ബ്ലെസ്സി ജോലിക്ക് വന്ന് അധികം വൈകാതെ തന്നെ എല്ലാ കാര്യങ്ങളും പഠിച്ചെടുത്തു. അവധി ദിവസങ്ങളിൽ കടയിൽ വേറെ പണിക്കാരൊന്നും ഇല്ലാത്തപ്പോഴും ബ്ലെസ്സി ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ മിടുക്കിയായിരുന്നു. അവളുടെ ജോലിയിലെ മിടുക്ക് അച്ഛന് നന്നായി ഇഷ്ടപ്പെട്ടു. അതുകൊണ്ട് ബ്ലെസ്സിയും അവളുടെ അമ്മ മേരിയും ഞങ്ങളുടെ വീടുമായി നല്ല ബന്ധം സ്ഥാപിച്ചു. പക്ഷെ ചതിയുടെ മാലപ്പടക്കത്തിന് തീകൊളുത്തിയത് അച്ഛനറിഞ്ഞില്ല…..
അന്നൊരു ഞായറാഴ്ചയാണ്. രാവിലെ കടതുറന്ന അച്ഛൻ ഊണ് കഴിക്കാറാവുമ്പോഴാണ് വീട്ടിലേക്ക് വരുന്നത്. കഴിച്ചിട്ട് പോകുമ്പോൾ ബ്ലെസ്സിക്കുള്ളത് പൊതിഞ്ഞെടുക്കുന്നതാണ് പതിവ്. ആ ദിവസവും അമ്മ സ്നേഹത്തോടെ പൊതിഞ്ഞുകൊടുത്ത ചോറുമായി അച്ഛൻ കടയിലേക്ക് പോയി. കട തുറന്നുവച്ചിട്ട് ഇവളിതെവിടെപ്പോയെന്ന് നോക്കുകയായിരുന്ന അച്ഛന് മുന്നിലേക്ക് കരഞ്ഞുകൊണ്ടാണ് ബ്ലെസ്സി ഓഫീസ് റൂമിൽ നിന്നും ഇറങ്ങിവന്നത്. അവളുടെ കുത്തഴിഞ്ഞ സാരിയും കീറിയ ബ്ലൗസും കണ്ട് അച്ഛനാകെ അമ്പരന്നു. പെണ്ണിന്റെ ചുണ്ടിൽ പൊടിയുന്ന ചോര തുടച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ച അച്ഛനെ കെട്ടിപിടിച്ച് കരഞ്ഞ ബ്ലെസ്സി എന്തോ മുൻകൂട്ടി നിശ്ചയിച്ചപോലെ അച്ഛന്റെ ഷർട്ട് വലിച്ചു കീറുകയശേഷം നിലത്തേക്ക് തള്ളിയിട്ടുകൊണ്ട് നിലവിളിച്ചു. ഓടിക്കൂടിയ ആളുകൾ നോക്കുമ്പോൾ കീറിയ ബ്ലൗസും ചോരയൊലിക്കുന്ന ചുണ്ടുമായി തന്റെ ചാരിത്ര്യം നഷ്ടപെട്ട പെണ്ണിനെപ്പോലെ ഒരു മൂലയിലിരുന്ന് കരയുകയാണ് ബ്ലെസ്സി. നിലത്ത് വീണുകിടക്കുന്ന അച്ഛൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ അവറാച്ചൻ ആളുകളെ വകഞ്ഞുമാറ്റി ആക്രോശത്തോടെ അച്ഛനുനേരെയടുത്തു. പ്രായം തികയാത്ത എന്റെ കൊച്ചിനെ നീ പിഴപ്പിച്ചല്ലോടാ കാമദ്രോഹീ എന്നും പറഞ്ഞ് അയാൾ അച്ഛനെ നാട്ടുകാരുടെ മുന്നിലിട്ട് തല്ലി.
പ്രായപൂർത്തിയാവാത്ത പെണ്ണാണ് ബ്ലെസ്സിയെന്ന് അറിയാതെ അവളെ ജോലിക്ക് നിർത്തിയ അച്ഛനെ പെണ്ണുകേസിൽ പെടുത്തി ജയിലിലിടാൻ തക്കതായ അന്തരീക്ഷം അവിടെ കൂടിയവർ ചേർന്ന് ഉണ്ടാക്കി. സത്യമറിയാതെ എന്റെ നാട്ടുകാരും അവറാച്ചന്റെ വാക്ക് വിശ്വസിച്ച് കട അടിച്ചു തകർത്തു. പോലീസ് വന്ന് അച്ഛനെയും ബ്ലെസിയെയും അവിടെനിന്നും മാറ്റുമ്പോഴേക്കും ലക്ഷങ്ങളുടെ മുതൽ അഗ്നിക്ക് ഇരയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം ബ്ലെസ്സി ലൈംഗീക പീഡനത്തിന് ഇരയായെന്നും ക്രൂരമായ ലൈംഗീക അതിക്രമത്തിൽ ബ്ലീഡിങ് ഉണ്ടായെന്നുമുള്ള ഡോക്ടറുടെ റിപ്പോർട്ടിൽ അച്ഛനെ കോടതി റിമാൻഡ് ചെയ്തു.
