“പക്ഷേ ഇവന്മാരെ എങ്ങനെ ബോധം കെടുത്തും?”
“ബോധം കെടുത്താൻ ഉള്ള മരുന്നൊക്കെ അവന്മാരുടെ കയ്യിൽ തന്നെ ഉണ്ട്. അതുവെച്ചാണ് ഇത്രനാൾ ഞങ്ങളെ എല്ലാവരെയും മയക്കി ഇട്ടിരുന്നത്. ഇന്ന് അതിന്റെ സുഖം അവർക്ക് ഞാൻ അറിയിച്ചു കൊടുക്കും.” അവൾ ഒരു സീറ്റിന് താഴെ വെച്ചിരുന്ന ഒരു പെട്ടി കാലുകൊണ്ട് തോണ്ടി വെളിയിലേക്ക് ഇട്ടു. അത് തുറന്നതും അതിൽ കുറച്ച് സിറിഞ്ചും കുറച്ച് ചെറിയ കുപ്പികളിൽ ആയി എന്തോ ഒരു മരുന്നും അവൻ കണ്ടു.
അവൾ ഒട്ടും സമയം കളയാതെ തന്നെ ഒരു സിറിഞ്ചിൽ മരുന്ന് നിറച്ചു, രണ്ട് മരുന്നുകുപ്പി കയ്യിലും എടുത്ത് അവനരുകിലേക്ക് ചെന്നു. “വാ.. പിടിക്ക് അവന്മാരെ, ഞാൻ കുത്താം.”
പിന്നൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല, അടികൊണ്ട് തളർന്നു കിടന്ന 5 പേർക്കും അവൾ ആ മരുന്ന് ഇൻജെക്ട് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ അവരെല്ലാം മയങ്ങി വീണു. എല്ലാവരെയും അവർ രണ്ടുപേരും ചേർന്ന് ബാത്‌റൂമിൽ കൊണ്ടിട്ടു ലോക്ക് ചെയ്തു. അവൾ അവരുടെ മൊബൈൽ ഫോൺ എല്ലാം എടുത്ത് സ്വിച്ച് ഓഫ് ആക്കി പുറത്തേക്ക് എറിഞ്ഞു.
“പൂനെ എത്താൻ ഇനി അധികം സമയം ഇല്ല ഇവരെയെല്ലാം ഞാൻ ഇപ്പൊ ഉണർത്താം എന്നിട്ട് നമുക്ക് ചെയിൻ വലിക്കാം വണ്ടിയുടെ.” അവൾ എക്സിനെ നോക്കി പറഞ്ഞു. അവൻ തിരിച്ചു എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ മറ്റൊരു സിറിഞ്ചുമായി ചെന്ന് ആ പെട്ടിയിൽ നിന്ന് ഒരു മരുന്നെടുത്തു സിറിഞ്ചിൽ നിറച്ചു ഓരോ പെൺകുട്ടികളുടെ അടുത്തേക്ക് ചെന്ന് അവരുടെ കൈയിൽ കുത്താൻ തുടങ്ങി. അവൻ ആ സമയം ആ കുട്ടികളുടെ കയ്യിലെ കെട്ടഴിക്കാൻ തുടങ്ങി.
“ഇത്ര ബോൾഡായ ഒരുവൾ ആണ് എന്റെ പെങ്ങൾ, എന്നാൽ ഇവളുടെ പേര് പോലും ഓർത്തെടുക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ… ഇപ്പൊ സാഹചര്യം ശെരിയല്ല, ഇവിടുന്ന് രക്ഷപ്പെട്ടാൽ ഉടൻ തന്നെ ഇവളോട് കാര്യങ്ങൾ ഒക്കെ വിശദമായി പറയണം.” അവൻ മനസ്സിൽ ആലോചിച്ചു.
അല്പസമയം കൊണ്ട് അവൾ എല്ലാവർക്കും മരുന്ന് ഇൻജെക്ട് ചെയ്തു. ഓരോരുത്തരും പതുക്കെ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട്. “ഏട്ടാ.. ഈ മരുന്നിന്റെ ഹാങ്ങ് ഓവർ മാറി വരാൻ ഒരു 10 മിനിറ്റ് എടുക്കും എന്നാൽ നമുക്ക് കളയാൻ സമയമില്ല എല്ലാവരുടെയും മുഖത്ത് കുറച്ച് വെള്ളം തളിക്കാം അപ്പൊ വേഗം തന്നെ ഉണരും.” അവൾ പറഞ്ഞതും എക്സ് വേഗം ബാഗിൽ കരുതിയിരുന്ന ഒരു കുപ്പി എടുത്ത് പൈപ്പിൽ നിന്ന് വെള്ളം നിറച്ചു ഓരോരുത്തരുടെയും മുഖത്തേക്ക് ശക്തിയായി തളിച്ചു.