അവൾ ഓടി വന്ന് എക്സിനെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി നെഞ്ചിൽ തല ചായ്ച്ചു വിങ്ങിപ്പൊട്ടി. അവൻ കണ്ടു… അവളുടെ കയ്യിലെ പച്ച കുത്തിയ പറവക്കൂട്ടത്തെ.
“ഏട്ടാ….” അവളുടെ ആ വിളി കേട്ട് അവൻ ചലനമറ്റു നിന്നുപോയി. കയ്യും കാലും ഒക്കെ തളരുന്ന പോലെ.
“ഏട്ടനെ അന്ന് അവർ കൊന്നു എന്ന് തന്നെയാണ് ഞാൻ വിചാരിച്ചത്. എന്റെ ബോധം മറയുന്നതിനു മുൻപ് ഞാൻ കണ്ടത് അവർ ഏട്ടനെ തൂക്കി കാട്ടിലേക്ക് എറിയുന്നത് ആണ്.” അവൾ കരഞ്ഞുകൊണ്ട് അത്രയും പറഞ്ഞു ഒപ്പിച്ചു.
“ഏട്ടൻ…. അതെ ഞാൻ ഇത്രനാൾ തേടി നടന്നത് വെറും ഒരു പെണ്ണിനെ ആയിരുന്നില്ല, എന്റെ സ്വന്തം അനിയത്തിയെ തന്നെ ആയിരുന്നു. ഒറ്റ രാത്രികൊണ്ട് അനാഥൻ ആണെന്ന് വിശ്വസിച്ചിരുന്ന എനിക്ക് ഒരു കുഞ്ഞിപ്പെങ്ങളെ കിട്ടിയിരിക്കുന്നു.” എക്സിന്റെ കൈകൾ യാന്ത്രികമായി അവളെ വലയം ചെയ്തു.
“മോളെ…” എക്സിന്റെ ശബ്ദം ചിലമ്പിച്ചു പോയി. അവന്റെ വിളി കേട്ടതും അവളുടെ കരച്ചിലിന് ശക്തി കൂടി. ട്രെയിൻ അപ്പോഴും ഓടിക്കൊണ്ടേ ഇരുന്നു.
“എനിക്ക്… എനിക്ക് നിന്നോട് ഒരുപാട് കഥകൾ പറയാനുണ്ട്, എല്ലാം മനസ്സിലാക്കി എടുക്കാനും അതൊക്കെ ഉൾക്കൊള്ളാനും നിനക്ക് കുറച്ച് സമയം വേണ്ടി വരും. പക്ഷേ അതിനൊക്കെ മുൻപ് എനിക്ക് ഇവിടെ എന്താണ് നടക്കുന്നത് എന്ന് നീ പറഞ്ഞു തരണം.” രണ്ട് പേരുടെയും കരച്ചിൽ തെല്ലൊന്ന് അടങ്ങിയപ്പോൾ അവൻ ചോദിച്ചു.
“കഥകൾ എനിക്കും ഒരുപാട് പറയാനുണ്ട്, അതിന് മുൻപ് ഏട്ടൻ ഇത് കാണ്.” അവൾ അവനിൽ നിന്നും വിട്ടകന്നിട്ട് വേഗത്തിൽ നടന്ന് ഓരോ വരിയിലെയും ലൈറ്റിന്റെ സ്വിച്ച് ഇട്ടു. കംപാർട്മെന്റിൽ മുഴുവൻ വെളിച്ചം വീണു. എന്നാൽ ആ കാഴ്ചകൾ കണ്ട് അവൻ തരിച്ചു നിന്നുപോയി.
കുറെ പെൺകുട്ടികളുടെ കൈ പുറകിലേക്ക് വലിച്ചു കെട്ടി വായിൽ തുണി തിരുകി ഓരോ സീറ്റിലും കിടത്തിയിരിക്കുന്നു. ആർക്കും അനക്കമില്ല. ബോധം കെടുത്തി ഇട്ടേക്കുന്നത് ആയിരിക്കണം അവൻ ഊഹിച്ചു.
“എ.. എന്താ ഇത്…? ആരാ ഇവരൊക്കെ?” എക്സിന് ആകാംഷ അടക്കാനായില്ല.
“എല്ലാം ഞാൻ പറയാം. അതിന് മുൻപ് നമുക്ക് ഈ ട്രെയിനിൽ നിന്ന് ഇറങ്ങണം. ഇവന്മാരെ എല്ലാം ആദ്യം നമുക്ക് ഇത്പോലെ അനക്കം ഇല്ലാതെ ആക്കണം. എന്നാലേ നമുക്ക് രക്ഷപെടാൻ പറ്റു. അടുത്ത സ്റ്റേഷൻ പൂനെ ആണ്. അവിടെ നിന്നും ഇവരുടെ ആളുകൾ ഇനിയും കേറും അതിന് മുൻപ് നമുക്ക് ഇതിൽ നിന്ന് ഇറങ്ങണം, സമയം ഒട്ടും കളയാൻ ഇല്ല ഏട്ടൻ വാ.” അവൾ കാര്യങ്ങളുടെ ഒരു ഏകദേശ രൂപം നൽകി.