പിറ്റേന്ന് രാവിലെ ഞങ്ങൾ പുറപ്പെട്ടു. ശ്രീക്കുട്ടി ഒഴികെ ബാക്കി എല്ലാവരും വീട്ടിലേക്ക് വന്നിരുന്നു. ഒരു എക്സാം ഉള്ളത് കൊണ്ട് സച്ചിയും , ശ്രീയും വന്നിട്ടില്ല. എല്ലാവരോടും യാത്ര ചോദിച്ച് വണ്ടിയിൽ കയറി. അധികം ദൂരം ഇല്ലാത്തത് കൊണ്ട് കാറിൽ തന്നെയാണ് പോകുന്നത്. പ്രതാപ് കോഡ്രൈവർ സീറ്റിലും , അനിത പുറകിലും കയറിയതോടെ എല്ലാവരേയും നോക്കി ഒരു ചിരിയോടെ നവനീത് കാർ മുന്നോട്ട് എടുത്തു. പുറത്തെ റോഡിൽ കേറി തങ്ങളുടെ കൺമുമ്പിൽ നിന്ന് മറയുന്നത് വരെ അവരേയും നോക്കി ബാക്കിയുള്ളവർ അവിടെ നിന്നു.
ചാലക്കുടി അടുത്താണ് വീട് സെറ്റപ്പ് ചെയ്തിരുന്നത്. അൽപം ഉള്ളിലേക്ക് ആയതുകൊണ്ട് കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഗൂഗിൾ മാപ്പ് മുമ്പും പണി തന്നിട്ടുള്ളത് കൊണ്ട് നമ്മടെ ആശാൻ പറഞ്ഞപോലെ “ചോയിച്ച് ചോയിച്ച്” ആണ് ഒടുക്കം സ്ഥലത്ത് എത്തിയത്. നാടുമായി വലിയ വ്യത്യാസം ഒന്നും ഇവിടേയും ഇല്ല. പിന്നെ ആകെ ഉള്ളത് നല്ല കലർപ്പില്ലാത്ത തൃശൂർ ഭാഷ കേൾക്കാം എന്നത് മാത്രമാണ്. ഞങ്ങളുടെ നാട്ടിലെ പോലെ തന്നെ ഒരുപാട് ്് വീടുകളൊന്നും ഇവിടേയും ഇല്ല. ടൗണിൽ നിന്ന് ഒരു മൂന്ന് കിലോമീറ്റർ അകത്തേക്ക് മാറിയാണ് വീട് കിട്ടിയത്.
അത്യാവശ്യം വലുപ്പമുള്ള ഒരു ഒറ്റനില വീടിന്റെ മുന്നിലാണ് കാർ ചെന്ന് നിന്നത്. നേരത്തെ പറഞ്ഞിരുന്നത് പോലെ തന്നെ ബ്രോക്കർ അവിടെ ഉണ്ടായിരുന്നു. ഒരു അറുപത് ്് വയസ്സ് എങ്കിലും തോന്നിക്കും രാമേട്ടനെ കണ്ടാൽ. പുള്ളിക്കാരനാണ് ഇവിടുത്തെ നോക്കി നടത്തിപ്പുകാരൻ. വാതിൽ തുറന്ന് അകത്തേക്ക് കയറി. ഫർണിച്ചറുകളടക്കം ആവശ്യത്തിനുള്ള എല്ലാം അവിടെ ഉണ്ടായിരുന്നു. ശരിക്കും ഇതൊരു ഗൾഫ്കാരന്റെ വീട് ആണ്. അറബിനാട്ടിൽ ഒഴുക്കിയ വിയർപ്പിന്റെ ബലത്തിൽ കെട്ടിപ്പൊക്കിയ വീട്. പിന്നെ അവിടെ ബിസിനസ് ഒക്കെയായി ജീവിതം പച്ചപിടിച്ചപ്പോൾ മൂപ്പര് ഫാമിലിയോടെ ഗൾഫിൽ സെറ്റിൽഡായി. ആഗ്രഹിച്ചിരുന്ന് പണിഞ്ഞ വീട് ആയത് കൊണ്ട് നശിച്ചുപോകാതിരിക്കാനാണ് വാടകക്ക് കൊടുത്തോളാൻ തന്റെ അയൽവാസി കൂടിയായ രാമേട്ടനെ ഏൽപിച്ചത്. ഏതായാലും ഞങ്ങൾക്ക് ആ വീട് ഒത്തിരി ഇഷ്ടമായി.
ഒരുപാട് പറഞ്ഞുനോക്കി എങ്കിലും ചായ കുടിക്കാനായി തന്റെ വീട്ടിലേക്ക് വിളിച്ച രാമേട്ടന്റെ സ്നേഹത്തോടെ ഉള്ള ക്ഷണം നിരസിക്കാൻ കഴിഞ്ഞില്ല. രാമേട്ടന് പുറമെ ഭാര്യ ശാരദയും ഇളയ മകളുമാണ് വീട്ടിൽ ഉള്ളത്. മൂത്ത മകൾ തിരുവനന്തപുരത്ത് ഭർത്താവിന്റെ അടുത്താണ്. ഞങ്ങൾ ചെല്ലുമ്പോൾ ശാരദ ചേച്ചി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അമ്മയും അവരുമായി വേഗം തന്നെ കൂട്ടായി.