ഞാൻ പതുക്കെ ക്ലാസ്സ് റൂം വിട്ടു രാഹുലിനെ തപ്പി ഇറങ്ങി. പക്ഷേ അവനെ കണ്ടില്ല. അവൻ ജെന്നിയുടെ അടുത്ത് സൊല്ലിക്കോട്ടെ എന്ന് കരുതി അവനെ വിളിക്കാൻ നിന്നില്ല. നേരെ കാർ സ്റ്റാർട്ട് ചെയ്‌ത് AC യിട്ടിരുന്നു. ക്ലാസ്സ് whatsapp ഗ്രുപ്പിൽ ഓണാഘോഷത്തിൻ്റെ ഫോട്ടോസ് വന്നുകൊണ്ടിരിക്കുന്നുണ്ട്. പിന്നെ എപ്പോഴോ കാറിൽ ഇരുന്നു ഞാൻ മയങ്ങി പോയി.
രാഹുലിൻ്റെ ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത് “ഡാ നീ എവിടെയാഡാ ഇവിടെ സദ്യ തുടങ്ങി വേഗം വാ.”
ഞാൻ ചെന്നപ്പോളേക്കും സദ്യയുടെ ആദ്യ പന്തി തുടങ്ങിയിരുന്നു. രാഹുൽ ജെന്നിയുടെ ഒപ്പം ഇരിക്കുന്നുണ്ട്. എവിടെ പോയി കിടക്കുകയായിരുന്നു എന്നർത്ഥത്തിൽ അവൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചു
എല്ലാവര്ക്കും പേപ്പർ വിരിച്ചു നിര നിരയായി നിലത്താണ് ഇരിപ്പിടം. ഡയറക്ടർ മാം ടീച്ചിങ്ങ് സ്റ്റാഫ് അടക്കം എല്ലാവരും നിലത്തു തന്നെയാണ് ഇരിക്കുന്നത്. ക്യാൻറ്റിൻ നടത്തിപ്പുകാർ ഓടി നടന്നു വിളമ്പുന്നുണ്ട് മാത്യു അടക്കം ക്ലാസ്സിൽ തന്നെ ഉള്ള മൂന്നാലു പേർ വിളമ്പാൻ സഹായിക്കുന്നുണ്ട്. ഇരിക്കാൻ സ്ഥലമൊന്നും ബാക്കി ഇല്ല പുറത്തേക്കിറങ്ങി നിൽക്കാം എന്ന് വിചാരിച്ചപ്പോളേക്കും മാത്യു അവിയലിൻ്റെ പാത്രം വിളമ്പാനായി എൻ്റെ കയ്യിലോട്ട് തന്നു. സദ്യ വിളംബി പരിചയമില്ലെങ്കിലും ഞാനും വിളമ്പാൻ കൂടി. മുണ്ടുടുത്തു കുനിഞ്ഞു വിളമ്പണം. കുനിയാൻ കുഴപ്പമൊന്നുമില്ലാ പക്ഷേ മുണ്ട് അഴിഞ്ഞു പോകുമോ എന്നായിരുന്നു എൻ്റെ പേടി. കുറച്ചു നേരം വിളമ്പി തുടങ്ങിയപ്പോളേക്കും ആ പേടി അങ്ങ് പോയി.
അൽപ്പ സമയത്തിനകം അന്നയും കൂട്ടുകാരിയകളും ക്യാൻറ്റിനിലേക്ക് കയറി വന്നു. സ്ഥലമില്ല എന്ന് കണ്ടതും അവളുടെ കൂട്ടുകാരികൾ തിരിച്ചു പുറത്തേക്കിറങ്ങി. എന്നാൽ അന്ന നേരെ പോയി സാരി വലിച്ചു ചുറ്റി അരയിൽ തിരുകിയിട്ട് സദ്യ കഴിക്കുന്നവർക്ക് ജഗ്ഗിൽ നിന്ന് വെള്ളം പകർന്നു കൊടുക്കാൻ തുടങ്ങി. രാവിലെ അങ്ങനെ പറഞ്ഞതിൻ്റെ കുറ്റ ബോധത്തിൽ ഞാൻ അവളെ ഒന്ന് നോക്കിയെങ്കിലും അവൾ എൻ്റെ ഭാഗത്തേക്ക് നോക്കുന്നു പോലും ഇല്ല.
ഞാൻ വിളമ്പിക്കൊണ്ടിരുന്ന അവിയൽ പാത്രം റീഫില്ല് ചെയ്യാൻ ചെന്നപ്പോൾ അതവിടെ വാങ്ങി വെച്ചിട്ട് മെസ്സിലെ ചേട്ടൻ വലിയ പായസത്തിൻ്റെ പാത്രം വച്ചു നീട്ടി. പായസം വിളമ്പൽ കൂടുതൽ ശ്രമകരമായ തോന്നി കാരണം എല്ലാവർക്കും പേപ്പർ ഗ്ലാസിൽ ഒഴിച്ച് കൊടുക്കണം. എൻ്റെ ശ്രദ്ധ വിളമ്പലിൽ മാത്രമായി മാറി. തൊട്ടു പിന്നിൽ ആരോ ഉണ്ട് എന്ന് തോന്നിയെങ്കിലും ഞാൻ മൈഡാക്കാതെ പായസം കറക്റ്റ് ആയി ഗ്ലാസ്സിലേക്ക് പകർത്തുന്നതിൻ്റെ ശ്രദ്ധയിൽ ആയിരുന്നു.