: അതൊക്കെ കണ്ടുപിടിക്കാൻ എളുപ്പമല്ലേ… കമ്പനി രെജിസ്ട്രേഷൻ നോക്കിയാൽ അറിയില്ലേ
: അവർ ആ വഴിക്കൊക്കെ പോയിക്കാണും.. പക്ഷെ അവിടൊന്നും ഹരിയുടെ പേര് കാണില്ല. എല്ലായിടത്തും ഒരു പേരേ ഉണ്ടാവൂ… അമ്മയുടെ മൂത്ത ചേട്ടൻ.. എന്റെ സ്വന്തം അമ്മാവൻ വാസുഅമ്മാവനെന്ന് ഞാൻ വിളിക്കുന്ന ഭാസ്കരൻ മാഷ്.
: അത് പൊളിച്ചു ഹരിയേട്ടാ…. അപ്പൊ തുടക്കം മുതൽ എല്ലാം പ്ലാൻ ചെയ്തിരുന്നു അല്ലെ..
: പിന്നല്ല…
: ഹരിയേട്ടാ… ഞാൻ ഒരു സംശയം ചോദിക്കട്ടെ.. തെറ്റാണെങ്കിൽ ക്ഷമിക്കണം…
: നീ ചോദിക്കെടി പെണ്ണേ…
: അച്ഛൻ തെറ്റുചെയ്തിട്ടില്ലെന്ന് ഹരിയേട്ടന് ഉറപ്പുണ്ടോ… ഈ പറഞ്ഞ കഥയിലൊക്കെ ഹരിയേട്ടന്റെ സംശയങ്ങൾ മാത്രമല്ലേ ഉള്ളു… നമുക്ക് ഇപ്പോഴും ഉറപ്പില്ലല്ലോ വേറെ ആരാണ് ബ്ലെസ്സിയെ…
: ഈ ചോദ്യം പലയാവർത്തി ഞാൻ എന്നോട് ചോദിച്ചിട്ടുണ്ട്… അന്നൊക്കെ എനിക്ക് ഒരു ഉറപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു… എന്റെ അച്ഛന്റെ കണ്ണീർ വീണ എഴുത്ത്. അതിൽ അച്ഛൻ പറയുന്നില്ല ആരാണ് ഇത് ചെയ്തതെന്ന്… പക്ഷെ അച്ഛൻ ഒരു കാര്യം എന്നോട് പറയുന്നുണ്ട്… നിനക്ക് അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയതിന് ഉത്തരവാദികൾ ആരാണെന്ന് ഈ സമൂഹം അറിയണമെന്ന്.. അവിടെ നിന്നാണ് ഞാൻ തുടങ്ങിയത്. അന്വേഷണങ്ങൾക്കൊടുവിൽ എനിക്കൊരു തുമ്പുകിട്ടി…
: എന്താ അത്…
: ഞാൻ സൂക്ഷിച്ചുവച്ചിരുന്ന പഴയ പത്രങ്ങളിൽ ഒരു റിപ്പോർട്ടർ എഴുതിയ അധികമാരും ശ്രദ്ദിക്കാതെ പോയൊരു വാർത്ത… അച്ഛൻ ഉച്ചയ്ക്ക് കടയിലേക്ക് കയറിപ്പോകുന്നത് കണ്ട ഒരാളുണ്ടായിരുന്നു. അച്ഛൻ കടയിൽ കയറി നിമിഷങ്ങൾക്കുള്ളിൽ ബ്ലെസ്സിയുടെ നിലവിളി കേട്ടിരുന്നു എന്നായിരുന്നു അയാളുടെ മൊഴി.. പക്ഷെ പിന്നീട് ആരും അതിന്റെ പുറകെ പോയില്ല. ഈ മൊഴി പോലീസ് രേഖപെടുത്തിയതുമില്ല.. അയാൾ അച്ഛന്റെ അടുത്ത കൂട്ടുകാരനാണെന്നും പ്രതിയെ സഹായിക്കാനായി കള്ളം പറയുന്നതാണെന്നും നാട്ടുകാർ പറഞ്ഞുപരത്തി.. നാട്ടുകാരുടെ രോക്ഷം അത്രയ്ക്കുണ്ടായിരുന്നു. കാരണം ഇരയായത് പ്രായംതികയാത്ത ഒരു പെൺകുട്ടിയല്ലേ…
: എന്നിട്ട് ഹരിയേട്ടൻ അയാളെ കണ്ടുപിടിച്ചോ….
: ഉം… അവിടെ നിന്നാണ് എന്റെ സംശയങ്ങൾ ബ്ലെസ്സിയിലേക്കും അവറാച്ചനിലേക്കും എത്തിയത്…
: ആരാണ് അയാൾ……
ഹരിയുടെ മനസിലുള്ള കാര്യങ്ങളൊക്കെ സ്വപ്നയോട് വിവരിച്ചപ്പോഴേക്കും സ്വപ്നയ്ക്ക് കാര്യങ്ങളുടെ ഏകദേശ ധാരണയായി. ഇതൊക്കെ കേട്ടുകഴിഞ്ഞപ്പോൾ ഹരിയേക്കാൾ ആവേശമാണ് സ്വപ്നയ്ക്ക്. ഒരാളെപ്പോലും വെറുതെ വിടരുതെന്നാണ് സ്വപ്നയുടെ പക്ഷം.