അടുത്ത നിമിഷം ആ ഫോൺ നിലത്ത് ചിന്നി ചിതറി… അയാളുടെ ആ ഭാവമാറ്റം എല്ലാവരിലും ഭയം ഉളവാക്കി. അയാൾ കലിയടങ്ങാതെ ആക്രോശിച്ചുകൊണ്ട് അടുത്ത് നിന്നവന്റെ മുഖം പൊത്തി അടിച്ച് അവനെ ചുരുട്ടി എടുത്ത് ബാക്കി ഉള്ളവരുടെ ഇടയിലേക്ക് എറിഞ്ഞു.
“നിന്നെയൊക്കെ എന്തിനാടാ നായിന്റമക്കളെ ചെല്ലും ചെലവും തന്ന് ഞാൻ തീറ്റി പോറ്റുന്നത്, ഒരു കാര്യം ഏൽപ്പിച്ചാൽ അത് ചെയ്യാൻ ഉള്ള കഴിവ് ഇല്ലെങ്കിൽ പിന്നെ ഒരുത്തനും ഈ പണിക്ക് നിക്കരുത്. ഒന്നും രണ്ടുമല്ല 74 കോടി രൂപയുടെ കൺസൈന്മെന്റ് ആണ് ഇത്. ആരെ കൊന്നിട്ടാണെങ്കിലും നാളെ വൈകുന്നേരത്തിനു ഉള്ളിൽ ആ 20 പെണ്ണുങ്ങളും കൂടെ ആ ജേർണലിസ്റ്റ് തെണ്ടിയും പിന്നെ അവന്മാർ പറഞ്ഞ ഇവരെയെല്ലാം അവരുടെ കണ്ണിന്റെ കീഴെ നിന്ന് എടുത്തോണ്ട് പോയവനെയും എനിക്ക് കിട്ടിയിരിക്കണം. ഇല്ലെങ്കിൽ ഈ മുറിയിൽ നിക്കുന്ന ഒരുത്തന്റെ കുടുംബത്തിലും ജീവന്റെ ഒരു കണിക പോലും ശേഷിക്കാത്ത വിധത്തിൽ കരിച്ചു കളയും ഞാൻ.” അസ്ലൻന്റെ ശബ്ദം അവിടെ കൂടി നിന്ന അവന്റെ കൂട്ടാളികളുടെ കാതിൽ ഒരു ഇടിമുഴക്കം പോലെ പതിഞ്ഞു.
ഒട്ടും സമയം കളയാതെ തന്നെ അവർ വണ്ടി എടുത്ത് ഇറങ്ങി. അവർ രക്ഷപെട്ടു എന്ന് പറയപ്പെടുന്ന സ്ഥലം തേടി. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഹോട്ടൽസ് എല്ലായിടത്തും അസ്ലൻന്റെ ശിങ്കിടികൾ പാഞ്ഞെത്തി അന്വേഷണം തുടങ്ങി. പ്രധാന പെട്ട ടോൾ ഗേറ്റുകളിൽ പോലും പോലീസ് സഹായത്തോടെ തന്നെ അവർ വലവീശി തുടങ്ങി. എന്നാൽ എല്ലാവരുടെയും കണ്ണിൽ പൊടിയിട്ടുകൊണ്ട് ആ ട്രക്കിന്റെ വീലുകൾ ഉരുണ്ടുകൊണ്ടേ ഇരുന്നു. ********************* “ഭായ് ഇവർക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങണം. ഇവരൊക്കെ മര്യാദക്ക് ഭക്ഷണം കഴിച്ചിട്ട് തന്നെ നാളുകൾ ആയി.” “അതിനെന്താ നമുക്ക് ഏതെങ്കിലും ഹോട്ടലിൽ നിർത്തി എല്ലാവർക്കും പാർസൽ വാങ്ങാം.” “അത് വേണ്ട ഭായ്… എല്ലാവർക്കും ഒന്നിച്ചു ഒരിടത്തു നിന്ന് വാങ്ങണ്ട. ആ അസ്ലന്റെ ആളുകൾ ഇപ്പൊ തിരച്ചിൽ തുടങ്ങിക്കാണും അവർ ഏതെങ്കിലും ഹോട്ടലിൽ ഒക്കെ വന്ന് അന്വേഷണം നടത്താതെ ഇരിക്കില്ല, നമ്മൾ 20 പേർക്കൊക്കെ പാർസൽ വാങ്ങിയാൽ അവർ ആ തുമ്പ് പിടിച്ചു വന്ന് കൂടായ്ക ഇല്ല. പല ഹോട്ടലിൽ കയറി പാർസൽ വാങ്ങാം ഒരു 5 എണ്ണം വീതം അപ്പൊ സംശയം തോന്നില്ല.” ഹരിയുടെ ബുദ്ധി പ്രവർത്തിച്ചത് കണ്ട് ചോട്ടു വാ പൊളിച്ചു.