“നീ എന്തൊക്കെയാ മിഴി ഈ പറയണേ? എന്നിട്ട് അവൻ എവിടെ?” പൂജയുടെ ചോദ്യം നേരിടാൻ ആവാതെ മിഴി മുഖം കുനിച്ചു നിന്നു.
“എടി എന്താ ഉണ്ടായേ അതൊന്നു തെളിച്ചു പറ നീ ആദ്യം” അവൾ വീണ്ടും ഒച്ചയിട്ടു.
“ഇന്നലെ അമ്മ വിളിച്ചിരുന്നു, വീട് ജപ്തി ചെയ്യാൻ ആളുകൾ എത്തി. അമ്മയുടെ കരച്ചിൽ കേട്ട് സഹിക്കാൻ പറ്റുന്നുണ്ടായില്ലഡി, നാട്ടിലെ അനാഥ മന്ദിരത്തിൽ ഞാൻ വിളിച്ചു അച്ഛനോട് സഹായം ചോദിച്ചു അപ്പൊ തന്നെ, അവർ വന്ന് അമ്മയെ അങ്ങോട്ട് കൊണ്ടുപോയി. അവിടെ എത്തിയിട്ടും അമ്മ ഒന്നും കഴിക്കാൻ കൂട്ടാക്കാതെ ഇരുന്നു കരച്ചിൽ ആയിരുന്നു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞു.”
“ഇത്രേം ഒക്കെ ആയിട്ടും ഒരു മകൾ എന്ന നിലയിൽ എനിക്ക് എനിക്ക് എന്റെ അമ്മയോട് ഉള്ള കടമകൾ പോലും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ഓർത്ത് ആകെ തകർന്ന ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ ഇന്നലെ. അപ്പോഴാണ് അവൻ ഡ്യൂട്ടി കഴിഞ്ഞ് വന്നത്, എന്തോ അപ്പോഴത്തെ ഒരു അവസ്ഥയിൽ ഞാൻ അവനോട് ദേഷ്യപ്പെട്ടു സംസാരിച്ചു, പക്ഷേ അവൻ ഇറങ്ങി പോകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.”
“രാവിലെ നോക്കുമ്പോൾ അവന്റെ സാധനങ്ങൾ ഒന്നും തന്നെ കാണാനില്ല, പോയി കാണും എങ്ങോട്ടേലും പാവം, എനിക്ക് ഇത് എല്ലാം കൂടെ വട്ട് പിടിക്കുന്നുണ്ട് പൂജ..”
പൂജ അവളെ ചേർത്ത് പിടിച്ചു, മിഴി അവളെ ഇറുക്കി പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി. കരയട്ടെ.. അങ്ങനെ എങ്കിലും കുറച്ച് ആശ്വാസം കിട്ടുവല്ലോ എന്ന് പൂജയും ഓർത്തു.
അവൾ കരഞ്ഞു തീരും വരെ പൂജ അവളെ ഒരു കുഞ്ഞിനെ എന്നപോലെ ചേർത്ത് അണച്ചു പിടിച്ചിരുന്നു.
“മിഴി… അവൻ എവിടേം പോയിട്ടുണ്ടാവില്ല, പെട്ടെന്ന് ഉള്ള ഷോക്കിൽ പോയത് ആവും നമുക്ക് മഹീന്ദർ ഭായ്യെ വിളിച്ച് നോക്കാം. പിന്നെ അമ്മ ഇപ്പൊ തൽക്കാലം അവിടെ നിക്കട്ടെ അത് തന്നെ ആണ് സേഫ്. ആ വീട് നമുക്ക് തിരിച്ചു പിടിക്കാൻ നോക്കാം എങ്ങനേലും. ബാങ്കിനോട് റിക്വസ്റ്റ് ചെയ്ത് നോക്കാം ഇൻ കേസ് അവർ ആ പ്രോപ്പർട്ടി ലേലത്തിൽ വെക്കുവാണേൽ തന്നെ കുറച്ച് ഒന്ന് ഡീലേ ആക്കാൻ.”