പത്രങ്ങളിൽ വാർത്ത നിരന്നു. മഞ്ഞപത്രക്കാർ എരിവും പുളിയും ചേർത്ത് വാർത്തകൾ കൊടുത്തു. നാട്ടുകാരുടെ മുന്നിൽ തലയുയർത്തി നടക്കാനാവാതെ വിഷമിച്ച ഞങ്ങളെ അമ്മാവൻ വന്ന് അമ്മവീട്ടിലേക്ക് കൂട്ടികൊണ്ടുപോകുമ്പോഴും സത്യമറിയാതെ ഞങ്ങൾ തേങ്ങിക്കരഞ്ഞു. അന്നൊക്കെ എന്റെ കൈപിടിച്ച് സ്കൂളിലേക്ക് വന്നിരുന്ന വൈഗയ്ക് ഇതൊന്നും അറിയാനുള്ള പ്രായംപോലും ആയിരുന്നില്ല. എന്റെ കുഞ്ഞനിയത്തിയെപ്പോലും സ്കൂളിലുള്ളവർ മറ്റൊരു കണ്ണിലൂടെ കണ്ടുതുടങ്ങിയ കാലം. സഹപാഠികളുടെ നിരന്തര കളിയാക്കലുകൾ ഭയന്ന് അവൾ സ്കൂളിലേക്ക് വരാൻ പോലും മടികാണിച്ചു. ജയിലിൽ അച്ഛനെ കാണാൻ പോയിരുന്ന അമ്മാവനും അമ്മയും നല്ലൊരു വക്കീലിനെ ഏർപ്പാടാക്കി അച്ഛന്റെ ജാമ്യത്തിനുള്ള നടപടികൾ ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് വൈകിയതിനാൽ അച്ഛന് ജാമ്യമനുവദിച്ചുകൊണ്ട് കോടതിയുത്തരവായി. ജയിലിൽനിന്നിറങ്ങിയ അച്ഛൻ അമ്മയെയും കൂട്ടി ആദ്യം പോയത് ടൗണിൽ കത്തിച്ചാമ്പലായി നിൽക്കുന്ന ഞങ്ങളുടെ കടയിലേക്കാണ്. നാട്ടുകാർക്ക് മുന്നിൽ തന്റെ നിരപരാധിത്വം പറയാൻ പോയ അച്ഛനെ കൂവിവിളിച്ച നാട്ടുകാർ കല്ലെറിഞ്ഞുകൊണ്ടാണ് വരവേറ്റത്. അമ്മയെക്കുറിച്ച് അസഭ്യം പറയുന്നവരുടെ വായ മൂടിക്കെട്ടാൻ നിൽക്കാതെ അമ്മാവൻ അച്ഛനെയും അമ്മയെയും കൂട്ടി വീട്ടിലേക്ക് പോയി. മക്കൾ കുറച്ചു ദിവസം അവിടെ നില്കട്ടെയെന്ന് പറഞ്ഞ് അമ്മാവനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയച്ച അച്ഛൻ ചിലപ്പോൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ടാവും. കണ്ണീർ തുള്ളികൾ വീണ പാടുകൾ നിറഞ്ഞ കത്തെഴുതുമ്പോൾ ഞങ്ങളെക്കുറിച്ചോർത്ത് ചങ്ക് പിടഞ്ഞിട്ടുണ്ടാവും…. പിറ്റേന്ന് കാലത്ത് ആരെയും പുറത്ത് കാണാഞ്ഞിട്ട് അടുത്ത വീട്ടിലുള്ള ചേച്ചി അമ്മാവനെ വിളിക്കുന്നതുവരെ ഞങ്ങൾക്ക് അറിയില്ലായിരുന്നു അച്ഛനും അമ്മയും ഈ നശിച്ച ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവുമെന്ന്. വാതിൽ ചാരിവച്ച് നടുമുറിയിൽ ഒരുമുഴം കയറിൽ തൂങ്ങിയാടുന്ന രണ്ടുപേരെ കണ്ട വാർത്തയുടെ മുഴക്കം ഇപ്പോഴും ഈ കാതുകളിൽ നിന്നും മാഞ്ഞിട്ടില്ല.