“ഭായ് ഞാൻ എല്ലാം പോണ വഴി വിശദമായി പറഞ്ഞു തരാം ഇപ്പൊ നമുക്ക് എത്രയും വേഗം ഇവരെയെല്ലാം ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.” ഹരി ആ പെൺകുട്ടികളെ നോക്കികൊണ്ട് .
അവരുടെ മുഖം കണ്ട് മഹീന്ദറും വല്ലാണ്ടായി. “ശെരി വാ, എല്ലാവരെയും വണ്ടിടെ ബാക്കിൽ കേറ്റാം. അതിൽ കുറച്ച് പെട്ടി ഒക്കെ ഇരിപ്പുണ്ട് എന്നാലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. ഇവൻ ഏതാ?” കിഷോറിനെ നോക്കി മഹീന്ദർ ചോദിച്ചു.
“ഇത് കിഷോർ, ജേർണലിസ്റ്റ് ആണ്. അവനും അവരുടെ പിടിയിൽ ആയിരുന്നു. പിന്നെ ഭായ് ഇത് ജാനകി… എന്റെ അനിയത്തി ആണ്.” ഹരി അവളെ ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു.
“ങേ… അനിയത്തിയോ… ഈ കഴിഞ്ഞ ഒരു മണിക്കൂർ കൊണ്ട് നിന്റെ ജീവിതം ഇങ്ങനൊക്കെ മാറിയോ.” മഹീന്ദർ ജാനകിയെ നോക്കി അത്ഭുതത്തോടെ ചോദിച്ചു. എന്നാൽ അവൾക്ക് അവർ പറഞ്ഞത് ഒന്നും മനസിലായില്ല. “എല്ലാം ഞാൻ പറയാം ഭായ്… ആദ്യം ഇവിടെ നിന്നും നമുക്ക് എത്രയും വേഗം കടക്കണം.” ഹരി തിരക്ക് കൂട്ടി. ശ്രീഹരിയും ചോട്ടുവും മാത്രം ഫ്രണ്ടിൽ കയറി. ബാക്കി എല്ലാവരെയും ബാക്കിൽ കയറ്റി ഡോർ ലോക്ക് ചെയ്തു. ഒട്ടും വൈകാതെ തന്നെ അവരെയെല്ലാം വഹിച്ചുകൊണ്ട് ആ ട്രക്ക് കുതിച്ചു. പോകുന്ന വഴിയിൽ ശ്രീഹരി താൻ മിഴിയെ വിട്ട് വരാൻ ഉള്ള കാരണം മുതൽ അല്പം മുൻപ് സംഭവിച്ചത് വരെ അവരെ രണ്ട് പേരെയും പറഞ്ഞു കേൾപ്പിച്ചു. ഒരു ഞെട്ടലോടെ ആണ് അവർ രണ്ടാളും അത് കേട്ട് ഇരുന്നത്.
“കേട്ടിട്ട് മൊത്തത്തിൽ ഒരു സിനിമ കഥ പോലെ ഒണ്ട്, ഇത്പോലെ ഉള്ള സംഭവം ഒക്കെ ഞാൻ അതിലെ കണ്ടിട്ടുള്ളു.” ചോട്ടു അത്ഭുതപ്പെട്ടു. “ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട്. നീ ആരാണ്, നിനക്ക് ഇവിടെ മഹാരാഷ്ട്രയിൽ എന്താണ് പരിപാടി, ജാനകിയെ തട്ടിക്കൊണ്ടു പോയത് എങ്ങനെ.. അങ്ങനെ വ്യക്തമാകാത്ത കൊറേ കാര്യങ്ങൾ കൂടെ ഉണ്ട്.” മഹീന്ദർ വളയം തിരിച്ചുകൊണ്ട് ഹരിയോട് പറഞ്ഞു. “ശെരിയാണ് ഭായ്, പക്ഷേ എനിക്ക് ഓർമ്മ പോയി എന്നുള്ള കാര്യം ഒന്നും ജാനകിക്ക് അറിയില്ല അവളോട് പറയാൻ ഉള്ള സാവകാശം കിട്ടിയില്ല അതാണ് സത്യം. ഭായ് ചോദിച്ച ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം അവളുടെ കയ്യിലെ ഉള്ളൂ. ആദ്യം നമുക്ക് ഇവരെ എല്ലാവരെയും സേഫ് ആയി ഒരിടത്തു എത്തിക്കണം. അത് കഴിഞ്ഞ് ബാക്കി നോക്കാം.” “നീ ഒന്നുകൊണ്ടും പേടിക്കണ്ട, അവർ ആരാണെങ്കിലും ഇനി ഇവരെ അവർ തൊടില്ല. അങ്ങനെ തൊടണമെങ്കിൽ അത് ഞാൻ ചത്തിട്ടേ ഉണ്ടാവു.” മഹീന്ദർ പല്ലിറുമ്മി.