ഓർമ്മകൾക്കപ്പുറം 5
Ormakalkkappuram Part 5 | Author : 32B | Previous Part
സപ്പോർട്ടിന് നന്ദി മക്കളേ ഇത്തവണ പേജ് കുറച്ചൂടി കൂട്ടിട്ടുണ്ട്. അടുത്ത പാർട്ട് എഴുതി തുടങ്ങി, നല്ലൊരു ക്ലൈമാക്സിനു വേണ്ടിയുള്ള ആലോചനയിൽ ആണ്. പറ്റുവാണേൽ 2 പാർട്ട് കൂടെ കൊണ്ട് തീർക്കാൻ ശ്രമിക്കാം.###
ഓർമ്മകൾക്കപ്പുറം 5
കണ്ടത് ആരെയാണെന്ന് കൂടി അറിയില്ല പക്ഷേ വിവേകത്തിനു അപ്പുറം മനസ്സ് ചില സമയം ചില തീരുമാനങ്ങൾ എടുക്കും അത് തന്നെയാണ് ഇവിടെയും നടന്നത്.
ഒറ്റക്കുതിപ്പിന് അവൻ ആ കംപാർട്മെന്റിന്റെ പടിയിലേക്ക് ചാടി കയറി ഡോറിൽ അള്ളി പിടിച്ചു നിന്നു. അവൻ അത് തള്ളി നോക്കി എന്നാൽ അത് അകത്തുനിന്നും ലോക്ക് ചെയ്തിരുന്നു. അപ്പോഴേക്കും ട്രെയിൻ അവനെയും വലിച്ചുകൊണ്ട് പ്ലാറ്റ്ഫോം വിട്ടിരുന്നു.
“ഹേയ്…. ഹേയ്…. ഓപ്പൺ ദി ഡോർ…” അവൻ ആ നിഴലിൽ നോക്കി അലറിക്കൊണ്ട് ശക്തിയായി ഡോറിൽ മുട്ടി.
തുറന്നിട്ട ജനലിൽ കൂടെ ആ കൈകൾ അവന് നേരെ നീണ്ടു. എന്നാൽ ഡോറിൽ നിന്നുകൊണ്ട് അവന് ആ കയ്യിൽ പിടിക്കാൻ പറ്റിയില്ല. അവൻ വീണ്ടും അകത്തേക്ക് നോക്കി അലറിക്കൊണ്ടിരുന്നു.
ഒരു നിമിഷം അവനെ സ്തബ്ധനാക്കിക്കൊണ്ട് ആ നിഴലിനെ അകത്തുനിന്നും ആരോ ജനൽ കമ്പിയിൽ ചേർത്ത് അടിച്ചിട്ട് വലിച്ച് അകത്തേക്ക് ഇട്ടു. ആ ഷട്ടർ അവന് മുന്നിൽ കൊട്ടി അടക്കപ്പെട്ടു. അതിൽ നിന്നും ഒരു കാര്യം അവന് മനസിലായി ഈ കംപാർട്മെന്റിനുള്ളിൽ നടക്കുന്നത് നിഗൂഢമായ എന്തോ ഒന്നാണ് എന്ന്. എക്സ് ഭ്രാന്തെടുത്തപോലെ ഡോറിൽ ആഞ്ഞു അടിച്ചുകൊണ്ടേ ഇരുന്നു.
അല്പനേരം കഴിഞ്ഞ് അവൻ കുഴഞ്ഞു. ട്രെയിൻ അപ്പോഴേക്കും അതിന്റെ പൂർണ്ണ വേഗത്തിൽ എത്തിയിരുന്നു. പെട്ടന്ന് അവന് ആരോ ഉള്ളിൽ നിന്നും ഡോർ തുറക്കുന്ന പോലെ തോന്നി. അവൻ വേഗം തന്നെ ഡോറിന്റെ സൈഡിലെ കമ്പിയിൽ തൂങ്ങി ഒരു വശത്തേക്ക് ചരിഞ്ഞു എന്തിനും തയ്യാറായി നിന്നു.
ഡോർ തുറന്നു പുറത്തേക്കു ആദ്യം നീണ്ട് വന്നത് ഒരു വലിയ കത്തി ആണ്. ഡോറിനു മുന്നിൽ നിന്നും മാറിയത് നന്നായി എന്നവന് തോന്നി. അവൻ അനങ്ങാതെ ശ്വാസം പിടിച്ചു നിന്നു. കത്തിയുടെ പിന്നാലെ പുറത്തേക്കു ഒരു തല നീണ്ട് വന്നതും എക്സ് കമ്പിയിൽ മുറുകെ പിടിച്ചു ഒരു കാൽ പൊക്കി അവന്റെ മൂക്ക് പൊളിയുന്ന തരത്തിൽ ഒന്ന് കൊടുത്തു. അവൻ തെറിച്ചു അകത്തേക്ക് വീണു. കത്തി പുറത്ത് ട്രാക്കിലേക്കും. ഒറ്റ കുതിപ്പിന് അവൻ ഡോർ തുറന്ന് അകത്തേക്ക് കയറി.