“ഇതിനിടയിൽ ആരോ കളിക്കുന്നുണ്ട്, ആരോ അവരെ ഒക്കെ സഹായിക്കാൻ ഉണ്ട്. എന്തായാലും ഒന്ന് ഉറപ്പാണ് അവർ എല്ലാം ഒന്നിച്ചു തന്നെ ആണ് ഇപ്പോഴും ഉള്ളത്. അത് അല്ലാരുന്നെങ്കിൽ ഇവരിൽ ആരെങ്കിലും ഒരാൾ നമ്മുടെ കണ്ണിൽ വന്ന് പെട്ടേനെ. എന്നാൽ നമ്മൾ വൈകും തോറും ഇവർ ഇവരുടെ നാട്ടിലേക്ക് പോകാൻ ചാൻസ് ഉണ്ട്, അങ്ങനെ ഉണ്ടാവും മുന്നേ എല്ലാത്തിനേം പൊക്കണം.”
“എന്നാലും ബസും ട്രെയിനും അല്ലാതെ ഇത്രേം പേരെ ട്രാൻസ്‌പോർട്ട് ചെയ്യാൻ അവനു എങ്ങനെ പറ്റി എന്നതാണ് എന്നെ കുഴക്കുന്ന ചോദ്യം.” അസ്‌ലാൻ കണ്ണടച്ച് ആലോചിച്ചു…. സംഭവിക്കാൻ സാധ്യത ഉള്ള എല്ലാ കാര്യങ്ങളും അയാൾ കൂട്ടിയും കിഴിച്ചും ഒരു സിനിമ പോലെ അയാളുടെ മനസ്സിൽ കണ്ടു.
ഇതേ സമയം നിർത്തിയിട്ട അവരുടെ വണ്ടിയെ മറികടന്ന് ഒരു ലോറി അതിവേഗത്തിൽ മുരണ്ട്കൊണ്ട് പോയി….
അസ്ലൻ അവന്റെ ചോര കണ്ണുകൾ വലിച്ചു തുറന്നു… “യെസ്… ട്രക്ക്.. കണ്ടെയ്നർ ട്രക്കുകൾ…” അസ്ലൻ വണ്ടിയുടെ ബോണറ്റിൽ നിന്നു ചാടി ഇറങ്ങിക്കൊണ്ട് പറഞ്ഞു.
“ട്രെയിനിൽ നിന്ന് ചാടിയ അവർക്ക് അത്രേം പേർക്ക് ഒന്നിച്ചു സുരക്ഷിതമായി പോകാൻ പറ്റുന്നത് ട്രക്കുകളിൽ ആണ്, അതും കണ്ടെയ്നർ ട്രക്കുകൾ.” അസ്ലൻ അത് പറഞ്ഞതും കൂടി നിന്ന എല്ലാവരുടെയും മുഖം വിടർന്നു.
“പോലീസ് കണ്ട്രോൾ റൂമിൽ നമുക്ക് വേണ്ടപ്പെട്ട ആരാണ് ഉള്ളത്?” അയാൾ തന്റെ കൂട്ടാളികളോട് ചോദിച്ചു.
“ഭായ് ട്രാഫിക് എസ് ഐ നരസിംഹ… അയാൾക്ക് അവിടെ ഹോൾഡ് ഉണ്ടാവും.”
“വിളിക്ക് അവനെ… ഇന്നലെ ജയന്തി ജനത കാൻഹി സ്റ്റേഷൻ കടന്നുപോയ സമയം മുതൽ ഏകദേശം ഒരു 5-6 മണിക്കൂർ നേരത്തേക്ക് മുംബൈ ഭാഗത്തേക്ക് പോയ കണ്ടെയ്നർ ട്രക്കുകളുടെ ഡീറ്റെയിൽസ് എടുപ്പിക്കണം അവനെക്കൊണ്ട്.”
“ഭായ്… ഒരുപക്ഷേ അവർ പൂനെ ഭാഗത്തേക്ക് ആണ് പോയതെങ്കിലോ?” ഒരുവന്റെ സംശയം കേട്ട് അസ്ലൻ ഒന്ന് ചിന്തിച്ചു..
“ഇല്ല… അങ്ങനെ വരാൻ വഴി ഇല്ല, കാരണം പൂനെ സിറ്റിയിൽ കടക്കണമെങ്കിൽ അതിന് മുന്നേ ട്രക്ക് പോലീസ് എയ്ഡ് പോസ്റ്റ് ക്രോസ്സ് ചെയ്യണം. അങ്ങനെ ചെയ്തിരുന്നേൽ അവർ ഇതിനകം പോലീസിന്റെ കണ്ണിൽ പെട്ടേനെ, വാർത്ത ആയേനെ, അതുവഴി നമ്മളും അറിഞ്ഞേനെ. എന്നാൽ ഇതുവരെ അങ്ങനെ ഒരു ന്യൂസ് വന്നിട്ടില്ല അത്കൊണ്ട് തന്നെ ഇവർ മുംബൈ റൂട്ടിൽ ആവും പോയത്. എന്നാൽ മുംബൈലേക്ക് പോവാൻ ചാൻസ് കുറവ് ആണ്.”