“ഞാൻ അത്രക്ക് അങ്ങ് ചിന്തിച്ചില്ല. നീ കൊള്ളാല്ലോ.” മഹീന്ദർ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. “ഇനി അവന്റെ നിഴൽ പോലും ഇവരുടെ ദേഹത്ത് വീഴാൻ ഞാൻ സമ്മതിക്കില്ല ഭായ്.” ഹരി പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.
അധികം വൈകാതെ തന്നെ വഴിയിൽ കണ്ട ഒരു ഹോട്ടലിന്റെ അടുത്ത് മഹീന്ദർ വണ്ടി നിർത്തി. “ചോട്ടു.. നീ പോയി ഒരു 5 പേർക്കുള്ള ഫുഡ് ഇവിടുന്ന് വാങ്ങി വാ, ബാക്കി നമുക്ക് വേറെ ഏതെങ്കിലും ഹോട്ടലിൽ നിന്ന് വാങ്ങാം. നീ ആകുമ്പോ ആർക്കും സംശയം തോന്നില്ല” ഹരി പറഞ്ഞു. “അതിനെന്താ ഞാൻ വാങ്ങി വരാം.” അവൻ അതും പറഞ്ഞ് ഹരി കൊടുത്ത പൈസയുമായി ഭക്ഷണം വാങ്ങാൻ ഇറങ്ങി.
“ഡാ.. പിന്നെ ഒരു കാര്യം, ആ ഹോട്ടലിൽ സി.സി.ടി.വി ഉണ്ടോന്ന് ഒന്ന് ശ്രദ്ധിച്ചേക്കണം. അഥവാ ഉണ്ടെങ്കിൽ നിന്റെ മുഖം അതിൽ പെടാതെ നോക്കണം. ദേ ഈ തൊപ്പി വെച്ചോ നീ.” ഹരി ബാഗിൽ നിന്നും ഒരു തൊപ്പി എടുത്ത് അവനു നൽകിയതും ചോട്ടു അതും തലയിൽ വെച്ച് നടന്നകന്നു. ഹരി അപ്പോഴും ജാഗരൂകൻ ആയിരുന്നു, അവൻ ചുറ്റുപാടും വീക്ഷിച്ചുകൊണ്ടേ ഇരുന്നു. ഒരു ആക്രമണം ഏത് നിമിഷം വേണേലും ഉണ്ടാവും. ഇതേ സമയം ജാനകി കൂടെ ഉള്ളവർക്ക് ധൈര്യം പകർന്നുകൊണ്ടിരുന്നു. അവളുടെ മനസ്സാന്നിദ്ധ്യം കിഷോറിനെ അമ്പരപ്പിച്ചു. ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ആ കണ്ടെയ്നറിനുള്ളിൽ എല്ലാവരും ശ്വാസമടക്കി പിടിച്ചാണ് ഇരുന്നത്.
അല്പം കഴിഞ്ഞതും ചോട്ടു ഫുഡ് വാങ്ങി തിരിച്ചെത്തി. “ഹരി ഭായ്, ഭായ് പറഞ്ഞത് പോലെ അവിടെ ക്യാമറ ഉണ്ടായിരുന്നു. മൂന്ന് എണ്ണം. ഒന്ന് വെളിയിലും രണ്ടെണ്ണം ഉള്ളിലും.” “കൊള്ളാല്ലോ നീ, എണ്ണം വരെ കൃത്യമായി എടുത്തല്ലോ. ആർക്കും സംശയം ഒന്നും തോന്നില്ലല്ലോ അല്ലേ?” “എന്തിന്?? ഞാൻ ഭക്ഷണം വാങ്ങാൻ പോയതല്ലേ എന്നെ എന്തിനാ സംശയിക്കണേ? നമ്മൾ നമ്മളെ തന്നെ അധികം ശ്രദ്ധിച്ചാൽ ആണ് മറ്റുള്ളവരും നമ്മളെ ശ്രദ്ധിക്കുന്നത്. നമ്മൾ സ്വാഭാവികം ആയി നടന്നാൽ ആർക്കും ഒന്നും തോന്നില്ല.” ചോട്ടു പറഞ്ഞത് കേട്ട് അവർ രണ്ടും ചിരിച്ചു. എന്നാൽ അവൻ പറഞ്ഞത് സത്യമാണെന്ന് അവർക്കും തോന്നി. “അല്ല ഇത് അവർക്ക് കൊടുക്കണ്ടേ?” “ഇപ്പൊ കൊടുക്കണ്ട അടുത്ത ഹോട്ടലിൽ നിന്ന് കൂടി വാങ്ങിട്ടു കൊടുക്കാം, ഭായ് വണ്ടി വിട്.” അരമണിക്കൂർ കൊണ്ട് അവർ മുഴുവൻ പേർക്കുള്ള ഭക്ഷണം ഒപ്പിച്ചു. “ഭായ് വണ്ടി ഏതെങ്കിലും ആളൊഴിഞ്ഞ ഭാഗത്ത് ഒന്ന് നിർത്തണം, ഞാൻ ഈ ഫുഡ് കൊണ്ട് കൊടുക്കാം അവർക്ക്. ഞാൻ ബാക്കിൽ കേറിയതും വണ്ടി വിട്ടോ അധികം നേരം ഒന്നും വഴിയിൽ നിർത്തണ്ട നമുക്ക് എത്രയും വേഗം ത്രയംബകേശ്വർ എത്തണം.” *****************************