വെള്ളം വീണതും എല്ലാവരും വേഗം ഉണരാൻ തുടങ്ങി. ഉണർന്നവർ എല്ലാം പേടിച്ചു തമ്മിൽ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. അവരെയെല്ലാം ആശ്വസിപ്പിക്കാൻ അവൾ ഒറ്റയ്‌ക്കെ ഉണ്ടായിരുന്നുള്ളു.
എല്ലാവരുടെയും മുഖത്തെ ഭാവം കണ്ട് എക്സിന് ഒരു കാര്യം മനസിലായി. ഇതുവരെ കണ്ടതും കേട്ടതും ഒന്നും ഒന്നുമല്ല. തന്റെ പെങ്ങൾ ഉൾപ്പടെ ഈ പെൺകുട്ടികൾ എല്ലാം തന്നെ എന്തോ ഒരു കൊടിയ ആപത്തിൽ നിന്നാണ് ഇപ്പൊ രക്ഷപെട്ടു വരുന്നത്.
രക്ഷപെട്ടോ..? ഇല്ല അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല കാരണം ഇനിയാണ് പ്രശ്നങ്ങൾ ഒക്കെയും തുടങ്ങുന്നത് എന്ന് മനസ്സ് പറയുന്നു.
“ജാനകീ… ദേ ഇത് കണ്ടോ…” രാധികയുടെ വിളിയാണ് എക്സിനെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
“ജാനകി… എന്റെ അനിയത്തിയുടെ പേര്…” അവനു മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതേപോലെ തന്നെ അമർഷവും. സ്വന്തം കൂടപ്പിപ്പിന്റെ കൂടെ ഉള്ള ഒരു നേരിയ ഓർമ പോലും തന്റെ മനസ്സിൽ തെളിയുന്നില്ലല്ലോ എന്നോർത്ത്.
രാധികയുടെ വിളി കേട്ട് വന്ന ജാനകി കണ്ടത് ഒരു സീറ്റിന് അടിയിൽ കൈ കാലുകൾ കെട്ടി വായിൽ തുണി തിരുകി മയക്കി കിടത്തിയ ഒരാളെ ആണ്.
“ഇയാൾ ആ ജേർണലിസ്റ്റ് അല്ലേ… അതെ എനിക്ക് ഓർമ്മയുണ്ട് ഇയാളെ.” ജാനകി പെട്ടന്ന് തന്നെ അയാളെ ഓർത്തെടുത്തു.
“രാധികേ നീ ആ മരുന്ന് ഇങ്ങ് എടുത്തേ. ഏട്ടാ…” അവൾ എക്സിന് നേരെ തിരിഞ്ഞു അവനെ വിളിച്ചു.
“ഏട്ടാ, ഇയാൾ ഒരു ജേർണലിസ്റ്റ് ആണ് ഇയാൾക്ക് നമ്മളെ സഹായിക്കാൻ കഴിയും നമുക്ക് അറിയാത്ത പലതും ഇയാൾക്ക് അറിയാം. ഇയാളെ കൂടെ ഇവിടുന്ന് രക്ഷിക്കണം.”
“ശെരി.. അധികം സമയം ഇല്ല മിക്കവാറും 15 മിനിറ്റിനുള്ളിൽ പൂനെ എത്തും ഇപ്പൊ തന്നെ നമ്മൾ വൈകി ജാനകി. ഞാൻ ചെയിൻ വലിക്കാൻ പോകുവാ.” ജാനകി എന്ന് അവന്റെ വായിൽ നിന്ന് കേട്ടതും അവൾ എന്തോ അത്ഭുതം പോലെ അവനെ ഒന്ന് നോക്കി. “എന്തെ? എന്ത്പറ്റി..?” അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചു. “ഒന്നുല്ല ആദ്യായിട്ട ഏട്ടൻ എന്നെ ജാനകി എന്ന് വിളിക്കണത്. അത് കേട്ട് നോക്കിയതാ.” അവളുടെ ആ മറുപടി അവന്റെ നെഞ്ചിൽ തുളഞ്ഞു കയറിയ പോലെ തോന്നി. എന്നാൽ അപ്പോഴേക്കും രാധിക അയാളെ ഉണർത്താൻ ഉള്ള മരുന്നുമായി എത്തിയിരുന്നു.