ഉള്ളിൽ കടന്ന ഉടൻ താഴെ വീണ് എഴുന്നേക്കാൻ ശ്രമിക്കുന്നവന്റെ നെഞ്ചിൽ എക്സ് ആഞ്ഞു ചവിട്ടി. ആ ഒരു ചവിട്ടിൽ അയാൾ അവിടെ വീണുപോയി. അപ്പോഴേക്കും ഉള്ളിൽ നിന്നും ആരൊക്കെയോ ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുന്നത് അവൻ കണ്ടു.
“എന്റെ പ്രതീക്ഷ തെറ്റിയില്ല. ഈ കംപാർട്മെന്റിൽ എന്തോ ഒരു നിഗൂഢത നിറഞ്ഞു നിൽക്കുന്നുണ്ട്. എന്താണെങ്കിലും അത് കണ്ട് പിടിച്ചേ മതിയാവു.” നിമിഷങ്ങളുടെ വ്യത്യാസത്തിൽ ആണ് തന്റെ ജീവൻ നിലനിൽക്കുന്നത് എന്നുകണ്ട എക്സ് പൊടുന്നനെ ജാഗരൂകൻ ആയി.
അപ്പോഴേക്കും ഒരുവൻ അവന്റെ തൊട്ടടുത്ത് എത്തിയിരുന്നു. എക്സിന്റെ കഴുത്തിനു നേരെ നീണ്ട അവന്റെ കൈ തട്ടി അകറ്റിയിട്ട് വശംതിരിഞ്ഞു അയാളുടെ വയറിൽ മുട്ടുകാൽ കൊണ്ട് ഒരു തൊഴി തൊഴിച്ചു. അതിൽ അയാൾ കുനിഞ്ഞു നിന്നു പോയി.
അപ്പോഴും വെളിയിൽ നിന്നും വരുന്ന നേരിയ വെളിച്ചം മാത്രമാണ് ആ ബോഗിക്കുള്ളിൽ ഉണ്ടായിരുന്നത്. എക്സ് വേഗം തന്നെ അവനെ പുറകിലേക്ക് വലിച്ചിട്ട് ജനലിന്റെ അടുത്തുള്ള സ്വിച്ചിൽ കൈ അമർത്തി.
ഒരു നിരയിൽ വെളിച്ചം വീണതും ആദ്യം കണ്ടത് തന്റെ നെഞ്ചിനു നേരെ നീണ്ടുവരുന്ന ഒരു വലിയ കത്തി ആണ്. ഒരു നിമിഷം പോലും പാഴാക്കാതെ അവൻ പിന്നിലേക്ക് ഒന്ന് ചാടി ഒഴിഞ്ഞു മാറി. ആ കത്തി പിടിച്ചവന്റെ കഴുത്തിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു. ആ ഒരിടിയിൽ ശ്വാസം കിട്ടാതെ അവൻ നിന്നുപോയി. അവനിൽ നിന്ന് കത്തി തട്ടിയെടുത്ത എക്സ് പുറകിലേക്ക് തെറിച്ചു വീണ രണ്ടാമന്റെ ഷൂസിൽ കലി കയറി ആഞ്ഞു കുത്തി.
അവന്റെ വായിൽ നിന്നും വന്ന അലർച്ച ആ കംപാർട്മെന്റിനുള്ളിൽ പ്രതിധ്വനിച്ചു. പാഞ്ഞടുത്ത നാലാമൻ എക്സിന്റെ മുതുകിൽ ആഞ്ഞു ചവിട്ടി. അവൻ തെറിച്ചു ഒന്നാമന്റെ മുന്നിൽ ചെന്ന് വീണു. മുഖം പൊത്തി ഒരിടി ഒന്നാമന്റെ വക എക്സിന് കിട്ടി. രണ്ടാമത്തെ അടിക്ക് അവൻ തയ്യാറാകുന്ന സമയം എക്സ് അവന്റെ കാല് രണ്ടിലും പിടിച്ചു മുന്നിലേക്ക് വലിച്ചു.
അടിതെറ്റി അവൻ മറിഞ്ഞു വീണു. എന്നാൽ നാലാമനും സമനില വീണ്ടെടുത്ത മൂന്നാമനും ചേർന്ന് വീണ്ടും എക്സിന്റെ മുതുകിൽ തന്നെ തൊഴിച്ചു. അന്നേരം കൊണ്ട് ആ ബോഗിയുടെ മറുതലക്കൽ നിന്നും അഞ്ചാമത് ഒരാൾ കൂടി ഊരി പിടിച്ച കത്തിയുമായി അവരുടെ അടുത്തേക്ക് വന്നുകൊണ്ടിരിന്നു.