അവരുടെ സാമിപ്യം ഹരിക്ക് നല്ലൊരു ആശ്വാസം ആയിരുന്നു. “അല്ല ഭായ് നമ്മൾ എങ്ങോട്ടാ ഇവരെ കൊണ്ടുപോകുന്നത്?” ഹരിയുടെ ചോദ്യം കേട്ട് മഹീന്ദർ അവന്റെ മുഖത്തേക്ക് ഒരു നിമിഷം നിർവികാരനായി ഒന്ന് നോക്കി… എന്നിട്ട് പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു “ത്രയംബകേശ്വർ…”
“ത്രയംബകേശ്വർ… നാസിക്കിന് അടുത്ത് അല്ലേ?” ഹരി ചോദിച്ചു. “മ്മ്… അടുത്തല്ല ഒരു 45 കിലോമീറ്റർ ഉണ്ടാവും നാസിക്കിൽ നിന്ന്. നിനക്ക് എങ്ങനെ അറിയാം ആ സ്ഥലം?” “അതാണ് എനിക്കും അറിയാത്തത്…. മിഴിയും എന്നോട് ഇതേ ചോദ്യം ഒരിക്കൽ ചോദിച്ചിരുന്നു. പക്ഷേ അന്നും ഇന്നും എനിക്ക് അതിനൊന്നും ഉത്തരം കണ്ടെത്താൻ പറ്റിയില്ല.” “അല്ല… അത് പറഞ്ഞപ്പഴാ.., മിഴിക്ക് എന്താ പറ്റിയെ? നിങ്ങൾ തമ്മിൽ എന്താരുന്നു പ്രശ്നം?” മഹീന്ദർ ചോദിച്ചു.
“അറിയില്ല ഭായ്, കൊറേ നാളായില്ലേ ഞാൻ അവിടെ കടിച്ചു തൂങ്ങി നിൽക്കുന്നു, ചെലപ്പോ അതിന്റെ ആവാം, ആദ്യമേ ഒരു വാടക മുറി എടുത്ത് മാറി താമസിക്കണ്ടത് ആരുന്നു ഇതിപ്പോ ഇറക്കി വിട്ടപോലെ ആയി. എന്നാലും എനിക്ക് അതിൽ സന്തോഷം ആണ്, അങ്ങനൊന്നും നടന്നില്ലാരുന്നു എങ്കിൽ എനിക്ക് എന്റെ ജാനകിയെ ഒരുപക്ഷേ എന്നെന്നേക്കുമായി നഷ്ടമായേനെ.” ഹരിയുടെ കണ്ണ് അറിയാതെ നിറഞ്ഞുപോയി. “അബെ സാലെ… മതി പറഞ്ഞത്. ഇപ്പൊ എല്ലാം നന്നായി തന്നെ അവസാനിച്ചല്ലോ പിന്നെന്താ പ്രശ്നം.” മഹീന്ദർ ഹരിയുടെ തലയിൽ ഒന്ന് തട്ടിക്കൊണ്ടു സ്നേഹത്തോടെ ശകാരിച്ചു. *******************
ഈ സമയം ജയന്തി ജനത പൂനെ റെയിൽവേ സ്റ്റേഷൻ എത്തിയിരുന്നു. അവിടെ കാത്തിരുന്ന അസ്ലൻന്റെ ആളുകൾ പെൺകുട്ടികളെ കംപാർട്മെന്റിൽ കാണാതെ പരിഭ്രാന്തരായി. ഒടുവിൽ അവർ ബാത്‌റൂമിൽ അബോധാവസ്ഥയിൽ കിടന്ന അവരുടെ കൂട്ടാളികളെ കണ്ടെത്തി. കഥകൾ മുഴുവൻ അവരിൽ നിന്നും അറിഞ്ഞു. എന്നാൽ ട്രെയിൻ അപ്പോഴേക്കും അവരെയും കൊണ്ട് സ്റ്റേഷൻ വിട്ടിരുന്നു.
“അസ്ലൻ ഭായ്…. പൂനെയിൽ നിന്ന് സൽമാന്റെ കാൾ ഉണ്ട്.” ഒരുവൻ വിക്കി വിക്കി പറഞ്ഞുകൊണ്ട് ഫോൺ അസ്ലന് കൈമാറി. മറുതലക്കൽ നിന്നും സംസാരം നടക്കുംതോറും അസ്ലൻന്റെ മുഖം ദേഷ്യം കൊണ്ട് മുറുകുന്നത് കണ്ട് കൂടെ ഉള്ളവർ ഭയന്നു. അയാളുടെ ചോര കണ്ണുകളിൽ വീണ്ടും രക്തയോട്ടം കൂടിയത് പോലെ.