കാലത്ത് അമ്മ തട്ടിവിളിച്ചപ്പോഴാണ് അവളെഴുന്നേറ്റത്. ഉടനെ കുളിച്ചൊരുങ്ങി ഹരിയുടെ കോളിനായി കാത്തിരുന്നു. പറഞ്ഞ സമയത്തുതന്നെ ഹരി വന്നു. മറ്റൊരു വണ്ടിയിൽ വൈഗയും വന്നിട്ടുണ്ട്. വൈഗയെ ആദ്യമായി കാണുന്ന സ്വപ്നയ്ക്ക് അവളെ പരിചയപ്പെടുത്താൻ ഹരി മറന്നില്ല.. സ്വപ്നയുടെ അമ്മയെ വൈഗയുടെ കൈകളിലേൽപ്പിച്ച് ഹരിയും സ്വപ്നയും യാത്രയായി..
: സാറേ…. ഇനിയെങ്കിലും പറഞ്ഞൂടെ എവിടേക്കാ പോകുന്നതെന്ന്…
: ഞാൻ ജനിച്ചുവളർന്ന മണ്ണിലേക്ക്… തെയ്യങ്ങളുടെയും തറികളുടെയും നാടായ കണ്ണൂരേക്ക്…ലോകത്തിൽ എവിടെ പോയാലും തിരിച്ചെത്തണമെന്ന് ഞാനാഗ്രഹിക്കുന്ന എന്റെ സ്വന്തം നാട്ടിലേക്ക്.
: അപ്പൊ സാർ ബോംബുണ്ടാക്കുന്ന നാട്ടിലാണല്ലേ ജനിച്ചത്… വടിവാളും ബോംബുമൊക്കെ ഉണ്ടോ വണ്ടിയിൽ
: ഇതാണ് ഈ പുറംനാട്ടുകാരുടെ കുഴപ്പം… എന്റെ പെണ്ണേ, അവിടെ ജനിച്ചു വളർന്നിട്ട് ഞാൻ ഇതുവരെ ഒരു ബോംബോ വടിവാളോ നേരിട്ട് കണ്ടിട്ടില്ല..
: അത് കള്ളം.. എന്നിട്ടല്ലേ നിങ്ങളുടെ നാട്ടിൽ ആളുകളെ വെട്ടിയും ബോംബെറിഞ്ഞും കൊല്ലുന്നത്
: അങ്ങനെ നോക്കിയാൽ അക്രമം ഇല്ലാത്ത സ്ഥലമുണ്ടോ… ചിലയിടത്ത് ബോംബാണെങ്കിൽ ചിലയിടത്ത് തോക്ക് ഉപയോഗിക്കും, ചിലയിടത്ത് രാഷ്ട്രീയ പകപോക്കലുകൾ നടക്കുമ്പോൾ മറ്റുചിലയിടത്ത് ഗുണ്ടാ വിളയാട്ടം നടക്കുന്നു..രീതികൾ പലതാണെന്നേ ഉള്ളു. അക്രമം എല്ലായിടത്തുമുണ്ട്. എന്നുകരുതി ഈ അക്രമങ്ങളുടെ പേരിൽ ഒരുനാടിനെയാകെ അപമാനിക്കുന്നത് ശരിയല്ലല്ലോ… കണ്ണൂർ പോയിട്ടുള്ളവരും അവിടെ താമസിച്ചിട്ടുള്ളവരും ഒരിക്കലും ആ നാടിനെ കുറ്റം പറയില്ല. അതൊക്കെ എന്റെ സ്വപ്നസുന്ദരിക്ക് കുറച്ച് കഴിയുമ്പോ മനസിലാവും കേട്ടോ…
: നോക്കാം… സത്യം പറഞ്ഞാൽ കണ്ണൂർ എന്ന് കേൾക്കുമ്പോൾ തന്നെ എനിക്ക് പേടിയായിരുന്നു … എങ്ങനാ ഒരു മനുഷ്യന് മറ്റൊരാളെ പച്ചയ്ക്ക് വെട്ടികൊല്ലാനൊക്കെ തോന്നുന്നത്…
: എടി പെണ്ണേ…. നീ രാവിലെതന്നെ കൊലയുടെ കണക്കെടുക്കാൻ വന്നതാണോ… നിന്റെ എല്ലാ സംശയവും ഈ രണ്ടുദിവസംകൊണ്ട് ഞാൻ മാറ്റിത്തരാം കേട്ടോ…
: ഉം.. അത് മതി. സാറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്…
: അതൊക്കെ നീ അവിടെ പോയിട്ട് കണ്ടാൽ മതി…നമ്മൾ എന്തായാലും വീട്ടിൽ എത്താൻ ഉച്ചകഴിയും..അതുവരെ നിനക്ക് ഞാനൊരു കഥ പറഞ്ഞുതരാം… അതൊക്കെ കേട്ട് കഴിഞ്ഞിട്ട് മോള് പറ സാറെന്ന് വിളിക്കുമോ അതോ ഹരിയേട്ടാന്ന് വിളിക്കുമോ എന്ന്…