്റെ വേഗം ക്രമേണ കുറഞ്ഞു കുറഞ്ഞു വന്നു. ഇനിയിപ്പോ ട്രെയിൻ നിർത്തിയില്ലെങ്കിലും ചാടി ഇറങ്ങാൻ പറ്റുന്ന ഒരു നിലയിൽ ആയി. എക്സ് അത്‌ എല്ലാവരോടും വിളിച്ചു പറഞ്ഞു. എല്ലാവരും ഒരേപോലെ തന്നെ തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *